മേകുനു ചുഴലിക്കാറ്റില്‍ വിറച്ച് ഒമാനും യെമനും.

മസ്‌കറ്റ്: അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ആഞ്ഞുവീശിയ മേകുനു ചുഴലിക്കാറ്റില്‍ വിറച്ച് ഒമാനും യെമനും. ശക്തമായ കാറ്റും മഴയും ഇരു രാജ്യങ്ങളുടേയും തീരപ്രദേശങ്ങളെ കശക്കിയെറിഞ്ഞു. രണ്ടു രാജ്യങ്ങളിലുമായി 10 പേര്‍ മരിച്ചു. യമനില്‍ ഏഴു പേരും ഒമാനില്‍ മൂന്നൂ പേരുമാണ് മരിച്ചത്. യെമനില്‍ മരിച്ച രണ്ടുപേര്‍ ഇന്ത്യക്കാരാണ്. ഇവിടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 19 പേരെ കാണാതായി. ഒമാനില്‍ മരിച്ചവരില്‍ 12 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടും.

14 ഇന്ത്യന്‍ നാവികര്‍ യെമനില്‍ കുടുങ്ങിയതായി ഫിഷറീസ് മന്ത്രി ഫഹദ് ഖാന്‍ പറഞ്ഞു. രണ്ട് കപ്പലുകള്‍ യെമന്‍ തീരത്ത് അപകടത്തില്‍പെട്ടിട്ടുണ്ട്. മൂന്ന് കപ്പലുകളെക്കുറിച്ച് വിവരമില്ല. ഇതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ചരക്കു കപ്പലുകളാണ്. ഈ കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരെക്കുറിച്ചും വിവരമൊന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
യെമനി ദ്വീപായ സ്‌കോട്രയിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി യമന്‍ ഭരണകൂടം വ്യക്തമാക്കി. 155 മുതല്‍ 175 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഇവിടെ കാറ്റ് വിശീയത്. തീരപ്രദേശങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ വീടുപേക്ഷിച്ച് പലായനം ചെയ്തു. റോഡുകളിലും മറ്റും നിമിഷ നേരം കൊണ്ടാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇതേതുടര്‍ന്ന് നൂറു കണക്കിന് വാഹനങ്ങള്‍ നിരത്തുകളില്‍ കുടുങ്ങി. റോഡ്, വൈദ്യുതി ബന്ധങ്ങള്‍ അറ്റതോടെ സലാല ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar