യു.എ.ഇയില്‍ പൊതുമാപ്പ് .ദുബൈ കെ.,എം,സി,സി വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ്: അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യംവിടാന്‍ അവസരമൊരുക്കി യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യു.എ.ഇയില്‍ തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഉള്ള അവസരം വിദേശികള്‍ക്ക് നല്‍കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (എഫ്.എ.ഐ.സി) ചെയര്‍മാന്‍ അലി മുഹമ്മദ് ബിന്‍ ഹമ്മാദ് അല്‍ ശാംസി പറഞ്ഞു.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുക. അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവര്‍ക്ക് നേരിടേണ്ടിവരില്ല. ‘പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ’ എന്ന പേരിലായിരിക്കും പൊതുമാപ്പ് നടപ്പാക്കുന്നത്.

വിസ നിയമങ്ങളില്‍ അയവ് വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് പൊതുമാപ്പും നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തുമെന്ന് വിദേശകാര്യ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയിദ് റകാന്‍ അല്‍ റാശ്ദി പറഞ്ഞു. ഈ അവസരം ഉപയോഗിക്കാതെ നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത നിയമനടപടികളും പിഴയും നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

യു.എ.ഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ച 2013 ല്‍ 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു അന്ന് പൊതുമാപ്പിന്റെ കാലാവധി.

ദുബൈ കെ.എം.സി.സി. ഹെല്‍പ്പ് ഡസ്‌ക് ഏര്‍പ്പെടുത്തും.

ദുബൈ: വിവിധ കാരണങ്ങളാല്‍ സ്വദേശത്തേക്ക് മടങ്ങാനാവാതെ രാജ്യത്ത് തങ്ങേണ്ടിവന്ന അനധികൃത താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ സ്വദേശത്തേക്ക് മടങ്ങുന്നതിനും രേഖകള്‍ നിയമവിധേയമാക്കി രാജ്യത്ത് തുടരുന്നതിനും അവസരമൊരുക്കിക്കൊണ്ടുള്ള യു.എ.ഇ. സര്‍ക്കാരിന്റെ പൊതുമാപ്പ് പ്രഖ്യാപനത്തെ ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹയും ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും സ്വാഗതം ചെയ്തു.
സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സര്‍ക്കാരിന്റെ ഈ നടപടി അഭിനന്ദനാര്‍ഹമാണെന്നും യു.എ.ഇ. ഭരണാധികാരികളുടെ കരുണാര്‍ദ്രമായ മാനുഷിക മുഖത്തെയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തോടെ നാട്ടിലേക്ക് തിരിക്കാനുള്ള ഈ അവസരം ആഗസ്ത് ഒന്ന് മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ അനധികൃത താമസക്കാരും ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി സ്വരാജ്യത്തേക്ക് മടങ്ങുന്നവര്‍ക്കും രേഖകള്‍ നിയമവിധേയമാക്കി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യമായ നിയമ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുമെന്നും അതിനായി അല്‍ ബറാഹ കെ.എം.സി.സി. ആസ്ഥാനത്ത് പ്രത്യേകം ഹെല്‍പ്പ് ഡസ്‌ക് കൌണ്ടര്‍ ഏര്‍പ്പെടുത്തുമെന്നും കെ.എം.സി.സി. ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ: സാജിദ് അബൂബക്കര്‍ അറിയിച്ചു. കഴിഞ്ഞ പൊതുമാപ്പ് കാലയളവില്‍ നിരവധി പേര്‍ക്ക് ദുബൈ കെ.എം.സി.സി.യുടെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar