Shopping cart

TnewsTnews
  • Home
  • TOP STORIES
  • ദുബൈ എയര്‍  ടാക്‌സി സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു
TOP STORIES

ദുബൈ എയര്‍  ടാക്‌സി സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു

Email :13

ദുബൈ : പറക്കും ടാക്‌സിയില്‍ കയറി പറക്കാനൊരുങ്ങി ദുബൈ. ദുബൈയിലെ ആദ്യ ഫഌയിങ് ടാക്‌സി സ്റ്റേഷന്റെ പണി ആരംഭിച്ചതായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അറിയിച്ചു. പ്രതിവര്‍ഷം 170,000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് വെര്‍ട്ടിപോര്‍ട്ട് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഡൗണ്‍ടൗണ്‍,ദുബൈ മറീന,പാം ജുമൈറ എന്നിവിടങ്ങളില്‍ സ്റ്റേഷനുകളുണ്ടാകും.
ഏരിയല്‍ ടാക്‌സി വെര്‍ട്ടിപോര്‍ട്ടിന്റെ നിര്‍മാണം ആരംഭിച്ച വിവരം ശൈഖ് ഹംദാന്‍ എക്‌സിലൂടെയാണ് പങ്കുവെച്ചത്. പറക്കും ടാക്‌സിയുടെ സേവനങ്ങള്‍ 2026ല്‍ ആരംഭിക്കും. പാര്‍ക്കിങ് സൗകര്യം,രണ്ട് എയര്‍ ടാക്‌സി ടേക്ക് ഓഫ്,ലാന്‍ഡിങ് ഏരിയകള്‍,എയര്‍ ടാക്‌സി പാര്‍ക്കിങ്,ചാര്‍ജിങ് പോയിന്റുകള്‍ എന്നിവയുള്ള 3,100 ചതുരശ്ര മീറ്റര്‍ കെട്ടിടമാണ് എയര്‍ ടാക്‌സി സ്റ്റേഷന്‍. യാത്രക്കാരെ സ്വീകരിക്കാന്‍ എയര്‍കണ്ടീഷന്‍ ചെയ്ത അറൈവല്‍ ഹാളും ഇതിലുണ്ടാകും. പ്രതിവര്‍ഷം 170,000 യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന ടെര്‍മിനലിന്റെ പരമാവധി ശേഷി പ്രതിവര്‍ഷം 42,000 എയര്‍ ടാക്‌സി ലാന്‍ഡിങ്ങുകളാണ്. ജോബി ഏവിയേഷനും ആര്‍ടിഎയുമായി എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിനുള്ള കരാറില്‍ ഫെബ്രുവരിയില്‍ ഒപ്പുവച്ചിരുന്നു. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ജോബി എസ് 4 എയര്‍ ടാക്‌സി ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡിംഗ് ചെയ്യാനും കഴിവുള്ളതായിരിക്കും.
പരിസ്ഥിതിക്ക് ഗുണകരമാവുന്ന രീതിയില്‍ ശബ്ദവും മറ്റു മലിനീകരണവും ഉണ്ടാവില്ല. അഞ്ച് സീറ്റുള്ള ഡിസൈനില്‍ ആറ് ഫാനുകളും നാല് ബാറ്ററി പാക്കുകളും 320 കിലോമീറ്റര്‍ വേഗതയില്‍ 161 കിലോമീറ്റര്‍ ദൂരം പറക്കാനുള്ള കഴിവുമുണ്ട്. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 12 മിനിറ്റ് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദൂരം കാറില്‍ ഏകദേശം 45 മിനിറ്റാണ്. ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ ഹെലികോപ്റ്ററുകളേക്കാള്‍ നിശ്ശബ്ദമായിരിക്കും. പറക്കും ടാക്‌സികള്‍ ലോകത്ത് പലയിടത്തും പ്രിയമായി വരികയാണ്. 2026ഓടെ പ്രധാന ടൂറിസ്റ്റ് സൈറ്റുകളിലും വികസനങ്ങളിലും പറക്കും ടാക്‌സികള്‍ അവതരിപ്പിക്കാനും സഊദി അറേബ്യ പദ്ധതിയിടുന്നു. നിയോം, അല്‍ഉല എന്നിവയുള്‍പ്പെടെയുള്ള പ്രധാന പദ്ധതികളില്‍ ഈ വിമാനം ഉപയോഗിക്കുമെന്ന് ജനുവരിയില്‍ സഊദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരുന്നു.

Share this Article

Leave a Reply

Your email address will not be published. Required fields are marked *

Related Post