ദുബൈ : ഹാർട്ട് അറ്റാക്ക്, സ്ട്രോക് എന്നിവ പ്രവാസികളിൽ അധികരിച്ചതായി ആസ്റ്റർ ഡി. എം ഹെൽത്ത് കെയർ സ്ഥാപനങ്ങളുടെ ഫൗണ്ടർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു.
പ്രവാസ ജീവിതത്തിന്റെ ഭാഗമായ മാനസിക സംഘർഷങ്ങളും,അമിത ഭക്ഷണവും, വ്യായാമകുറവും സ്ട്രോക്, ഹാർട് അറ്റാക്ക് എന്നിവക്ക് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. പ്രായ-ലിംഗ ഭേദമന്യേ രോഗം അധികരിച്ചതിന്റെ കാരണങ്ങൾ കണ്ടെത്താൻ വിദഗ്ദ മെഡിക്കൽ പഠനങ്ങൾ ഇനിയും നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.. ദുബൈ അസ്റ്റർ ഡി എം കോർപ്പറേറ്റ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ പേജ് ഇന്ത്യ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച അമ്മാർ കിഴുപറമ്പിന്റെ സ്ട്രോക് അതിജീവന പാഠങ്ങൾ എന്ന പുസ്തകം പ്രവാസ ലോകത്തെ ജീവ കാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശേരിക്ക് നൽകി ഡോക്ടർ ആസാദ് മൂപ്പൻ പ്രകാശനം ചെയ്തു. ഹാരിസ് കോസ്മോസ്, സലീം നൂർ അജ്‌മാൻ, ആസ്റ്റർ ഡി എം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ജെ വിത്സൻ,ആസ്റ്റർ ഡി എം കോ ഓപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഹെഡ് പി. എ.ജലീൽ,ആസ്റ്റർ വോളണ്ടിയർ നിഹാദ് നാസിർ, ഗ്രന്ഥ കർത്താവ് അമ്മാർ കിഴുപറമ്പ് എന്നിവർ സംബന്ധിച്ചു.