ഖത്തറില്‍ ഇന്ത്യക്കാരുടെ എണ്ണം 6,91,000 ആയി

ദോഹ: ഖത്തറില്‍ 691,000 ഇന്ത്യക്കാരുണ്ടെന്നും ഇവിടുത്തെ ഏറ്റവും വലിയ പ്രവാസിസമൂഹമാണ് ഇന്ത്യക്കാരെന്നും ദോഹയിലെ ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍ പറഞ്ഞു. ഖത്തറില്‍ കഴിയുന്ന ഇന്ത്യന്‍ സമൂഹത്തിന് എല്ലാ സഹായവും നല്‍കുന്നതിന് അദ്ദേഹം ഖത്തര്‍ ഗവണ്മെന്റിനോട് നന്ദി പറഞ്ഞു. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെള്ളിയാഴ്ച ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ‘ഭാരത ഉത്സവ് ഇന്ത്യയുടെ ആഘോഷങ്ങളിലൂടെ ഒരു യാത്ര’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അംബാസിഡര്‍.
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുടെ എണ്ണം ഇപ്പോള്‍ 691,000 ആയി. നമ്മുടെ രാജ്യത്തിന് നല്‍കുന്ന ഈ സഹായത്തിന് ഖത്തറിലെ ഭരണാധികാരികളോട് ഇന്ത്യന്‍ സമൂഹത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നായിരുന്നു അംബാസഡര്‍ പരിപാടിയില്‍ വ്യക്തമാക്കിയത്.
അടുത്ത വര്‍ഷം ഖത്തര്‍ഇന്ത്യ സാംസ്‌കാരിക വര്‍ഷമായി ആഘോഷിക്കുമെന്നും ഇതില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് നിരവധി പ്രമുഖ കലാകാരന്മാര്‍ ഖത്തറില്‍ എത്തുമെന്നും അംബാസിഡര്‍ പറഞ്ഞു. പരിപാടികളുടെ ഷെഡ്യൂള്‍ ഈ വര്‍ഷം അവസാനം തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഘാനിസ്താന്‍, ബംഗ്ലാദേശ്, നേപാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാരും ഭാരത ഉത്സവത്തില്‍ പങ്കെടുത്തു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar