…..റഫീഖ് തിരുവള്ളൂർ……..
നാലുപേർ നാലുമൂലയിൽ നിന്നുകൊണ്ട് വലിയ ചാക്കുകളുടെ തുന്നഴിച്ച് നിവർത്തിപ്പിടിച്ചു. അപ്പോൾ ഉണ്ടായ ഒരു മറപ്പുരയിൽ കിടത്തി ദാമോദരനെ കൂട്ടുകാരായ സൈദയും സാദിഖും ഖാലിദും കൂടെയൊരു ഖലാസിയും ചേർന്ന് കുളിപ്പിക്കുന്ന രംഗമുണ്ട് അമ്മാർ കിഴുപറമ്പിന്റെ ഇഖാമ(പേജ് ഇന്ത്യ പബ്ലിഷേഴ്സ് ) എന്ന നോവലിൽ. ദാമുവിൻ്റെ പാന്റും ഷർട്ടും അവർ അഴിച്ചുമാറ്റുന്നു. കടൽവെള്ളം കൊണ്ട് ശരീരം നന്നായി തുടക്കുന്നു. ശേഷം നല്ലൊരു വസ്ത്രം ധരിപ്പിക്കുന്നു. ദാമുവിന്റെ ബാഗിൽ ഭാര്യ എടുത്തുവച്ച അവരുടെ വിവാഹ വസ്ത്രമായിരുന്നു അത്. മണവാളനായി കല്യാണപ്പന്തലിൽ ഒരുങ്ങിനിന്ന ദാമുവിനെ കണ്ടിട്ടുള്ള കൂട്ടുകാരത് തിരിച്ചറിയുന്നു. അന്നത്തെ അതേ ഉടയാടയിൽ അപ്പോൾ ദാമുവിനെ കണ്ടപ്പോൾ സൈദക്കും ഖാലിദിനും സർവ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. ശേഷം ഖലാസികൾ അവരുടെ സൂക്ഷിപ്പിലുള്ള മല്ലിൻ്റെ തുണിയിലേക്ക് ദാമുവിന്റെ ശരീരം എടുത്തുവെച്ച് പൊതിഞ്ഞു. തലയുടെയും കാലിന്റെയും ഭാഗത്തെ തുണി ചുരുട്ടി കെട്ടിട്ടു. തുണിയിൽ നിന്നും ചീന്തി ചുരുട്ടിയ ചീളു കൊണ്ട് നടുവിലും രണ്ടറ്റത്തും കെട്ടിട്ടതോടെ ചാക്കിൻ്റെ മറ അതു പിടിച്ചവർ ഒഴിവാക്കി. കൂടി നിന്നവർ നിറകണ്ണുകളോടെ പ്രാർത്ഥിച്ചു. ശേഷം ഒരു പലകയിൽ കിടത്തി മുകൾത്തട്ടിൽ കൊണ്ടുവെച്ച മൃതദേഹത്തിൽ, കാലിന്റെയും തലയുടെയും ഭാഗത്ത് ഖലാസികളിലൊരാൾ ഭാരമേറിയ രണ്ടു മണൽ ചാക്കുകൾ കെട്ടിവെച്ചു. രണ്ടു കയറുകളിൽ രണ്ടു വശവും കുരുക്കി രണ്ടു ഖലാസികൾ ദാമുവിനെ കടലിലേക്കിറക്കി. വെള്ളത്തിൽ ശരീരം തൊട്ടപ്പോൾ ഖലാസികൾ കയറിൻ്റെ പിടുത്തം കൈയ്യൊഴിഞ്ഞു. ലോഞ്ചിൻ്റെ പിന്നാലെ വെള്ളച്ചാലുകളിലൂടെ ആ ദേഹം ഒഴുകി. എത്ര നേരം.. എത്ര ദൂരം ലോഞ്ചിനൊപ്പം ആ ശരീരം ഒഴുകി വന്നെന്നറിയില്ല. എവിടെയോ വെച്ച് ആ കാഴ്‌ച അവർക്കു നഷ്‌ടമായി.
കടലിനും ആകാശത്തിനും ഇടയില്പെട്ട മനുഷ്യരുടെ, ജീവിതത്തിനും മരണത്തിനും ഇടയിലൂടെ നൂണ്ട കേരളീയരുടെ, മലബാറിൽ നിന്നുള്ള ആദ്യകാല ഗൾഫ് യാത്രികരുടെ ജീവിതത്തിലെ ലോഞ്ചുയാത്രയെയാണ് അമ്മാർ കിഴുപറമ്പ് ഇഖാമയിൽ എഴുതുന്നത്. കേട്ടുകേൾവിയിലും വളരെ ചുരുക്കം കൃതികളിലും മാത്രം പരാമർശമുള്ള, ചരിത്രത്തിലോ സർക്കാർ രേഖകളിലോ ഇടമില്ലാത്ത മലയാളി ജീവിതത്തിലെ ഒരേടാണത്. ലോഞ്ചുകളിലെ ചരക്കുകെട്ടുകൾക്കൊപ്പം ഒരു ജീവൻമരണ യജ്ഞം പോലെ കടലുകടക്കാൻ ഇറങ്ങിപ്പുറപ്പെട്ട മനുഷ്യരുടെ ദുര്യോഗങ്ങളുടെയും ജയപരാജയങ്ങളുടെയും ചരിത്രം. കോട്ടക്കൽ, മഞ്ചേരി, പൊന്നാനി ദേശങ്ങളിൽ നിന്നുള്ള, നിലമ്പൂർ കൂപ്പിൽ ഒരുമിച്ചു പണിയെടുത്ത മൂന്നാലുപേരാണ് നോവലിലെ കഥപറച്ചിലുകാർ. അഷ്രഫും സൈദയും ദാമോദരനും ഖാലിദും. ബോംബെയിൽ വെച്ച് അവരുടെ കൂടെ ലോഞ്ചിൽ കയറിപ്പറ്റുന്ന നൂറോളമാളുകൾ. അവരുടെ കടലിലൂടെയുള്ള ദാരുണതകൾ ഏറെയുള്ള യാത്രയും അതിനിടയിലെ ഏതാനും പേരുടെ ഓർമ്മകളുടെടെയും ജീവിത പശ്ചാത്തലങ്ങളുടെയും കേരളചരിത്രത്തിന്റെയും വെളിപ്പെടലുമാണ് അമ്മാറിന്റെ നോവൽ പദ്ധതി. ചരിത്രം അവഗണിച്ച മനുഷ്യരെ സാഹിത്യത്തിൽ പ്രതിപാദിക്കുക എന്ന എഴുത്തുകാരന്റെ കടമ നിറവേറുകയാണ് അമ്മാർ. വ്യസനത്തിന്റെ ഒരു ചാൽ ഈ നോവലിലെ വരികൾക്കിടയിലൂടെ ഒഴുകുന്നത് അനുഭവിച്ചു കൊണ്ടല്ലാതെ ഇതു വായിച്ചു തീർക്കാനാവില്ല.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ആമുഖക്കുറിപ്പോടെയാണ് ‘ഇഖാമ’ ആരംഭിക്കുന്നത്. വാക്കില്ലാത്തവരുടെ ശബ്ദം എന്നാണതിന്റെ ശീർഷകം. മലയാളി പ്രവാസത്തെ പറ്റിയുള്ള സൂക്ഷ്മവും സമഗ്രവുമായ ചരിത്രത്തിന്റെ അഭാവത്തെയാണാ ‘വാക്കില്ലായ്മ’ സൂചിപ്പിക്കുന്നത്. അറുപതുകളിൽ മലപ്പുറം ജില്ലയിലെ കൊടിഞ്ഞി എന്ന ഗ്രാമത്തിൽനിന്നു ലോഞ്ചിൽ പോയ അറുപതിലേറെ ആളുകളെ കുറിച്ച് ശിഹാബ്ക്ക ഈ കുറിപ്പിലും സംസാരിക്കുന്നുണ്ട്. നേരത്തെയും ശിഹാബ്ക്ക അവരെപ്പറ്റി എഴുതിയിട്ടുണ്ട്. ഒരുപക്ഷേ, അവരുടെ ഓർമ്മ പുതുക്കി സംസാരിക്കുന്ന ഒരേയൊരു എഴുത്തുകാരൻ ശിഹാബ്ക്കയാവും.
അവർക്കെന്തു സംഭവിച്ചു, ഏതു കടലിൽ അവരെങ്ങനെ ഇല്ലാതായി എന്നതിനെച്ചൊല്ലി ഇന്നും നമുക്കൊരു ധാരണയുമില്ല. അവരെക്കുറിച്ച് ആരും പറയാറില്ല, അധികമാളുകൾക്കും അവരെ അറിയുകയുമില്ല. ഒരിക്കലും മടങ്ങിവരാത്ത എത്രയോ പേരങ്ങനെ കടലിലാണ്ടുപോയി. ഇങ്ങനെ ജീവിതത്തിന്റെയും കടലിന്റെയും ഇടുക്കുകളിൽ കാണാതായവർക്കുള്ള കരയിൽ നിന്നുള്ള പ്രാർത്ഥനയായി അമ്മാർ കിഴുപറമ്പിന്റെ നോവൽ നിലകൊള്ളുന്നു. പ്രവാസജീവിതം എന്ന പുറംചട്ടക്കുള്ളിലെ ഇടവും യോഗവും ശബ്ദവും കിട്ടാതെ പോയ കാര്യങ്ങളെയും ആളുകളെയും തേടുന്ന വി. മുസഫർ അഹമ്മദിന്റെ കൃതികൾ തന്ന ആശ്വാസങ്ങൾക്കൊപ്പം അമ്മാറിന്റെ ഇഖാമയും ഒരു വായനക്കാരനും ഗൾഫുകാരനും എന്ന നിലയിൽ ഞാൻ എടുത്തുവെക്കുന്നു.
യാത്രാദുരിതം എന്നത് നാട്ടിലും പുറവാസത്തിലും നമുക്കു പരിചിതമാണ്. ഗൾഫ് വാർത്തകളിലെ കൊല്ലം കൊല്ലമുള്ള നേർച്ചവാക്കാണത്. ജീവിതം തേടി കടലാഴം താണ്ടിയ ലോഞ്ചുയാത്രികരായ പ്രവാസികളുടെ മുൻഗാമികൾ സഹിച്ചൊടുങ്ങിയ ദുരിതം പക്ഷേ, എല്ലാ യാതനകൾക്കും അപ്പുറത്താണ്. ചാവക്കാട്, പൊന്നാനി, തിരൂർ, ബേപ്പൂർ, ചെമ്മാട് തുടങ്ങി പലപ്രദേശങ്ങൾ ഇഖാമയിൽ മുഖംകാണിക്കുന്നുണ്ട്. വടക്കേ മലബാർ നോവലിൽ വരുന്നേയില്ല. നൂറ്റിഅമ്പതു പേജുകളിലെ ഈ നോവൽ പല ഇരട്ടി പേജുകളിലേക്ക് വലുതാകാതിരിക്കാൻ വരുത്തിയ ഉപേക്ഷയാകണമത്. നേരത്തെ മനു റഹ്മാനും ഹമീദ് തിരൂരങ്ങാടിയും ചന്ദ്രിക, സിറാജ് ദിനപത്രങ്ങളിൽ തുടർച്ചയായി എഴുതിയ ഫീച്ചറുകളിലാണ് വയോധികരായ കുറേയേറെ ഗൾഫുകാർ അവരുടെ ലോഞ്ചനുഭവം പറഞ്ഞിട്ടുള്ളത്. അതത്രയും ചേർന്നാൽ പോലും കടലിൽ നിന്നുകോരിയ ജലം പോലെ ഉള്ളതിൽ നിന്നൊരു തുള്ളി മാത്രമാണത്.
ബോംബെയിൽ നിന്നും പുറപ്പെട്ടതു മുതൽ ഫുജൈറയിൽ വന്നു കരേറുന്നതുവരെയുള്ള കടലിലെ ദിനരാത്രങ്ങളാണ് അമ്മാറിന്റെ നോവലിലെ കാലയളവ്. കാലമാകട്ടെ 1967ഉം. അക്കൊല്ലം മാർച്ച് മാസം ആറാം തിയ്യതി രണ്ടാം ഇ.എം.എസ് മന്ത്രിസഭയിൽ സഖാവ് ഇ.കെ. ഇമ്പിച്ചി ബാവ കേരളത്തിന്റെ ഗതാഗതമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നത് നോവലിലുണ്ട്. ബോംബെയ്ക്ക് തീവണ്ടി കയറുന്ന ദിവസത്തെ റയിൽവേ സ്റ്റേഷനിലെ തിരക്ക് ഖാലിദ് ഓർക്കുന്നത് സത്യപ്രതിജ്ഞ കാണാൻ തിരുവനന്തപുരത്തേക്ക് പോകുന്ന ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റിയ കാര്യം പറഞ്ഞാണ്. രാഷ്ട്രീയ ചരിത്രത്തിന്റെ അധികത്തിരക്കുകളെയും ആൾക്കൂട്ടധൃതികളെയും വകഞ്ഞുള്ള സാധാരണ മനുഷ്യരുടെ ഒരു കടന്നുപോക്ക് അമ്മാർ സമർത്ഥമായി ഒളിപ്പിച്ചിട്ടുണ്ട് ഇതിൽ. ഇങ്ങനെ കേരള സമൂഹത്തിന്റെ ചരിത്രം പോലെ നോവലിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊന്ന് ഇച്ച മസ്താന്റെ പാട്ടുകളാണ്. സമുദ്ര സമാനമായ അനിശ്ചിതത്വത്തിനു മീതെ പ്രത്യക്ഷപ്പെടുന്ന വാനലോകത്തു നിന്നുള്ള വചനസാരം പോലെയാണ് ആ മൂളിപ്പാട്ടുകൾ നോവലിൽ.
അമ്മാറിന്റെ എഴുത്ത് അലങ്കോലപ്പെട്ടു കിടക്കുന്നു എന്നതൊരു സങ്കടമായി വായനക്കിടയിൽ പലവട്ടം തോന്നി. മലയാളത്തിലും കോപി എഡിറ്റർമാരുടെ സേവനം അംഗീകൃതവും ലഭ്യവുമാവുന്ന ഒരു കാലം വരണേയെന്ന എന്റെ ചിരകാല അഭിലാഷം വായനക്കിടെ പലവട്ടം മനസ്സിൽ വന്നു. ഒന്നൊതുക്കി ക്രമപ്പെടുത്തി ഒരുക്കാത്തതിന്റെ കുറവ് ഈ നോവലിനുണ്ട്. ആ പണിക്കുറ തീർത്തിരുന്നെങ്കിൽ അടുത്ത കാലത്തുണ്ടായ കിടിലൻ നോവലുകളിൽ ഇഖാമ സ്ഥാനം പിടിച്ചേനെ. എന്നാലോ; പ്രവാസി സാഹിത്യത്തിന്റെ ഇപ്പോഴത്തെ പൊങ്ങച്ചക്കെട്ടുകളുമായി തട്ടിച്ചു നോക്കിയാൽ ഇഖാമ കനപ്പെട്ടതാണുതാനും..
സാഹിത്യ പ്രവർത്തകരും എഴുതുന്നവരും പേടിക്കേണ്ടത് മിത്രങ്ങളുടെ ഉൽസാഹക്കമ്മിറ്റികളെയാണ്. എന്നാൽ എഴുത്തുകാർ തന്നെ അതിനു മുൻകയ്യെടുക്കുന്ന ഇക്കാലത്ത്, കൊഴുപ്പ് ഇറച്ചിയെ എന്നപോലെ ഈ മേളക്കൊഴുപ്പ് എഴുത്തിന്റെ/ലെ സത്യത്തെ വധിച്ചുകൊണ്ടിരിക്കുകയാണ്. ഷാർജ പുസ്തക ഉൽസവത്തിൽ ഇങ്ങനെ അലോസരപ്പെട്ടു നിൽക്കുന്ന സമയം അമ്മാർ അതുവഴിവന്നു. കോഴിക്കോട് ചന്ദ്രികയിൽ സബ് എഡിറ്റർ ട്രൈനിയായിരുന്ന കാലം മുതൽ പരിചിതനാണ് അമ്മാർ കീഴുപറമ്പ്. അദ്ദേഹം പുറവാസിയാണൊ അകവാസിയാണൊ എന്നെനിക്കിന്നുമറിയില്ല. നാട്ടിലും ഗൾഫിലും കാണപ്പെടുന്ന ഒരുഭയജീവിയാണെന്നു തോന്നുന്നു. ഇപ്പോൾ അദ്ദേഹം പുസ്തകങ്ങൾ നിറച്ച ഒരു തോൾബാഗുമായി ഷാർജയിലെ ഉൽസവപ്പുളപ്പിന്റെ മാർജിനിലുണ്ട്. കുറെനാൾ മുന്നേ Stroke വന്നു കിടന്നുപോയ ആൾക്ക് ഇപ്പോൾ എങ്ങനെയുണ്ട് എന്നു ചോദിക്കാൻ ചെന്നപ്പോൾ ഒരു ആലിംഗനവും ഒരു ഇഖാമയും തന്നൂ അമ്മാർ. ആ ആലിംഗനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വീട്ടിലെത്തി ഒന്നുറങ്ങി എണീറ്റ് ഇഖാമ വായിച്ചു, എന്നിട്ടിതെഴുതി.