ലീല മേനോൻ അന്തരിച്ചു.
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകയും ജന്മഭൂമി എഡിറ്ററുമായ ലീല മേനോൻ (86) അന്തരിച്ചു. അർബുദ ബാധിതയായിരുന്ന ലീല മേനോൻ ദീർഘനാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1932–ൽ എറണാകുളം വെങ്ങോല തുമ്മാരുകുടി വീട്ടിൽ പാലക്കോട്ട് നീലകണ്ഠൻ കർത്താവിന്‍റെയും ജാനകിയമ്മയുടേയും മകളായി ജനനം. വെങ്ങോല പ്രൈമറി സ്കൂൾ, പെരുമ്പാവൂർ ബോയ്‌സ് സ്‌കൂൾ, നൈസാം കോളെജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1949ൽ പോസ്റ്റോഫിസിൽ ക്ലാർക്കായി. ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫിസ്റ്റുമായിരുന്നു. 1978വരെ ആ ജോലി തുടർന്നു.
ഗോൾഡ് മെഡൽ നേട്ടത്തോടെയാണ് ജേണലിസം പഠനം പൂർത്തിയാക്കുന്നത്. 1978ൽ സബ് എഡിറ്ററായി ഇന്ത്യൻ എക്‌സ്‌പ്രസിൽ പത്രപ്രവർത്തകയായി. ന്യൂഡൽഹി, കോട്ടയം, കൊച്ചി എന്നിവടങ്ങളിൽ പ്രവർത്തിച്ചു. 2000–ത്തിൽ പ്രിൻസിപ്പൽ കറസ്പോണ്ടന്‍റായിരിക്കെയാണ് പിരിഞ്ഞത്. നിലവിൽ ജന്മഭൂമിയിൽ എഡിറ്ററാണ്. ഔട്ട്ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയിൽ പംക്തികൾ കൈകാര്യം ചെയ്തിട്ടുണ്ട്. കേരള മിഡ് ഡേ ടൈം, കോർപറേറ്റ് ടുഡേ എന്നിവയിൽ എഡിറ്ററായിരുന്നു. ഭർത്താവ് പരേതനായ മുണ്ടിയടത്ത് മേജർ ഭാസ്കരമേനോൻ. നിലയ്ക്കാത്ത സിംഫണി എന്ന പേരിൽ ആത്മകഥയുമെഴുതിയിട്ടുണ്ട്.നിലപാടിലെ വ്യത്യസ്തതയും ജീവിതത്തിലെ സത്യസന്ധതയും കൊണ്ട് ഇന്ത്യയിലെ മുൻനിര പത്രപ്രവർത്തകരിൽ പ്രമുഖയായിരുന്നു ലീല മേനോൻ. നിരവധി എക്‌സ്ക്ലൂസീവ് സ്റ്റോറികൾ എഴുതിയിട്ടുള്ള ലീല മേനോന് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. വൈപ്പിൻ മദ്യദുരന്തം, സൂര്യനെല്ലി കേസ്, തോപ്പുംപ്പടി പെൺവാണിഭം തുടങ്ങിയ വാർത്തകൾ ലോകത്തെ അറിയിച്ചത് ലീല മേനോൻ എന്ന പത്രപ്രവർത്തകയാണ്.
0 Comments