ഷാര്‍ജ : 112 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തി അഞ്ഞൂറോളം പ്രസാധകർ പങ്കെടുത്ത 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തിരശ്ശീല വീഴും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു അക്ഷര പ്രേമികളാണ് രണ്ടാഴ്ചയായി നടക്കുന്ന പുസ്തക മേളയിൽ എത്തിച്ചേർന്നത് . ഒരു പുസ്തകത്തില്‍ നിന്നാണ് എല്ലാം ആരംഭിക്കുന്നത്’ എന്ന പ്രമേയത്തില്‍ നവംബര്‍ ആറിനാണ് രാജ്യാന്തര പുസ്തക മേള ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാർ അവരുടെ പുതിയ പുസ്തകങ്ങൾ പ്രകാശിപ്പിക്കുകയും വായനക്കാരുമായി സംവദിക്കുകയും ചെയ്തു . നാനൂറോളം എഴുത്തുകാര്‍ അവരുടെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട്് നടക്കുന്ന സംവാദങ്ങളിലും പങ്കെടുത്തു. ഇന്നും നാളെയുംകൂടി മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്മാര്‍ പുസ്തകോത്സവത്തില്‍ അക്ഷരവിരുന്നൊരുക്കും. മേളയിലെ ഏറ്റവും മനോഹരമായ കാവ്യസന്ധ്യ ഇന്ന് അരങ്ങേറും. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദും കവി പി.പി രാമചന്ദ്രനുമാണ് കവിതകള്‍ ചൊല്ലി സദസ്യരുമായി സംവദിക്കുന്നത്. ഇന്ന് രാത്രി 8.15 മുതല്‍ 9.15 വരെ ഇന്റലക്ച്വല്‍ ഹാളിലാണ് പരിപാടി.
കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ചലച്ചിത്ര ഗാനങ്ങള്‍ക്ക് ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ പ്രതിഭയാണ് റഫീഖ് അഹമ്മദ്. വര്‍ത്തമാന കാലത്തെ ഏറ്റവും മികച്ച ഗാന രചയിതാവ് എന്ന് നിസംശയം പറയാവുന്ന റഫീഖ് അഹമ്മദിന്റെ കവിതയും വര്‍ത്തമാനവും യുഎഇയിലെ ആസ്വാദകര്‍ക്ക് നവ്യാനുഭവത്തിന്റെ ‘തോരാമഴ’ സമ്മാനിക്കും. ‘ലളിതം’ എന്ന ഒറ്റക്കവിത കൊണ്ട് മലയാള കവിതാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കവിയാണ് പിപി രാമചന്ദ്രന്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,പി കുഞ്ഞിരാമന്‍ നായര്‍ കവിത അവാര്‍ഡ്.ചെറുശ്ശേരി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പി പി രാമചന്ദ്രന്റെ കവിതകളും വാക്കുകളും കേള്‍വിക്കാര്‍ക്ക് സാഹിത്യത്തെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും. വൈവിധ്യമാര്‍ന്ന സെഷനുകളോടെ അന്താരാഷ്ട പുസ്തകോത്സവം നാളെ സമാപിക്കും.