45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF 2026), ലെബനീസ് കണ്ടന്റ് ക്രിയേറ്ററും ഡിജിറ്റൽ സംരംഭകനുമായ റോബർട്ട് അക്രോച്ച് നയിച്ച പൊതുവിജ്ഞാന മത്സരത്തിൽ, കുട്ടികളെയും മുതിർന്നവരെയും പിന്തള്ളി പതിനൊന്നുകാരനായ സിറിയൻ മത്സരാർത്ഥി ആദം അൽ മിഖ്ദാദ് വിജയിയായി.
പുസ്തകമേളയിലെ ‘സോഷ്യൽ മീഡിയ സ്റ്റേഷനിൽ’ നടന്ന ‘കാൻ യു ബീറ്റ് ദ ചലഞ്ച്? | എ ലൈവ് ക്വിസ് വിത്ത് റോബ് ക്വിസ്’ (Can You Beat the Challenge? | A Live Quiz with Rob Quiz) എന്ന സംവാദാത്മക പരിപാടിയിൽ, അക്രോച്ചിന്റെ ജനപ്രിയ ‘റോബ് ക്വിസ്’ (RobQuiz) മാതൃകയിലുള്ള ചോദ്യോത്തരങ്ങൾ അവതരിപ്പിച്ചു. ഭൂമിശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മത്സരാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.
തന്റെ അമ്മയ്ക്കൊപ്പവും സഹോദരനൊപ്പവും പുസ്തകമേളയിലെത്തിയ ആദം, വിവിധ പ്രായത്തിലുള്ള മത്സരാർത്ഥികൾക്കെതിരെ തന്റെ അറിവ് തെളിയിച്ചുകൊണ്ട്, പല ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ വിജയിയായി മാറി. പഠനത്തെ രസകരമാക്കുന്നതിനൊപ്പം, സന്ദർശകരിൽ ജിജ്ഞാസ വളർത്താനും പുതിയ വിഷയങ്ങൾ കണ്ടെത്താൻ അവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ മത്സരം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അക്രോച്ച് പറഞ്ഞു.
“ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെത്തുന്നവർക്ക് രസകരവും സംവാദാത്മകവുമായ രീതിയിൽ അറിവ് നേടാൻ കഴിയണം. അവർ കൂടുതൽ കാര്യങ്ങൾ അറിയാൻ താൽപ്പര്യം കാണിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും വേണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാനും അതാണ് ചെയ്യുന്നത്, മറ്റുള്ളവരും അത് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
‘ഡബിൾ ഓർ ലൂസ്’ (Double or Lose), ‘ഡോണ്ട് ആൻസർ ലൈക്ക് മീ’ (Don’t Answer Like Me) തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പരിപാടികളിലൂടെ അറബ് ലോകത്തുടനീളം നിരവധി ആരാധകരെ നേടാൻ ഈ ലെബനീസ് കണ്ടന്റ് ക്രിയേറ്ററിന് സാധിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ‘റോബ് ക്വിസ്’ (RobQuiz) പ്ലാറ്റ്ഫോമിൽ അറബി ഭാഷയിലുള്ള വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്വിസുകൾ ലഭ്യമാണ്. ‘ഹു വാണ്ട്സ് ടു ബി എ മില്യണയർ’ (Who Wants to Be a Millionaire) എന്ന പരിപാടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ക്വിസ് മാതൃകയും ഇതിലുണ്ട്. ഉപയോക്താക്കൾക്ക് പുതിയ കാര്യങ്ങൾ പഠിക്കുന്നതിനൊപ്പം തങ്ങളുടെ അറിവ് പരിശോധിക്കാനും ഇതിലൂടെ അവസരമൊരുങ്ങുന്നു.










