സെക്രട്ടറി സ്ഥാനമൊഴിയാൻ സന്നദ്ധതയറിയിച്ച് കോടിയേരി ബാലകൃഷ്ണൻ.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ സന്നദ്ധതയറിയിച്ച് കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുമായി എകെജി സെന്ററിൽ നടത്തിയ കൂടിക്കാഴ്ചയിൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചതായാണ് സൂചനകൾ. ബിനോയ് കോടിയേരി അറസ്റ്റിലാകുന്ന സാഹചര്യം ഉണ്ടായാൽ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിനിൽക്കാമെന്ന അഭിപ്രായം പാർട്ടി ജനറൽ സെക്രട്ടറി അടക്കമുള്ളവരെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു മുമ്പ് എകെജി സെന്ററിൽ ശനിയാഴ്ച രാവിലെയായിരുന്നു മുഖ്യമന്ത്രിയും കോടിയേരിയും കൂടിക്കാഴ്ച നടത്തിയത്. ശാന്തിഗരി ആശ്രമത്തിൽ ആയുർവേദ ചികിത്സയിലായിരുന്ന കോടിയേരി ശനിയാഴ്ച രാവിലെയാണ് എകെജി സെന്ററിലെത്തിയത്. എന്നാൽ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കിയില്ല.
ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും നാളേയും മറ്റേന്നാളും ചേരുന്ന സംസ്ഥാന സമതിയിലും ബിനോയ് വിഷയം ചർച്ചയ്ക്ക് വന്നേക്കും. മക്കൾ കാരണം പലതവണ വിവാദത്തിലായ കോടിയേരിയെ പാർട്ടി ഇതുവരെ സംരക്ഷിച്ചു നിർത്തുകയായിരുന്നു. ബിനോയ് വിഷയത്തിൽ ഇതുവരെ ഒരു പ്രതികരണത്തിനും കോടിയേരി തയാറായിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിട്ടില്ല. ബിനോയ് കോടിയേരിക്കെതിരെ ബീഹാർ സ്വദേശിയായ യുവതിയാണ് പീഡനപരാതി നൽകിയത്. മുംബൈ പൊലീസ് ബിനോയിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ബിനോയ് കേരളം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനമെന്നാണ് റിപ്പോർട്ടുകൾ.
0 Comments