ദുബൈ: യുഎഇ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടയ്ക്ക് വെള്ളിയാഴ്ച മുതൽ പത്തുലക്ഷം ദിർഹം വരെ പിഴ ചുമത്തും. നവംബർ ഒന്നുമുതൽ രാജ്യവ്യാപക പരിശോധന തുടങ്ങുമെന്നും താമസ കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.വിസാ കാലാവധി കഴിഞ്ഞ അനധികൃത താമസകാർക്ക് രാജ്യം വിടാൻ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് സെപ്റ്റംബർ ഒന്നിനാണ് നിലവിൽ വന്നത്. പിഴയില്ലാതെ പുതിയ വിസയിലേക്ക് മാറാനും മടങ്ങാനുമെല്ലാം ഇക്കാലയളവിൽ അവസരം ഉണ്ടായിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് തിരിച്ചു വരുന്നതിനും വിലക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
രണ്ട് മാസത്തെ പൊതുമാപ്പ് ഒക്ടോബർ 31-ന് അവസാനിക്കാനിരിക്കെയാണ് യുഎഇ ഫെഡറൽ അതോരിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് ആന്റ് പോർട് സെക്യൂരിറ്റി കൃത്യമായി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ദുബായ് ജിഡിആർഎഫ്എയുമായി ചേർന്നാണ് പുതിയ പ്രഖ്യാപനം.