മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ച സിപിഐ നേതാക്കളുടെ നടപടി വിവാദമാകുന്നു.
തിരുവനന്തപുരം: വയനാട്ടിലെ സർക്കാർ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ച സിപിഐ നേതാക്കളുടെ നടപടി വിവാദമാകുന്നു. സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ഡെപ്യൂട്ടി കളക്ടർ എന്നിവർക്കു ഭൂമിയിടപാടിൽ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും സ്വകാര്യചാനൽ ഇന്നലെ പുറത്തുവിട്ടിരുന്നു.
ഇവർക്കു സഹായിയായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസിലെ ഒരു ജീവനക്കാരനും ഉണ്ടെന്നു വ്യക്തമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി ഉത്തരവിട്ടു.
അന്വേഷണത്തിനു ശേഷം ഇക്കാര്യത്തിൽ വ്യക്തമായ നടപടിയുണ്ടാകുമെന്നു റവന്യുമന്ത്രി പറഞ്ഞു.
വിഷയം ചർച്ച ചെയ്യാൻ സിപിഐ വയനാട് ജില്ലാ കൗണ്സിൽ ഇന്നു യോഗം ചേരും.
മൂന്നാർ വിഷയത്തിലടക്കം ഭൂമിവിഷയത്തിൽ ശക്തമായ നിലപാടെടുക്കുന്നതായി പ്രതീതി ജനിപ്പിച്ചു മുന്നോട്ടു പോകുന്ന സിപിഐക്കു വയനാട്ടിലെ ഭൂമി കച്ചവടവിവാദം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജില്ലാ സെക്രട്ടറി തന്നെ വിവാദത്തിൽപ്പെട്ടതു പാർട്ടിക്കാകെ നാണക്കേടുണ്ടാക്കിയെന്ന നിലപാടിലാണു സംസ്ഥാന നേതൃത്വം.
വയനാട്ടിൽ രണ്ടു റവന്യു ഓഫീസുകൾ പൂട്ടി
കൽപ്പറ്റ: വൈത്തിരി താലൂക്കിലെ കോട്ടത്തറ വില്ലേജിൽപ്പെട്ട കുറുമ്പാലക്കോട്ടയിൽ സർവേ നമ്പർ 57/1ൽ ഉൾപ്പെടുന്ന നാലര ഏക്കർ മിച്ചഭൂമിക്കു പട്ടയം തരപ്പെടുത്താമെന്ന ഉറപ്പുനൽകി കൈക്കൂലി വാങ്ങിയ വയനാട് ഡെപ്യൂട്ടി കളക്ടർ ടി. സോമനാഥനു സസ്പെൻഷൻ. സ്വകാര്യചാനലിന്റെ ഒളികാമറ ഓപ്പറേഷനിലാണു ഡെപ്യൂട്ടി കളക്ടർ കുടുങ്ങിയത്.
കൈക്കൂലി വാങ്ങുന്നതടക്കം ദൃശ്യങ്ങൾ ഉൾപ്പെടുന്ന വാർത്താ ചാനൽ ഇന്നലെ പുറത്തുവിട്ടതിനെത്തുടർന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശിച്ചതനുസരിച്ചാണു സസ്പെൻഷൻ. അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.മിച്ചഭൂമി വിവാദത്തിനു പിന്നാലെ വയനാട്ടിൽ രണ്ട് റവന്യു ഓഫീസുകൾ പൂട്ടി.
കൽപ്പറ്റയിലെ ലാൻഡ് അക്വിസിഷൻ ഓഫീസും മാനന്തവാടിയിലെ താലൂക്ക് ലാൻഡ് ബോർഡ് ഓഫീസുമാണു പൂട്ടിയത്. രണ്ട് ഓഫീസുകളിലെയും മിച്ചഭൂമിയുമായി ബന്ധപ്പെട്ട ഫയലുകൾ കളക്ടർ കസ്റ്റഡിയിലെടുത്തു. മിച്ചഭൂമിക്ക് പട്ടയം തരപ്പെടുത്തി നൽകുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘം ജില്ലയിൽ സജീവമാണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ചാനലിന്റെ വയനാട് ലേഖകന്റെ നേതൃത്വത്തിൽ നടത്തിയ ഒളികാമറ ഓപ്പറേഷനിൽ സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ജില്ലാ കൗണ്സിൽ അംഗം ഇ.ജെ. ബാബു എന്നിവരും ഉൾപ്പെട്ടു. അവിഹിത മിച്ചഭൂമി ഇടപാടിന് ഒത്താശചെയ്യുന്ന വിധത്തിലുള്ള ഇവരുടെ സംഭാഷണം ഉൾപ്പെടുന്ന ദൃശ്യങ്ങളും ചാനൽ വാർത്തയിലുണ്ട്.
കുറുമ്പാലക്കോട്ടയിൽ സ്വകാര്യ കൈവശത്തിലുള്ള 15 ഏക്കർ ഭൂമിയോടു ചേർന്നാണു നാലര ഏക്കർ മിച്ചഭൂമി. ഇതു വിലയ്ക്കു വാങ്ങുന്നതിന് ഇടുക്കി ചെറുതോണി അഷ്റഫ് എന്ന വ്യാജേന സമീപിച്ചാണു ചാനൽ സംഘം മിച്ചഭൂമി ഇടപാടുകളിലെ ക്രമക്കേടുകളിലേക്കു വെളിച്ചംവീശിയത്. വഴിവിട്ട മിച്ചഭൂമി ഇടപാടുകളിൽ ഉദ്യോഗസ്ഥരുടെ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന പടിഞ്ഞാറത്തറെ ചുള്ളി കുഞ്ഞുമുഹമ്മദ് മുഖേനയാണു സംഘം സ്ഥലം ഉടമകളെയും രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സമീപിച്ചത്. നാലര ഏക്കർ മിച്ചഭൂമിക്ക് പട്ടയം സംഘടിപ്പിക്കുന്നതിനു ഡെപ്യൂട്ടി കളക്ടർക്കും സിപിഐ ജില്ലാ സെക്രട്ടറിക്കും 10 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഇടനിലക്കാരൻ വ്യാജ വേഷക്കാരായ ചാനൽ പ്രവർത്തകരെ അറിയിച്ചത്. ഒരു മാസം മുമ്പ് കോടഞ്ചേരിയിലെ ഹോട്ടൽ മുറിയിലാണ് ഏക്കറിനു 12.75 ലക്ഷം രൂപ വില നിശ്ചയിച്ച് ഉടമകളുമായി സ്ഥലക്കച്ചവടം ഉറപ്പിച്ചത്. അഡ്വാൻസായി 10,000 രൂപയും നൽകി. ഡെപ്യൂട്ടി കളക്ടർ കൈക്കൂലിയുടെ ആദ്യ ഗഡുവായി 10,000 രൂപ ഓഫീസിനു പുറത്തു കാറിൽവച്ചാണു വാങ്ങിയത്. മിച്ചഭൂമിക്കു പട്ടയം ആവശ്യപ്പെട്ടു റവന്യു മന്ത്രിക്കു നിവേദനം നൽകണമെന്നു ചാനൽ സംഘത്തിനു ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രശ്നത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് റവന്യു മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രകടനവും കളക്ടറേറ്റ് പടിക്കൽ കുത്തിയിരിപ്പും നടത്തി. എം.പി. നവാസ്, എ.പി. മുസ്തഫ, പി.പി. ഷൈജൽ, അസീസ് അമ്പിലേരി, ഷമീർ ഒടുവിൽ എന്നിവർ നേതൃത്വം നൽകി.
0 Comments