കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന് നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി.

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന് നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി. മന്ത്രിസഭ സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടാമെന്ന് ധാരണയില്ല. എനിക്ക് കീഴില്‍ ഒരു ഉപമുഖ്യമന്ത്രി ഉണ്ടാകും. അത് കോണ്‍ഗ്രസില്‍ നിന്നായിരിക്കും. കോണ്‍ഗ്രസിന് 20ഉം ജെഡിഎസിന് 13 ഉം മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് നിലവിലുള്ള സൂചന. ധനകാര്യവകുപ്പ് കുമാരസ്വാമി കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിന്‍റെ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.കെ. ശിവകുമാറിനെ കെപിസിസി പ്രസിഡന്‍റായി നിയമിക്കുമെന്നും സൂചനയുണ്ട്. ഇന്നലെ രാജ്ഭവനിലെത്തിയ കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് അത് ബുധാനാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായതിനാലാണ് തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞ മാറ്റിയത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എം.കെ സ്റ്റാലിന്‍, മായാവതി, മമത ബാനര്‍ജി, ചന്ദ്രശേഖര റാവു, അഖിലേഷ് യാദവ് തുടങ്ങിയവരെ കുമാരസ്വാമി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ഒരുക്കിയിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമിയ്ക്ക് ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചു. അതേസമയം സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേവലഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബി.എസ്. യെദ്യൂരപ്പ രാജിവച്ചതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധ്യത തെളിഞ്ഞത്.
0 Comments