‘ക്രൂസ്’ മിസൈൽ, ജർമ്മൻപ്പടയ്ക്ക് ആവേശജയം.മെക്സിക്കൊ പ്രീക്വാർട്ടറിൽ

മെക്സിക്കൊ പ്രീക്വാർട്ടറിൽ, രണ്ടാം തോൽ‌വിയോടെ കൊറിയ പുറത്തേക്ക് (2-1)

റോസ്തോവ് അരീന: ഗ്രൂപ്പ്-എഫ് പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ കീഴടക്കി കരുത്തരായ മെക്സിക്കോ പ്രീക്വാർട്ടറിൽ കടന്നു. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് മെക്സിക്കോയുടെ വിജയം. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട കൊറിയയുടെ ലോകകപ്പ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു.

മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോഴായിരുന്നു കൊറിയ ഒരു ഗോൾ മടക്കിയത്. സോന്‍ ഹ്യൂങ് മിനിനാണ് കൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്. സങ് ലീ തട്ടിനൽകിയ പന്ത്, 20 വാര അകലെ നിന്നും ഹ്യൂങ് മിൻ ഇടം കാലിൽ തൊടുത്തുവിട്ടാണ് മെക്സിക്കോയുടെ വലയിലെത്തിച്ചത്.

നേരത്തെ, 66ാം മിനിറ്റിൽ ഹവിയർ ഹെർണാണ്ടസിലൂടെയാണ് മെക്സിക്കോ ലീഡ് വർധിപ്പിച്ചത്. ദേശീയ ടീമിനായി ഹെർണാണ്ടസ് നേടുന്ന 50ാം ഗോൾ കൂടിയാണിത്. ലൊസാനോയിൽ നിന്നു ലഭിച്ച പാസുമായി മുന്നേറിയെത്തുമ്പോൾ തടയാൻ നിന്ന രണ്ടു ഡിഫൻഡർമാരേയും സമർഥമായി വെട്ടിയൊഴിഞ്ഞാണ് പന്ത് കൊറിയയുടെ ഗോൾ ലൈൻ കടത്തിയത്.

ആദ്യ പകുതി

ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിന്‍റെ ആദ്യ പകുതിയിൽ കരുത്തരായ മെക്സിക്കൊ മുന്നിൽ. 26ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെയായിരുന്നു മെക്സിക്കൊ, ലീഡ് നേടിയത്. കാർലാസ് വെലയാണ് മെക്സിക്കോയെ മുന്നിലെത്തിച്ചത്. മത്സരത്തിൽ മെക്സിക്കൊ ആധപത്യം നേടിയെങ്കിലും മികച്ച കൗണ്ടർ അറ്റാക്കുകളിലൂടെ ദക്ഷിണ കൊറിയയും ചില മികച്ച മുന്നേറ്റങ്ങൾ നടത്തി.

ബോക്‌സില്‍ വെച്ച് ഹാവിയര്‍ ഹെര്‍ണാണ്ടസിന്‍റെ മുന്നേറ്റം തടയുന്നതിനിടെ കൊറിയയുടെ യാങ് ഹ്യൂന്‍റെ കൈയില്‍ പന്ത് തട്ടുകയായിരുന്നു. ഇതോടെ ഹാന്‍ഡ് ബോളില്‍ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത വെല പിഴവു വരുത്തിയില്ല. റഷ്യൻ ലോകകപ്പിലെ 14ാം പെനൽറ്റിയാണിത്. ഇതോടെ, കഴിഞ്ഞ ലോകകപ്പിൽ ആകെ അനുവദിക്കപ്പെട്ട പെനൽറ്റിയുടെ (13) എണ്ണം ഇത്തവണത്തെ ലോകകപ്പ് മറികടന്നു.

മാച്ച് പ്രിവ്യൂ

നിലവിലെ ലോകചാംപ്യന്മാരെ മുട്ടുകുത്തിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ ഗ്രൂപ്പ്-എഫില്‍ നിന്നും പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിക്കാനായി മെക്സിക്കൊ ഇറങ്ങുന്നു. ഏഷ്യൻ പ്രതിനിധികളായ ദക്ഷിണ കൊറിയയാണ് എതിരാളികൾ. ആദ്യ മത്സരം പരാജയപ്പെട്ട കൊറിയക്ക് ഇന്നു നിർണായകമാണ്. മെക്സിക്കോയോട് പരാജയപ്പെട്ടാൽ റഷ്യൻ  ലോകകപ്പിലെ പ്രതീക്ഷകൾ അസ്തമിക്കും.

ലോകകപ്പില്‍ ഇതു രണ്ടാം തവണയാണ് മെക്‌സിക്കോയും കൊറിയയും മുഖാമുഖം വരുന്നത്. 1998ലെ ലോകകപ്പില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ മെക്‌സിക്കോ 3-1ന് വിജയിച്ചിരുന്നു. നേരത്തെ മൂന്ന് തവണ ഏഷ്യൻ പ്രതിയോഗികളോട് കൊമ്പുകോർത്തപ്പോളും വിജയം മെക്സിക്കൊക്കായിരുന്നു. തങ്ങളുടെ അവസാന ഏഴ് ലോകകപ്പ് പോരാട്ടങ്ങളിൽ കൊറിയക്ക് വിജയിക്കാനായിട്ടില്ല.

അവസാന നിമിഷം സ്വീഡൻ പാളയത്തിലേക്ക് ‘ക്രൂസ്’ മിസൈൽ, ജർമ്മൻപ്പടയ്ക്ക് ആവേശജയം

നി​ഷ്നി: അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന മത്സരത്തിൽ ജർമ്മൻ പടയ്ക്ക് ആവേശജയം. ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം ലഭിച്ച ഫ്രീകിക്ക് മുതലാക്കിയാണ് നിർണായക മത്സരത്തിൽ‌ ജർമ്മനി എതിരാളികളായ സ്വീഡനെ കീഴ്‌പ്പെടുത്തിയത്. തൊണ്ണൂറ്റിയഞ്ചാം മിനിറ്റിൽ അത്യുഗ്രൻ ഷോട്ടിലൂടെ സ്വീഡൻ വല തുളച്ച മധ്യനിര താരം ടോണി ക്രൂസാണ്, നിലവിലെ ലോകചാംപ്യന്മാരായ ജർമ്മനിക്ക് ഇത്തവണത്തെ ലോകകപ്പിലെ കുതിപ്പിനു ജീവശ്വാസം പകർന്നു നൽകിയത്. 1974നു ശേഷം ലോകകപ്പ് വേദിയിൽ ആദ്യമായാണ്, ഒരു മത്സരത്തിൽ പിന്നിൽ നിന്ന ശേഷം ജർമ്മനി വിജയിച്ചു കയറുന്നത്.

ആദ്യപകുതിയിലെ വീഴ്ചകളിൽ നിന്നും ഉശിരോടെ ഉയിർത്തെഴുന്നേറ്റ ജർമ്മൻ പട, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വീഡന് ഒപ്പമെത്തി. 48ാം മിനിറ്റിൽ മാർകൊ റിയൂസിന്‍റെ ഗോളിലൂടെയാണ് ജർമ്മനി മത്സരത്തിലേക്ക് തിരിച്ചു വന്നത്. തുടർന്നും വിജയത്തിനായി ജർമ്മൻ‌ നിര കിണഞ്ഞു പരിശ്രമിച്ചു. ബോൾ കൈവശം വയ്ക്കുന്നതിലും നിരന്തരം സ്വീഡൻ പാളയത്തിലേക്ക് ആക്രമണം അഴിച്ചുവിട്ടും ജർമ്മൻ പട വിജയത്തിനായി അത്യാവേശത്തോടെ പൊരുതിക്കയറി. ഗോളെന്നുറപ്പിച്ച മൂന്ന് ഷോട്ടുകൾ സ്വീഡൻ വലയിലെത്താതെപ്പോ‍യത് നിർഭാഗ്യം കൊണ്ടു മാത്രമായിരുന്നു. ഏറ്റവും ഒടുവിൽ ഇഞ്ചുറി ടൈം അവസാനിക്കാൻ നിമിഷങ്ങൾ‌ മാത്രം ബാക്കി നിൽക്കെ സ്വീഡന്‍റെ ബോക്സിനു തൊട്ടരികിൽ ലഭിച്ച ഫ്രീകിക്ക് ടോണി ക്രൂസ് വലയിലെത്തിച്ചപ്പോൾ സ്റ്റേഡിയം ആവേശത്താൽ പൊട്ടിത്തെറിക്കുകയായിരുന്നു.

നിർണായക പോരാട്ടത്തിൽ‌ നിലവിലെ ചാംപ്യന്മാരെ വിറപ്പിച്ച് സ്വീഡനാണ് ആദ്യം ലീഡ് നേടിയത്. 32ാം മിനിറ്റിൽ മുന്നേറ്റ താരം ടോയ്‌വോനനാണ് സ്വീഡനെ മുന്നിലെത്തിച്ചത്. ക്ലേസൻ ഉയർത്തിവിട്ട പാസിൽ നിന്നു ജർമൻ ഗോളിയേയും ഡിഫൻഡറേയും കബളിപ്പിച്ച് പന്ത് ജർമ്മൻ വലയിലേക്ക് കോരിയിടുകയായിരുന്നു.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar