ശിശിരത്തിൽ ഒരില.

പോൾ സെബാസ്റ്റ്യൻ..തൃശൂർ കറൻ്റ് ബുക്സാണ് പ്രസാധകർ.രാജേഷ് ചാലോടിൻ്റേതാണ് കവർ ഡിസൈൻ. സജീവ് കീഴരിയൂർ വരച്ച ചിത്രങ്ങളുണ്ട്..

രമേഷ് പെരുമ്പിലാവ്

ഇരയാകുന്ന വ്യക്തിയ്ക്കുംവേട്ടയാടുന്ന വ്യക്തിയ്ക്കുംഇടയിൽ ഒരു അദൃശ്യമായ ഭിത്തിയേയുള്ളു. ഏതു നിമിഷവും ആ മതിൽ അടർന്ന് വീഴാം. രണ്ടു കൂട്ടരും ഒന്നായിത്തീരാംഇരകളാണ്, വേട്ടക്കാരന്‍ എന്ന കര്‍ത്തൃത്വത്തെ സൃഷ്ടിക്കുന്നത്. ഈ സംഹാരപ്രവൃത്തികള്‍ ചെയ്യുക വഴി വേട്ടക്കാരനും കാലാന്തരത്തിലൂടെ ഇരയായി മാറുകയാണ്. വസ്തുനിഷ്ഠമായ സത്യത്തിനു ലോകമെമ്പാടും മങ്ങലേല്‍ക്കുകയാണ് എന്ന ഈ നിരീക്ഷണത്തിന് ഇന്നും പ്രസക്തിയുണ്ട്. ചരിത്രത്തെ അപനിര്‍മ്മിക്കുന്നതും വ്യാജമായി സൃഷ്ടിക്കുന്നതും സത്യാനന്തര കാലത്ത് സാധാരണമായിരിക്കുകയാണ്.
ഒരു സമഗ്രാധിപത്യ വ്യവസ്ഥയില്‍ സ്വാഭാവികമായ സത്യങ്ങള്‍/നിര്‍മ്മിക്കപ്പെട്ട സത്യങ്ങള്‍ എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്. സാഹചര്യങ്ങളുടെ വ്യത്യാസമനുസരിച്ച് അവ മാറിമറിയുകയും ചെയ്യും. സത്യത്തെ മറയ്ക്കാന്‍/മൂടാന്‍ വ്യാജോക്തികള്‍കൊണ്ട് എളുപ്പം കഴിയുമെന്നാണ് വർത്തമാന യാഥാർത്ഥ്യം
മാനവ്, ലില, ഫ്രെഡി ഇവർ മൂന്ന് പേർ  ശിശിരത്തിൽ ഒരില എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് ഇവരൊക്കെയും ഒരേ സമയം ഇരയും വേട്ടക്കാരുമാണ്. ഒരു ഇലയുടെ രണ്ട്  പുറങ്ങൾ പോലെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവരുമാണ്. 
ജീവിച്ചു വന്ന സാഹചര്യമാണ് വ്യക്തിത്വ രൂപീകരണത്തിൽ പ്രധാന ഘടകമെന്നിരിക്കെ ഈ മൂന്നു പേരും മറികടക്കുന്ന ജീവിത സാഹചര്യങ്ങൾ അവരെ കൊണ്ടെത്തിക്കുന്ന അപകടകരമായ ഒരവസ്ഥയെ അനാവരണം ചെയ്യുകയാണ് നോവലിസ്റ്റ് പോൾ സെബാസ്റ്റിൻ തൻ്റെ ഏറ്റവും പുതിയ കൃതിയിലൂടെ. ആ അവസ്ഥയെന്ന് പറയുന്നത് ഇന്ന് കേരളം (ലോകം തന്നെയും) നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കൂടിയാണ്.
മയക്കുമരുന്നടക്കമുള്ള  ലഹരി വസ്‌തുക്കളുടെ വിപണനവും ഉപയോഗവും ലോകത്ത്‌ മിക്ക രാജ്യത്തും  അമ്പരപ്പിക്കുംവിധം വർദ്ധിച്ചുവരുന്നതായാണ്‌ കണക്കുകൾ.   ഇവയുടെ മായക്കാഴ്ചകൾക്ക്‌ കീഴടങ്ങുന്നവരിൽ ഏറിയ പങ്കും യുവാക്കളും വിദ്യാർഥികളുമാണ്‌ എന്നത്‌   ഗൗരവകരം. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. പുതിയ തലമുറയെ വഴിതെറ്റിക്കാൻ മയക്കുമരുന്നു മാഫിയാ സംഘങ്ങൾ വലവിരിച്ചു കാത്തുനിൽക്കുകയാണ്‌. കുട്ടികൾ കുടുംബത്തിന് പുറത്തേക്ക്  വളരുമ്പോൾ പലപ്പോഴും ലഹരിയുടെ തെറ്റായ  വഴികളും അവർക്കു മുന്നിൽ തെളിയാം. പ്രത്യേകിച്ച്‌ കെണിയിൽ വീഴ്‌ത്താൻ മയക്കുമരുന്നു ലഹരിസംഘങ്ങൾ തക്കം പാർത്തുനിൽക്കുമ്പോൾ. 
ശതകോടികൾ മറിയുന്ന മയക്കുമരുന്നു വിപണിയിൽ അന്തർദേശീയ അധോലോകം മുതൽ നമ്മുടെ സ‌്കൂൾ കുട്ടികൾവരെ കണ്ണികളാണ‌്. പുകയില, കഞ്ചാവ‌് തുടങ്ങിയവയിൽനിന്നുള്ള വിവിധതരം ഉൽപ്പന്നങ്ങളും മയക്കുഗുളികകളും കുത്തിവയ‌്പ്പ‌് മരുന്നുകളുമെല്ലാം അടങ്ങുന്നതാണ‌് ലഹരിയുടെ സാമ്രാജ്യം. ആഫ്രിക്കൻ രാജ്യങ്ങൾ, ഫിലിപ്പീൻസ‌് എന്നിവിടങ്ങളിൽനിന്ന‌് ഇന്ത്യയുടെ പ്രധാന മെട്രോ നഗരങ്ങളിലെത്തുന്ന ലഹരി ഉൽപ്പന്നങ്ങളുടെ പ്രധാന വിപണനകേന്ദ്രമായി കേരളം മാറിക്കഴിഞ്ഞിട്ട‌് കാലമേറെയായി. ഗോവ, മംഗ്ലൂരു വഴി വടക്കൻ കേരളത്തിലും ചെന്നൈ വഴി തെക്കും ലഹരി ഒഴുകിപ്പരക്കുന്നു. മദ്യത്തിൽനിന്ന‌് വഴിമാറുന്ന യുവത മയക്കുമരുന്നിന‌് അടിപ്പെടുന്ന അപകടകരമായ കാഴ‌്ചയാണ‌് കേരളം  നേരിടുന്ന സമകാലികദുരന്തം.  അത്തരമൊരു സാഹചര്യത്തിൻ്റെ ആഫ്റ്റർ എഫക്ടിലാണ് ഈ നോവലിൻ്റെ കഥാതന്തു വികാസം കൊള്ളുന്നത്.
ലിലയുടെ പുരുഷാധിപത്യത്തിനെതിരെയുള്ള മാനസികാവസ്ഥ ഉണ്ടാക്കുന്ന ദുരന്തം.മാനവ് എന്ന ബാലന് കുടുംബത്തിൽ കിട്ടാതെ പോകുന്ന സ്നേഹവും പരിഗണനയും. നിരപരാധിയായ ഫ്രെഡി വേട്ടക്കാരനാവുന്ന സാഹചര്യം.ജോസഫ് മാഷും അദ്ദേഹം എടുത്തു വളർത്തിയ ആൻഡ്രിയ എന്ന മിടുക്കിയുംഇരകളായി തീരുന്നതുമൊക്കെ  നോവലിൽ ചടുലമായ തൻ്റെ ആഖ്യാന മികവിലൂടെ എഴുത്തുകാരൻ അവതരിപ്പിക്കുന്നുണ്ട്. വായനയിൽ ഒട്ടും തടസ്സമില്ലാതെ ആകാംക്ഷ ഭരിതമായ മുഹൂർത്തങ്ങൾ നൽകിയാണ് ഒരു സിനിമാതിരക്കഥ പോലെ സൂക്ഷ്മമായ സ്ഥലകാലവർണ്ണനകളിലൂടെ നോവൽ കടന്നു പോകുന്നത്. ഒരു പാട് പരത്തിപ്പറയാതെ, വായനയെ മടുപ്പിക്കാതെ കൊണ്ടുപോകാൻ കഴിയുന്നത് തന്നെയാണ് ഈ കൃതിയുടെ പ്രത്യേകതയും. 
മാദ്ധ്യമങ്ങൾ ഏതു വിധമാണ് സമൂഹത്തിൽ ഇടപെടേണ്ടത് എന്ന വിഷയത്തിൽ പോൾ സെബാസ്റ്റ്യൻ ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ജോസഫ് മാഷിനെ പോലീസിൻ്റെ മൗനസമ്മതത്തോടെ ആൾക്കൂട്ടം കൈകാര്യം ചെയ്യുമ്പോൾ മാദ്ധ്യമങ്ങളും കാഴ്ചക്കാരാണ്. പോലീസിന് വേണ്ടത് തങ്ങളുടെ മേലധികാരികളുടെ മുന്നിൽ അവതരിപ്പിക്കാൻ ഒരു പ്രതിയാണ്. പിടിയിലകപ്പെട്ടയാൾ തെറ്റുകാരൻ ആണോ അല്ലയോ എന്നതിലേക്ക് പിന്നീടാണ് നിയമ വ്യവസ്ഥകൾ എത്തിച്ചേരുന്നത്. പക്ഷേ മാദ്ധ്യമകോടതികളും ജഡ്ജിമാരും പ്രതിയെന്ന വ്യക്തിയെ കണ്ടെടുക്കുന്ന നിമിഷം കുറ്റവാളിയായി ശിക്ഷ വിധിക്കുന്നതാണ് കണ്ടു വരുന്നത്.
ജുഡീഷ്യറിയും ലെജിസ്ലേറ്ററും എക്സിക്യുട്ടീവും അവരുടെ ജനാധിപത്യ ധര്‍മ്മങ്ങളില്‍ പിഴവു കാണിക്കുമ്പോള്‍ അവയെ തുറന്നു കാട്ടിയും തിരുത്തിയുമാണ് മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാകുന്നത്. എന്നാല്‍ വാര്‍ത്തകള്‍ നിര്‍മ്മിക്കുക, തമസ്കരിക്കുക, പാര്‍ശ്വവല്‍ക്കരിക്കുക, പര്‍‌വ്വതീകരിക്കുക തുടങ്ങിയ പ്രക്രിയയിലൂടെ യജമാനന്മാരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്തകള്‍ അപനിര്‍മ്മിക്കുമ്പോള്‍ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവലാള്‍ എന്നതു മാറി ജനാധിപത്യത്തിന്റെ ഘാതകന്‍ ആകുന്നു എന്നതാണ് ഏറ്റവും വലിയ സാമൂഹ്യ രാഷ്ട്രീയ ദുരന്തം.
കഥ ഒന്നാകെ പൊളിച്ച് പറയുന്നില്ല വായനക്കാർക്ക് സസ്പെൻസ് ത്രില്ലർ പോലെ വായിച്ചുപോകാനുള്ള വിഭവങ്ങൾ ശിശിരത്തിൽ ഒരിലയിൽ ഒരുക്കി വെച്ചിട്ടുണ്ട് പോൾ സെബാസ്റ്റ്യൻ. അതു കൊണ്ട് തന്നെ ആര് നായകൻ വില്ലൻ നായിക എന്നൊന്നും മുൻധാരണ തരുന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അവസാനമാണ് നോവലിൻ്റേത്. ഇതിലും മനോഹരമായി ഈ നോവലിന് മറ്റൊരു പര്യവസാനമില്ല. ഇനി സംഭവിക്കാൻ പോകുന്നത് എന്ത് എന്നൊരു ആകാംഷയുടെ മുൾമുനയിൽ വായനക്കാരെ നിർത്തിയാണ് നോവൽ അവസാനിക്കുന്നത്.ചില വിമർശങ്ങളും പറയാമെന്ന് കരുതുന്നു. നോവലിൻ്റെ പേര് ഒട്ടും ചേരുന്നില്ല ഈ കൃതിയ്ക്ക്. വളരെ പഴഞ്ചൻ ഒരു പേരാണിത്. മാനവിൻ്റെ പ്രായം ഒരു കൗമാരക്കാരൻ്റേതായിരുന്നെങ്കിൽ (14-15)കുറേ കൂടി നന്നാകുമായിരുന്നു. ഫ്രെഡി പ്രതികാരത്തിൻ്റെ വഴിയിലേക്ക് എത്തി ചേരുന്നതിനായി ചെയ്തതെന്ന് പറയുന്ന ചില കാര്യങ്ങൾ (പണം സമ്പാദിക്കുന്ന വഴികൾ തുടങ്ങിയവ) അതിശയോക്തിയായി തോന്നുന്നുണ്ട് വായനയിൽ. .ഉൾപേജുകളിൽ.ഷാർജ പുസ്തകോത്സവത്തിൽ നോവൽ ലഭ്യമാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar