ഫാറൂഖ് ട്രൈനിങ് കോളജ് അധ്യാപകനെതിരേ കൊടുവള്ളി പൊലിസ് കേസെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.

കോഴിക്കോട്: പെണ്‍കുട്ടികളെ ആക്ഷേപിച്ചു സംസാരിച്ചു എന്ന പരാതിയില്‍ ഫാറൂഖ് ട്രൈനിങ് കോളജ് അധ്യാപകനെതിരേ കൊടുവള്ളി പൊലിസ് കേസെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സ്വാഭാവിക നടപടിക്രമങ്ങള്‍ പോലും പാലിക്കാതെ തിരക്കിട്ടു ജാമ്യമില്ലാ വകുപ്പു പ്രകാരമുള്ള കേസ് ചുമത്തിയതില്‍ ദുരൂഹതയുണ്ട്. ഫാറൂഖ് കോളജിലെ ബിരുദ അവസാന വര്‍ഷ വിദ്യാര്‍ത്ഥി മെയില്‍ വഴി അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലിസ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 364എ, ഐ.പി.സി 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
നേരത്തെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളിയില്‍ നടന്ന ഒരു പരിപാടിയില്‍ ജൗഹര്‍ മുനവ്വര്‍ നടത്തിയ പ്രഭാഷണം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു. ഇതിനെതിരെ എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി എന്നീ സംഘടനകള്‍ രംഗത്ത് വരികയും ഫറൂഖ് കോളജിന് മുന്നില്‍ സമരം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഭാഷണത്തിന്റെ മുഴുവന്‍ വീഡിയോ പുറത്തു വന്നതോടെ അധ്യാപകന് പിന്തുണയുമായി കോളേജിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും അണി നിരന്നത് സമരക്കാര്‍ക്ക് തിരിച്ചടിയായി.
കേസെടുക്കുന്നതിന്റെ മുന്നെ പാലിക്കേണ്ട സ്വാഭാവിക നടപടി ക്രമങ്ങള്‍ ഒന്നും തന്നെ പൊലിസ് പാലിച്ചിട്ടില്ല. പരാതിക്കാരിയില്‍ നിന്നു തെളിവെടുക്കുക, വിവാദമായ വീഡിയോ കാണുക തുടങ്ങിയ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ അധ്യാപകനെ അറസ്റ്റു ചെയ്യുന്ന നടപടിയിലേക്ക് നീങ്ങുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. എസ്.എഫ്.ഐയുടെ പ്രവര്‍ത്തകയായ ഒരു വിദ്യാര്‍ത്ഥിനി മെയില്‍ വഴി അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരക്കിട്ടു കേസ് എടുത്തിരിക്കുന്നത്.
മതപ്രഭാഷണങ്ങള്‍ നടത്താന്‍ പോലുമാവാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള മത വേദിയില്‍ സ്വഭാവികമായി ഉപയോഗിക്കുന്ന ഉപമാലങ്കാരങ്ങളെ ലൈംഗിക ആക്ഷേപത്തിന്റെ വകുപ്പില്‍ പെടുത്തി കേസെടുക്കുന്നത്അംഗീകരിക്കാനിവില്ലെന്ന അഭിപ്രായം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ ഉള്‍പടെയുള്ളവരുടെ പരസ്യമായ മതവിദ്വേഷ പ്രസംഗത്തിനേതിരേ ഒരു നടപടിയും സ്വീകരിക്കാതെ വികലമാക്കി പ്രചരിപ്പിക്കപ്പെട്ട ഒരു മുസ്്‌ലിം മതപ്രഭാഷകന്റെ സംസാരത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് ഇടതുപക്ഷ സര്‍ക്കാറിന്റെ സംഘ്പരിവാര്‍ പ്രീണനമാണെന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഫാറൂഖ് കോളജ് അധ്യാപകനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസെടുത്ത ഭരണകൂട നീക്കം അമിതാധികാര പ്രവണതയെന്ന് വി.ടി ബല്‍റാം എം.എല്‍.എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിയമത്തിന്റെ കാര്‍ക്കശ്യം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നടപടിയോട് യോജിക്കാന്‍ സാധിക്കില്ല. ‘അശുദ്ധി’യുടെ പേരില്‍ സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിര്‍ക്കുന്നതും സ്ത്രീവിരുദ്ധതയാണ്. പക്ഷേ ഇത്തരം അഭിപ്രായങ്ങളുടെ പേരില്‍ നാളിതുവരെ ആര്‍ക്കെതിരേയും ക്രിമിനല്‍ കേസ് എടുത്തതിട്ടില്ല. ഇതിനേക്കാള്‍ എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങള്‍ കേരളത്തിലുടനീളം നടത്തുന്ന സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താല്‍ത്തന്നെ അത് മുന്നോട്ടു കൊണ്ടു പോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിന് കഴിയാതെ പോകുന്നുവെന്നതും നമുക്ക് കാണാതിരിക്കാനാവില്ല.
വര്‍ഗീയതക്ക് മുന്നില്‍ മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല, സംഘ് പരിവാറിനു മുന്‍പില്‍ ആവര്‍ത്തിച്ച് കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ മുഖമുദ്രയെന്നും വി.ടി ബല്‍റാം വിമര്‍ശിക്കുന്നു.
അതിനിടെ, മതവേദിയില്‍ ജൗഹന്‍ മുനവ്വര്‍ നടത്തിയ പ്രഭാഷണം അശ്ലീലമാണെന്ന് അഭിപ്രയപ്പെട്ട യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത്‌ലീഗ് നേതാക്കള്‍ തന്നെ രംഗത്തുവന്നു. യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഫിറോസിന്റെ നിലപാട് പൂര്‍ണമായും തള്ളിയിരിക്കുകയാണ്. ഒന്നിച്ചു നില്‍ക്കുന്ന ഗൗരവുമുള്ള പക്ഷം ഇപ്പോള്‍ ദുര്‍ബലപ്പെടുകയാണെന്നാണ് സുബൈര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. ഫിറോസിനെ തള്ളി യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂരും രംഗത്തുവന്നു. ‘വ്യക്തികള്‍ സ്വന്തം അഭിപ്രായം എന്ന നിലക്ക് എവിടെയെങ്കിലും എന്തെങ്കിലും എഴുതുന്നതും പറയുന്നതും ഒരു സംഘടനയുടെ നിലപാട് ആവില്ല. സംഘടനയുടെ പൂര്‍വ്വകാല നേതാക്കള്‍ കാത്തു സൂക്ഷിച്ചപാരമ്പര്യത്തിലൂന്നിയാണ് മുന്നോട്ട് പോകേണ്ടത്. പരസ്പര കൂടിയാലോചനയും ചര്‍ച്ചയും ഒരു അനിവാര്യതയാണ്. മത സംഘടനകളും അതിന്റെ നേതൃത്വവുമായും ഹൃദ്യമായ സൗഹൃദവും ചേര്‍ത്തു നിര്‍ത്തലും നന്മുടെ പാരമ്പര്യമാണ്. ഇവര്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനുള്ള പൊതു പ്ലാറ്റ്‌ഫോം കൂടിയാണ് യൂത്ത് ലീഗും മുസ്‌ലിം ലീഗും. അറിഞ്ഞുകൊണ്ട് ആളുകളെ തമ്മിലടിപ്പിക്കുന്ന ഈ ശൈലിഇനിയെങ്കിലും നമുക്ക് അവസാനിപ്പിച്ചു കൂടെ എന്നും ആശിഖ് കുറിപ്പില്‍ പറയുന്നു. എം.എസ്.എഫ് ദേശീയ നേതാവ് എന്‍.എ.കരീമും ഫിറോസിന്റെയും നജീബിന്റെയും നിലപാടുകളെ ചോദ്യം ചെയ്തു രംഗത്തെത്തി.
കൊടുവള്ളി പൊലിസിന്റെ ന്യൂനപക്ഷ വിരുദ്ധ നടപടയില്‍ പ്രതിഷേധിച്ച് ഇന്ന് കൊടുവള്ളിയില്‍ ജുമുഅ നിസ്‌കാരാനന്തരം മഹല്ല് ഖതീബ് ബഷീര്‍ റഹ്മാനിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വൈകിട്ടു എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചിലും പ്രതിഷേധമിരമ്പി. നാളെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാറൂഖ് കോളജ് പരിസരത്ത് ‘കപട മതേതര നാട്യങ്ങള്‍ക്കെതിരെ ധര്‍മ്മരക്ഷാവലയം’ തീര്‍ക്കും. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്.
0 Comments