സ്‌നേഹപൂര്‍വ്വം….. മന്ത്രി കെ.ടി ജലീലിലിനോട്‌

കത്തിനശിച്ച ഗോപുര കവാടം ശിഹാബ് തങ്ങൾ സന്ദർശിക്കുന്ന ഫോട്ടോയാണ് ഇമേജായി കൊടുത്തിട്ടുള്ളത് .

സാമൂഹ്യദ്രോഹികള്‍ കത്തിച്ച അമ്പലത്തിന്റെ വാതില്‍ ശിഹാബ് തങ്ങള്‍ മാറ്റിവെച്ചതും താനൂരില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നശിപ്പിച്ച കടകള്‍ പുനര്‍നിര്‍മ്മിക്കുന്നതും ഒരേ പ്രവര്‍ത്തിയെന്ന് മന്ത്രി കെ.ടി.ജലീല്‍. ഇതും രണ്ടും ഒരുപോലെ എങ്ങിനെ താരതമ്യം ചെയ്യുമെന്ന് ആരെങ്കിലും മന്ത്രിയോടു ചോദിച്ചാല്‍ അതിനുള്ള ഉത്തരത്തിന് മന്ത്രി വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ച് നേരിടും. അങ്ങാടിപ്പുറം തളിക്ഷേത്ര വാതില്‍ തകര്‍ത്തത് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യദ്രോഹികളാണ്. ഹിന്ദു മുസ്ലിം ചേരി തിരിവിനും വലിയ കലാപങ്ങള്‍ക്കും വഴിമരുന്നിട്ടേക്കാവുന്ന വിഷയം. മുസ്ലിംങ്കള്‍ ആണെന്ന് കണ്ടെത്താന്‍ ചിലര്‍ ഓടി വന്നു എന്നു ജലീല്‍ തന്നെ പറയുന്നുണ്ട്. വളരെ സെന്‍സിറ്റീവായ വിഷയത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആരേയും പഴിചാരിയല്ല വിഷയം ഒത്തു തീര്‍ത്തത്. അമ്പല പരിപാലന കമ്മിറ്റിയെ വിളിച്ചിരുത്തി മതസൗഹാര്‍ദ്ദത്തിന്റെ എക്കാലത്തേയും മഹിത മാതൃകയായ ചരിത്രത്തിന് പുതിയ അദ്ധ്യാങ്ങള്‍ തുന്നിച്ചര്‍ക്കുകയായിരുന്നു. അമ്പലവാതില്‍ മുസ്ലീംങ്കള്‍ നിര്‍മ്മിച്ചു തരും എന്നു പറഞ്ഞപ്പോള്‍ നല്ലവരായ സ്‌നേഹവും ഈശ്വര വിശ്വാസവുമുള്ള ഹൈന്ദവ വിശ്വാസികള്‍ തങ്ങളുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു.
ഇനി താനൂരില്‍ നടന്നത്. ഹര്‍ത്താല്‍ മുസ്ലിം താവ്രവാദ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തും പണിയെടുത്തും വിജയിപ്പിച്ചത് എന്ന് ആദ്യമേ വരുത്തി തീര്‍ക്കാന്‍ ശ്രമിചച്തു ജലീലിന്റെ മുഖ്യനും പാര്‍ട്ടി സെക്രട്ടറിയും തന്നേയാണ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് വര്‍ഗീയ വാദികള്‍ എന്ന് പ്രസ്താവന ഇരക്കിയത് ഇതുകൊണ്ടാണ്. ഈ ആവേശത്തിലാണ് ജലീലും പരിവാരങ്ങളും താനൂരിലെത്തിയത്. ഇരുപതോളം വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടിട്ടുണ്ട്. അതില്‍ മൂന്നു ഹൈന്ദവ സഹോദരന്മാരുടെ കടകള്‍ മാത്രം തിരഞ്ഞുപിടിച്ച് നന്നാക്കുന്നതിലെ ലോജിക്കാണ് രാഷ്ട്രീയ പ്രേരിതം എന്ന് പറയുന്നത്. ബാക്കി പതിനാറോളം കടകള്‍ കാണേണ്ടിയിരുന്നു. കെ.ആര്‍.ബേക്കറിക്കുള്ളില്‍ കയറി പപ്‌സ് മോഷ്ടിക്കുന്നവരുടെ തലയില്‍ കെട്ടിയ തുണിയില്‍ ഉള്ള ചിഹ്നം കണ്ടതോടെ ജലീല്‍ ഉറപ്പിച്ചു അത് അവര്‍ തന്നെ. അവരെ അടിക്കാന്‍ കിട്ടിയ വടി കനമുള്ളതു തന്നെ ആക്കി. പക്ഷെ, ചിത്രം ആകെ മാറിയത് മലപ്പുറം പോലീസിന്റെ പഴുതടച്ച അന്വേഷണമാണ്. തെക്കന്‍ ജില്ലയിലെ സംഘ്പരിവാര്‍ അനുയായികളാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതും കലാപത്തിനും അക്രമത്തിനും പ്രേരിപ്പിച്ചതെന്നും വാര്‍ത്ത വന്നു. അഞ്ചു യുവ സേന പ്രവര്‍ത്തകരെ കേസെടുത്തു ജയിലിലുമടച്ചു. മാത്രമല്ല താനൂരിലും തിരൂരിലും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ എല്ലാപാര്‍ട്ടിക്കാരും ഉള്‍പ്പെടുകയും ചെയ്തതോടെ മന്ത്രിയുടെ പ്രസ്താവന ലക്ഷ്യം തെറ്റി. എന്നാല്‍ അബദ്ധം തിരുത്തുന്നതിന്നുപകരം വിവരം പുറത്തുകൊണ്ടുവന്ന മീഡിയാവണ്ണിനെതിരെ തിരിയുകയാണ് മന്ത്രി ചെയ്തത്. തങ്ങല്‍ ചെയ്തത് കലാപം കെടുത്തുകയാണ്. ജലീല്‍ ചെയ്തത് കലാപത്തിന് ആക്കം കൂട്ടുകയാണ്. അതെങ്ങിനെ എന്നല്ലേ. ഹിന്ദു കടകള്‍ മാത്രമെ കലാപകാരികള്‍ മലപ്പുറത്ത് തകര്‍ത്തുള്ളു എന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയായിരുന്നു താങ്കള്‍. പത്തൊമ്പത് കടകള്‍ തകര്‍ത്തു അതില്‍ ഹിന്ദുക്കളുടേയും മുസ്ലിംങ്കളുടേയും ഉണ്ട് എന്ന് താങ്കള്‍ പറയേണ്ടിയിരുന്നു. വലിയ തോതില്‍ നഷ്ടം സംഭവിച്ച മൂന്ന് ഹൈന്ദവ സഹോദരങ്ങളുടെ സ്ഥാപനങ്ങള്‍ ഞങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നു എന്നായിരുന്നു താങ്കള്‍ പറയേണ്ടിയിരുന്നത്.അല്ലാതെ ഹൈന്ദവ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അവര്‍ വരുത്തിതീര്‍ക്കാന്‍ ആഗ്രഹിക്കുന്ന മലപ്പുറം വര്‍ഗീയം ഹിന്ദുക്കളുടെ ജീവനും സ്വത്തിനും സുരക്ഷയില്ല എന്ന സന്ദേശമല്ലായിരുന്നു നല്‍കേണ്ടത്. മീഡിയാ വണ്‍ ആ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നത് വരെ താങ്കളുടെ പത്രക്കുറിപ്പ് വലിയ ദുസ്സൂചനകളാണ് സമൂഹത്തില്‍ വരുത്തിയത്.പത്തൊമ്പത് സ്ഥാപനം തകര്‍ക്കപ്പെട്ടു എന്നും ബാക്കി പതിനാറും മുസ്ലീംങ്കളുടേതാണെന്നും താങ്കള്‍ മറച്ചുവെച്ചതിലെ ശെരികേടാണ് ചോദ്യം ചെയ്യപ്പെടുന്നത്. താങ്കള്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നതിലുപരി സംസ്ഥാനത്തിന്റെ ഒരു മന്ത്രിയാണ് അമ്പലവും പള്ളിയും ഒക്കെ നോക്കി നടത്തുന്ന ഒരു മന്ത്രി. താങ്കളുടെ ഇരിപ്പിടത്തിന്റെ മഹനീയതപോലും നഷ്ട്ടപ്പെടുത്തുന്ന നടപടികള്‍ അങ്ങയില്‍ നിന്നുണ്ടാവുമ്പോള്‍ തിരുത്തുന്നവരെ കൊഞ്ഞനം കുത്തുകയാണ് താങ്കളുടെ എഫ് ബി പോസ്റ്റ്. മുസ്ലിം ലീഗ് എന്ന താങ്കളുടെ മുന്‍കാല വസതിയോടും അതിലെ ബന്ധുക്കളോടും താങ്കള്‍ക്ക് വെറുപ്പും വിദ്ദേശവും ഒക്കെ ഉണ്ടാവാം. പക്ഷെ ആ വെറുപ്പ് തീര്‍ക്കാന്‍ സമൂഹം ഏറെ ഭയപ്പെടുന്ന ഇത്തരം വിഷയങ്ങള്‍ കൊണ്ടാവരുത് എന്നാണ് സമാധാന പ്രേമികളായ മലപ്പുറത്തെ നല്ല മനുഷ്യര്‍ക്ക് പറയാനുള്ളത്. ശിഹാബ് തങ്ങളെപ്പോലെ, അല്ലെങ്കില്‍ ആ മഹാന്റെ നന്മകള്‍ ഇന്നും താങ്കള്‍ക്ക് പ്രചോദനവും ആവേശവും എന്നതില്‍ സന്തോഷമുണ്ട്. പക്ഷെ, ഇന്നത്തെ ഫെയ്‌സ് ബുക്കിലെ താരതമ്യം വളരെ താഴ്ന്നുപോയി എന്നു പറയാതെ വയ്യ..താങ്കള്‍ അവസാനം പറഞ്ഞ വിശുദ്ധഖുര്‍ആനിലെ ഒരു വാക്യം ഓര്‍മ്മപ്പെടുത്തട്ടെ
..ഒരു ജനതയോടുള്ള വിദ്ദേശം നിങ്ങളെ അനീതി ചെയ്യാന്‍ പ്രേരിപ്പിക്കാതിരിക്കട്ടെ.
അമ്മാര്‍ കിഴുപറമ്പ്.

ജലീലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം………..

അന്ന് ശിഹാബ് തങ്ങൾ ചെയ്തു ; ഇന്ന് ഞങ്ങൾ ചെയ്തു : രണ്ടിനും ഒരേ ലക്ഷ്യം .
—————————————– 2007 ആഗസ്റ്റ് 3 , അന്നൊരു വെള്ളിയാഴ്ചയായിരുന്നു . നേരം വെളുക്കാൻ തുടങ്ങിയപ്പോഴാണ് ആ കാഴ്ച ജനങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് . അങ്ങാടിപ്പുറത്തെ ചിരപുരാതനമായ തളിക്ഷേത്രത്തിന്റെ ഗോപുരവാതിൽ തീ കൊളുത്തി നശിപ്പിക്കാൻ ശ്രമിച്ചതിന്റെ കറുത്ത പാടുകൾ അപ്പോഴും ഒടുങ്ങാത്ത കനലോടെ പുകഞ്ഞ് നിൽക്കുന്നു . കണ്ടവർ കണ്ടവർ മൂക്കത്ത് കൈവിരൽ വെച്ച് അൽഭുതം കൂറി . പൊടിപ്പും തൊങ്ങലും ചേർത്ത വാർത്തകൾ നാടെങ്ങും പ്രചരിച്ചു . വർഗ്ഗീയ മുതലെടുപ്പിനായി കുമ്മനം ഓടിയെത്തി റോഡ് പ്രതിരോധിച്ചു . ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിൽ അടക്കം പറച്ചിലുകൾ സജീവമായി . തൊട്ടടുത്തുള്ള മുസ്ലിം പള്ളിയിൽ എന്ത് ചെയ്യണമെന്നറിയാതെ നിഷ്കളങ്കരായ ഒരു പറ്റം ആളുകളും കൂടി നിൽക്കുന്നുണ്ട് . ഒരു ചെറിയ തീപ്പൊരി വീണാൽ എല്ലാം കത്തിച്ചാമ്പലാകുമെന്ന അവസ്ഥ . കൂട്ടംകൂടിനിന്നവർ ശ്വാസം അടക്കിപ്പിടിച്ച് നിൽക്കുകയാണ് . ആരും ഒന്നും പറയുന്നില്ല . പക്ഷെ എന്തൊക്കെയോ അവരുടെ മുഖത്ത് കെട്ടിനിൽക്കുന്നുണ്ട് . പരിഹാരക്രിയക്കായി ഒരു ദൂതനെ ജനങ്ങൾ തേടുന്ന ഘട്ടത്തിലാണ് ഗൗരവമാർന്ന മുഖത്തോടെ തൂവെള്ള വസ്ത്രവും തൊപ്പിയും ധരിച്ച് ശിഹാബ് തങ്ങൾ സാമൂഹ്യദ്രോഹികൾ തീകൊടുത്ത് നശിപ്പിച്ച ക്ഷേത്ര കവാടത്തിനരികിൽ വന്നിറങ്ങിയത് . എല്ലാവരും തങ്ങൾക്ക് ചുറ്റും കൂടി . എല്ലാം ഒന്ന് വീക്ഷിച്ച തങ്ങൾ , കൂടിനിന്നവരോടായി പറഞ്ഞു ; ഗോപുരവാതിൽ പൂർവ്വസ്ഥിതിയിലാക്കാൻ ഞങ്ങൾ മുൻകയ്യെടുക്കും . ഇത് കേട്ടവർ നെഞ്ചത്ത് കൈവെച്ച് ആശ്വാസം പ്രകടിപ്പിച്ചു . നിധിയിലേക്കുള്ള ആദ്യ സംഭാവന സാദിഖലി തങ്ങൾ നൽകി . എല്ലാം ശുഭകരമായി അവസാനിച്ചു . മുതലെടുപ്പ് ലക്ഷ്യമിട്ടെത്തിയ വർഗ്ഗീയ വാദികൾ ഓടിയ വഴിക്ക് പുല്ല് മുളച്ചിട്ടില്ല . അന്ന് തങ്ങളുടെ കൂടെ കുഞ്ഞാലിക്കുട്ടി സാഹിബും ഇപ്പോഴത്തെ MLA ഹമീദ് സാഹിബും ഉണ്ടായിരുന്നു .

മലപ്പുറത്തെ മുസ്ലിങ്ങളെ ക്ഷേത്രത്തിന് തീ കൊളുത്തുന്നവരാക്കി ശിഹാബ് തങ്ങൾ മാറ്റിയെന്ന് പ്രസ്തുത സംഭവപരമായി ബന്ധപ്പെട്ട് ആരും പറഞ്ഞതായി അറിവില്ല . ഇരുട്ടിന്റെ ശക്തികൾ നടത്തിയ തെമ്മാടിത്തം ഒരു സമുദായത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് തുല്ല്യമായിപ്പോയി , തങ്ങളുടെ ഇടപെടലെന്ന് ആരെങ്കിലും ആരോപിച്ചതായും കേട്ടിട്ടില്ല . അന്നും ഇന്നും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളു . അന്ന് വെൽഫയർ പാർട്ടിയും മീഡിയ വൺ ചാനലും ഉണ്ടായിരുന്നില്ല .

ഇതിപ്പോൾ ഓർത്തത് വാട്‌സ്അപ് ഹർത്താലിനെ തുടർന്ന് താനൂരിലെ പൂർണ്ണമായും നശിപ്പിക്കപ്പെട്ട രണ്ടു ഹൈന്ദവ സഹോദരങ്ങളുടെ കടകൾ പൂർവ്വസ്ഥിതിയിലാക്കാൻ ഞങ്ങൾ മുൻകയ്യെടുത്ത് ഒരു നിധി രൂപീകരിച്ചതിനെ ലീഗ് നേതൃത്വം വിമർശിച്ച് പ്രതികരിച്ച പശ്ചാതലത്തിലാണ് . അങ്ങാടിപ്പുറത്തേത് പോലെ കുമ്മനം താനൂരിലും എത്തിയിരുന്നു , കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ . വെൽഫെയർ പാർട്ടിക്ക് എന്തും പറയാം . “മേൽപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി” . എന്നാൽ മുസ്ലിംലീഗ് അങ്ങിനെയാണോ ? സംഘി അനുകൂലികൾ കുഴിച്ച കുഴിയിൽ മുസ്ലിം ചെറുപ്പക്കാർ വീണത് പോലെ , മുസ്ലിം സമുദായത്തിലെ ചില വൈകാരികൻമാർ കുഴിച്ച കുഴിയിൽ ലീഗ് വീണുപോകരുതായിരുന്നു.
ശിഹാബ് തങ്ങൾ അങ്ങാടിപ്പുറത്ത് ചെയ്തതേ ഞങ്ങൾ താനൂരിൽ ചെയ്തിട്ടുള്ളു . ലീഗ് ചെയ്യേണ്ടിയിരുന്നത് അവർ ചെയ്യാതെ വന്നപ്പോൾ ഞങ്ങൾ ചെയ്തു . അത്രമാത്രം . ഒരു കാര്യം ലീഗ് ചെയ്താൽ അത് മതസൗഹാർദ്ദ പ്രതീകവും ലീഗേതരർ ചെയ്താൽ അത് വർഗ്ഗീയ പ്രതീകവും ആകുന്നത് എങ്ങിനെയാണ് ? “ഏൽപ്പിച്ച ദൗത്യം ഒരു ജനത നിർവ്വഹിക്കുന്നില്ലെങ്കിൽ ആ ഉത്തരവാദിത്തം നിറവേറ്റാൻ നാം മറ്റൊരു സമൂഹത്തെ പകരം കൊണ്ടുവരും” (വിശുദ്ധ ഖുർആൻ)

https://www.facebook.com/drktjaleelonline/?ref=br_rs

അന്ന് ശിഹാബ് തങ്ങൾ ചെയ്തു ; ഇന്ന് ഞങ്ങൾ ചെയ്തു : രണ്ടിനും ഒരേ ലക്ഷ്യം .

 

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar