കർഷക റാലി കാൽനടയായി 180 കിലോമീറ്റർ പിന്നിട്ട് മുംബൈയിലെത്തി.
മുംബൈ: മഹാരാഷ്ട്രയിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന കർഷക പ്രക്ഷോഭ റാലി ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ച് കാൽനടയായി 180 കിലോമീറ്റർ പിന്നിട്ട് മുംബൈയിലെത്തി. ഞായറാഴ്ച രാവിലെ താനെ-മുംബൈ അതിർത്തിയിൽ തങ്ങിയ സമരക്കാർ മുംബൈ സിയോനിലെ സോമയ്യ മൈതാനത്തേക്ക് നീങ്ങുകയായിരുന്നു.
കർഷകർ നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയും കർഷകരുടെ കടങ്ങൾ പൂർണമായും എഴുതി തള്ളണമെന്നും ആവശ്യപ്പെട്ടാണ് കർഷ കരുടെ പ്രതിഷേധം. സിപിഎം കർഷക സംഘടനയായ അഖില ഭാരതീയ കിസാൻ സഭയാണ് (എബികെഎസ്) പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കിൽനിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.
തിങ്കളാഴ്ച വിധാൻ സഭ ഘരാവോ ചെയ്യാനാണ് കർഷകരുടെ തീരുമാനം. ജീവിതം അല്ലെങ്കിൽ മരണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് കർഷകർ സമരത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് തങ്ങളുടെ ആവശ്യങ്ങൾ സംസാരിക്കാമെന്ന് മന്ത്രി ഗിരീഷ് മഹാജൻ ഉറപ്പ് നൽകിയതായി അഖില ഭാ രതീയ കിസാൻ സഭ പ്രസിഡന്റ് അശോക് ധവാലെ പറഞ്ഞു. സമാധാനപരമായ സമരമായിരിക്കുമെന്നും മുംബൈയിലെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും അശോക് ധവാലെ കൂട്ടിച്ചേർത്തു.
25,000 പേരുമായാണ് മാർച്ച് ആരംഭിച്ചത്. ഇപ്പോൾ അമ്പതിനായിരത്തിലധികം പേർ മാർച്ചിൽ പങ്കുചേർന്നു കഴിഞ്ഞു. അടുത്ത ദിവസം ഇതിലും കൂടുതൽ ആളുകൾ വന്നുചേരും. എന്നാൽ തങ്ങൾ ഈ നഗരത്തെ മുദ്ധമുട്ടിക്കില്ല. തിങ്കളാഴ്ചത്തെ മാർച്ച് രാവിലെ 11 നു ശേഷം മാത്രമേ ആരംഭിക്കുകയുള്ളു. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് യാത്രാ തടസം ഉണ്ടാകരുതെന്ന് കരുതിയാണ് 11 നു ശേഷം മാർച്ച് ആരംഭിക്കുന്നതെന്നും അശോക് ധവാലെ പറഞ്ഞു.
കാർഷിക കടങ്ങൾ തള്ളുന്നതിനു പുറമേ വനഭൂമി കൃഷിക്കായി വിട്ടുനൽകുക, സ്വാമിനാഥൻ കമ്മീഷൻ നിർദേശങ്ങൾ നടപ്പാക്കുക, വിളനാശം സംഭവിച്ച കർ ഷകർക്ക് ഏക്കറിന് 40,000 രൂപവീതം നൽകുക തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിക്കുന്നുണ്ട്.
കർഷക മാർച്ചിനെ തുടർന്ന് ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ ഞായറാഴ്ച വലിയ വാഹനങ്ങള്‍ക്ക് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പോലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. രണ്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാരുടെയും ആറ് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിട്ടുള്ളത്.
0 Comments