ഇന്നലെ ബുക്ക്ഫയറില്‍ ചെലഴിച്ച സമയം ഫീല്‍ ചെയ്ത ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ധാരാളം എഴുത്തുകാരും പ്രസാധകരുമുണ്ട്, പുസ്തക വില്‍പ്പനയും നടക്കുന്നുണ്ട്. മലയാളി പ്രസാധകരില്‍ പലരും ഒരു ആണ്ടുനേര്‍ച്ച പോലെ കുറെ എഴുത്തുകാരെക്കൊണ്ടു എന്തൊക്കെയോ എഴുതിപ്പിച്ചു തട്ടിക്കൂട്ടി ഈ പുസ്തകോല്‍സവത്തെ ഒരു ചന്തയാക്കിയതും അവിടെ വന്ന പലരെയും അലട്ടുന്നുണ്ട്. ബുക്ക് ഫെയറിന്റെ ഗൗരവം ഇത്തരം പ്രവണതകള്‍ കാരണം ഇല്ലാതായോ എന്ന് തോന്നിപ്പിക്കുന്ന പലതും അവിടെ കാണാന്‍ കഴിഞ്ഞു. പ്രിയപ്പെട്ട എഴുത്തുകാര്‍, നന്നായി എഴുതുന്നവര്‍ പോലും ആത്മാവില്ലാതെയാണ് അവരുടെ അക്ഷരങ്ങള്‍ കോര്‍ത്തുവെച്ചിരിക്കുന്നത്. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു.
പുത്തൂർ റഹ്‌മാന്റെ എഫ് ബി കുറിപ്പ് ……………..
ഇന്നലെ എന്നെക്കുറിച്ച് മാലിക് നാലകത്തെഴുതിയ ‘സമര്‍പ്പിതമീ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു. തീരെ സുഖമില്ലാതിരുന്നിട്ടും സമദാനി സാഹിബിന്റെയും ഷഹനാസിന്റെയും നിര്‍ബന്ധം മൂലം അതിന്റെ ഭാഗമായി, അദ്ദേഹം ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യിദ്ദീന് നല്‍കിയാണ് പ്രകാശനകര്‍മ്മം നടത്തിയത്. പ്രസാധകര്‍ മുന്‍കയ്യെടുത്ത് എഴുതിച്ച പുസ്തകമാണിത്. എന്റെ ജീവിതാനുഭവങ്ങളില്‍ ചിലതുമാത്രം കോര്‍ത്തിണക്കിയ അപൂര്‍ണമായ രൂപത്തിലാണതുള്ളത്. പുസ്തകത്തിന്റെ പലഭാഗത്തും എന്റെ ജീവിതത്തെ നിരൂപണം ചെയ്യുന്നതുപോലെ ഗ്രന്ഥകാരന്റെ അഭിപ്രായപ്രകടനങ്ങളാണുള്ളത്. എങ്കിലും പുസ്തകം രചിച്ച മാലിക് നാലകത്തിന്റെ ശ്രമത്തെ ഞാന്‍ മാനിക്കുന്നു അദ്ദേഹം നന്നായി ശ്രമിച്ചിട്ടുണ്ട്.
കൈക്കുന്നതും തീക്ഷണവുമായ അനുഭവങ്ങളാണ് പലപ്പോഴും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവാന്‍ നമ്മെ സഹായിക്കുക. പരീക്ഷണങ്ങള്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും. ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്നു വ്യത്യസ്തമല്ല എന്റെയും ജീവിതം. ഒരു ട്രാന്‍സ്പോര്‍ട് വര്‍ക്ക്ഷോപ്പില്‍ ജീവിതം അവസാനിക്കുമെന്ന് ഒരിക്കല്‍ ധരിച്ചിരുന്ന ഞാന്‍ ഇങ്ങിനെയൊക്കെ ആയിപ്പോയത് യാദൃച്ഛികമായാണ്. ഒരാളും ജീവിതത്തില്‍ പെര്‍ഫെക്റ്റാണ് എന്ന വിശ്വാസം എനിക്കില്ല, ഞാനും പെര്‍ഫക്ടായി എനിക്ക് തോന്നിയിട്ടില്ല. തെറ്റുകളും കുറ്റങ്ങളും അറിഞ്ഞും അറിയാതെയും വന്നിട്ടുണ്ടാവാം. ഒരു നന്മമരമാണ് ഞാനെന്നു ഞാന്‍ അവകാശപ്പെടില്ല, അവകാശപ്പെട്ടിട്ടില്ല ഒത്തിരി നല്ല കാര്യങ്ങള്‍ കൂട്ടായായ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ചിലതു വിജയിച്ചു, ചിലതു പരാജയപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരെയും സന്തോഷിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞതായും തോന്നുന്നില്ല. അബദ്ധങ്ങളും കുറവുകളും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഒരാളെയും അറിഞ്ഞുകൊണ്ടു വേദനിപ്പിച്ചിട്ടില്ല, അതിനെനിക്ക് കഴിയില്ല.
എന്റെ അനുഭവങ്ങളും നൊമ്പരങ്ങളും രേഖപ്പെടുത്തിയ മാലിക് ഈ ഗ്രന്ഥത്തില്‍ എന്നോട് നീതി ചെയ്‌തോ എന്നത് വയനക്കാരാണ് തീരുമാനിക്കേണ്ടത്. നാലരപ്പാത്തിട്ടാണ്ട് ഞാന്‍ ഈ പ്രവാസ ഭൂമികയിലുണ്ട്, രണ്ടര പതിട്ടാണ്ടോളം യു.എ.ഇ കെ.എം.സി.സിയുടെ പ്രസിഡണ്ടായും രണ്ടു പതിറ്റാണ്ട് കെ.എം.സി.സിയുടെ ഓര്‍ഗനയ്‌സിംഗ് സെക്രട്ടറിയയും ജനറല്‍ സെക്രട്ടറിയായും അതിനുമുമ്പ് ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ തലപ്പത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ, ഇതൊന്നും ഈ പുസ്‌കതത്തിൽ വേണ്ടപോലെ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല പ്രത്യകിച്ചു നാല് പതിറ്റാണ്ടു കാലത്തു കെഎംസിസി ചെയ്ത പ്രവർത്തനങ്ങൾ, എന്റെ ജീവിതത്തിലെ പ്രസ്‌കതമായ കാര്യങ്ങള്‍ വിട്ടുകളഞ്ഞുവെങ്കിലും ഗ്രന്ഥകാരനായ മാലിക് എന്റെ ജീവിതയാത്രയിലെ കുറേയേറെ മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രസാധകരായ ഷഹാനസും അവരുടെ മാക്ബത് പബ്ലിക്കേഷനും തിരക്കിട്ട് ഷാര്‍ജ ബുക്ക്ഫയറിനുവേണ്ടി ചുട്ടെടുത്തപോലെ ഈ പുസ്തകം തോന്നിച്ചുവെങ്കിലും പുസ്തകത്തിന്റെ കെട്ടും മട്ടും നന്നായിട്ടുണ്ട്.
ഇന്നലെ ബുക്ക്ഫയറില്‍ ചെലഴിച്ച സമയം ഫീല്‍ ചെയ്ത ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ധാരാളം എഴുത്തുകാരും പ്രസാധകരുമുണ്ട്, പുസ്തക വില്‍പ്പനയും നടക്കുന്നുണ്ട്. മലയാളി പ്രസാധകരില്‍ പലരും ഒരു ആണ്ടുനേര്‍ച്ച പോലെ കുറെ എഴുത്തുകാരെക്കൊണ്ടു എന്തൊക്കെയോ എഴുതിപ്പിച്ചു തട്ടിക്കൂട്ടി ഈ പുസ്തകോല്‍സവത്തെ ഒരു ചന്തയാക്കിയതും അവിടെ വന്ന പലരെയും അലട്ടുന്നുണ്ട്. ബുക്ക് ഫെയറിന്റെ ഗൗരവം ഇത്തരം പ്രവണതകള്‍ കാരണം ഇല്ലാതായോ എന്ന് തോന്നിപ്പിക്കുന്ന പലതും അവിടെ കാണാന്‍ കഴിഞ്ഞു. പ്രിയപ്പെട്ട എഴുത്തുകാര്‍, നന്നായി എഴുതുന്നവര്‍ പോലും ആത്മാവില്ലാതെയാണ് അവരുടെ അക്ഷരങ്ങള്‍ കോര്‍ത്തുവെച്ചിരിക്കുന്നത്. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. വായനയെയും പുസ്തകങ്ങളെയും ഗൗരവത്തോടെയും സത്യസന്ധതയോടെയും കാണാന്‍ കഴിഞ്ഞാലെ ഈ അക്ഷരമേള കൊണ്ടുള്ള ഗുണഫലം നമ്മുടെ സമൂഹത്തിനു ലഭിക്കുകയുള്ളൂ.