നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമാകുന്നു.

കോഴിക്കോട്: സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമാകുന്നു. തുടർച്ചയായ അഞ്ചാം ദിവസവും പുതുതായി വൈറസ് ബാധ കണ്ടെത്താനാകാത്തത് രോഗം നിയന്ത്രണ വിധേയമാകുന്നതിന്‍റെ ലക്ഷണമെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച ലഭിച്ച 18 പരിശോധനാ ഫലങ്ങളിലും വൈറസ് ബാധ കണ്ടെത്തിയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ നിപ്പ പ്രതിരോധത്തിനായി ഓസ്ട്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് തല്‍ക്കാലം പ്രയോഗിക്കില്ല.
സംശയത്തിന്‍റെ പേരിൽ അഞ്ചുപേരെ കൂടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരടക്കം 24 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ള രണ്ടുപേരുടെയും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. രോഗബാധിതരുമായി സമ്പർക്കമുള്ളവരുടെ പട്ടികയിൽ 2377 പേരുണ്ട്. 240 പേരുടെ പരിശോധനാ ഫലങ്ങളിൽ 222 എണ്ണവും നെഗറ്റീവാണ്.
നിലവിൽ മലേഷ്യയില്‍ നിന്നെത്തിച്ച റിബാ വൈറിനാണ് ചികിത്സയിലുള്ളവർക്ക് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ഓസ്ട്രേലിയയില്‍ നിന്നെത്തിയ മരുന്ന് തല്‍ക്കാലം ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മരുന്ന് പ്രയോഗിക്കുന്നതിനും തുടര്‍ നടപടിക്കുമായി മൂന്ന് വിദഗ്ധ സംഘത്തിന്‍റെ മേല്‍നോട്ടമുണ്ട്. അതേസമയം, വൈറസ് ബാധയുടെ ഉറവിടമറിയാൻ പരിശോധന തുടരുകയാണ്. ആളുകളുടെ ഭീതി മാറ്റുന്നതിനുള്ള ബോധവത്കരണ ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.
0 Comments