Shopping cart

TnewsTnews
  • Home
  • ഗൾഫ്
  • ഒമാന്‍
  • വ്യാജ റിക്രൂട്ട്മെന്‍റ് പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം, മുന്നറിയിപ്പുമായി നോർക്ക
ഒമാന്‍

വ്യാജ റിക്രൂട്ട്മെന്‍റ് പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം, മുന്നറിയിപ്പുമായി നോർക്ക

Email :33

തിരുവനന്തപുരം: വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങള്‍, മണിച്ചെയിന്‍, സ്റ്റുഡന്റ് വിസാ ഓഫറുകള്‍, വിസിറ്റ് വിസ (സന്ദര്‍ശന വിസ) വഴിയുളള റിക്രൂട്ട്‌മെന്‍റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക. ഇത്തരത്തില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. 

പരസ്യങ്ങളിലുളള റിക്രൂട്ട്‌മെന്‍റ് ഏജന്‍സി, തൊഴില്‍ നല്‍കുന്ന സ്ഥാപനം എന്നിവയുടെ നിജസ്ഥിതി പ്രാഥമികമായി ഉറപ്പാക്കേണ്ടതാണ്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇ മൈഗ്രേറ്റ് പോര്‍ട്ടല്‍ (https://emigrate.gov.in) മുഖേന റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് അംഗീകാരമുള്ളതാണോയെന്ന് പരിശോധിക്കാന്‍ കഴിയും. ഇതോടൊപ്പം എല്ലാ പരസ്യങ്ങളിലും ഏജന്‍സികളുടെ റിക്രൂട്ട്മെന്‍റ് ലൈസന്‍സ് നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ക്ക് മറ്റ് ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതിനും പ്രത്യേകം ലൈസന്‍സ് ആവശ്യമാണ്. ഇക്കാര്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. 

പ്രത്യേക റിക്രൂട്ട്മെന്‍റ് ഡ്രൈവുകള്‍ക്ക് അംഗീകൃത ഏജന്‍സികള്‍ക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇക്കാര്യം ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെ ഉറപ്പാക്കാനാകും. വിദേശത്തെ തൊഴില്‍സ്ഥാപനത്തിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും ആധികാരികത അതത് രാജ്യത്തിലെ ഇന്ത്യന്‍ എംബസിയുമായോ ഇന്ത്യയിലെ അതത് രാജ്യങ്ങളുടെ എംബസികളുമായോ ഇ-മെയില്‍, ഫോണ്‍ മുഖേന ബന്ധപ്പെട്ട് ഉറപ്പാക്കേണ്ടതാണ്. 

കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റിക്രൂട്ട്‌മെന്‍റ് ഏജന്‍സികളുടെ വിവരവും വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശങ്ങളും മറ്റ് യാത്രാ മുന്നറിയിപ്പുകളും ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ ലഭ്യമാണ്. തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (POE) ഓഫീസുകളില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പട്ട് പരസ്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനും അവസരമുണ്ട്. വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം മാത്രമേ പണമിടപാടുകള്‍ (നിയമാനുസൃതമായ ഫീസ് മാത്രം)  നടത്താവു. തട്ടിപ്പിന് ഇരയാകുന്നവര്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിലും, നോര്‍ക്കയിലെ ഓപ്പറേഷന്‍ ശുഭയാത്രയിലും പരാതി നല്‍കുന്നതിനൊപ്പം അടുത്തുളള പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കണം. 

ഇതോടൊപ്പം കോമണ്‍ സര്‍വ്വീസ് സെന്‍ററുകള്‍ (https://digitalseva.csc.gov.in/) മുഖേനയോ നേരിട്ടോ വിദേശകാര്യ മന്ത്രാലയത്തിന്റെ മദത്ത് (https://www.madad.gov.in/) പോര്‍ട്ടലിലോ അല്ലെങ്കില്‍  ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലോ അറിയിക്കാന്‍ ശ്രമിക്കണം. ഇത് ദേശീയതലത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയന്ത്രിക്കാന്‍ സഹായിക്കും. പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും  വിദേശകാര്യ മന്ത്രാലത്തിന്റെ പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിന്റെ (PBSK) ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പര്‍ 1800 11 3090, അന്താരാഷ്ട്ര ഹെല്‍പ്പ്ലൈന്‍ നമ്പർ (കോൾ നിരക്കുകൾ ബാധകം): +91 11 26885021,+91 11 40503090 ഇവയിലോ മലയാളത്തില്‍ 0484-2314900, 2314901 (10AM-05PM) നമ്പറുകളിലോ ഇ-മെയിലിലോ (helpline@mea.gov.in) ബന്ധപ്പെടാവുന്നതാണ്. 

Leave a Reply

Your email address will not be published. Required fields are marked *

Related Post