ഷാര്‍ജ : പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥ പറയുന്ന സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടല്‍ ദൂരം’ 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യന്‍ അരുണ്‍ പ്രഭാകരന് നല്‍കി പ്രകാശനം ചെയ്തു.യുഎയില്‍ മരണപ്പെടുന്ന ഒട്ടനവധിയാളുകളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരി. കടല്‍ കടന്ന പ്രവാസി ഒടുവില്‍ പെട്ടെന്നൊരു ദിവസം ജീവനറ്റ് തന്റെ കരയിലേക്ക് കടല്‍ കടന്ന് പോകുന്നതാണ് ഈ പുസ്തകത്തില്‍ കാണാന്‍ സാധിക്കുന്നത്. പുസ്തകം വിറ്റ് ലഭിക്കുന്ന മുഴുവന്‍ തുകയും പ്രവാസികള്‍ക്ക് കരുത്താകുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഐസിഡബ്ല്യുഎഫ് ഫണ്ടിലേക്ക് നല്‍കുമെന്നും പുസ്തകത്തിന്റെ രചയിതാവായ സലാം പാപ്പിനിശ്ശേരി വിശദമാക്കി. സൈകതം ബൂക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ചടങ്ങില്‍ മച്ചിങ്ങല്‍ രാധാകൃഷ്ണന്‍,ശൈഖ് ഖാസിം അല്‍ മുര്‍ഷിദി,ശ്രീധരന്‍ പ്രസാദ്,ബഷീര്‍ അബ്ദുറഹ്്മാന്‍ അല്‍ അസ്ഹരി,ചാക്കോ ഊളക്കാടന്‍,കെപി മുഹമ്മദ് പേരോട്,സംഗീത മാത്യു,ഫര്‍സാന അബ്ദുല്‍ ജബ്ബാര്‍ പങ്കെടുത്തു.