കരിമണല്‍ ഖനന സമരം ശക്തമാവുന്നു.
കൊച്ചി:കരിമണല്‍ ഖനന സമരം ശക്തമാവുന്നു. കൂടുതല്‍ ജന പങ്കാളിത്വത്തോടെ വരും ദിവസങ്ങളില്‍ ജനകീയ മുന്നേറ്റത്തോടെ സമരം കേരളം ഏറ്റെടുക്കുമെന്ന മുന്നറിയിപ്പാണ് സോഷ്യല്‍ മീഡിയയിലടക്കം സമര മുദ്രാവാക്യങ്ങള്‍ വൈറലാവുന്നത് വിരല്‍ചൂണ്ടുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള സാമൂഹ്യ സാംസ്‌ക്കാരിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ പിന്തുണയുമായി രംഗത്തെത്താന്‍ തുടങ്ങിയതോടെ സമരം വരും നാളുകളില്‍ ശക്തമാവുമെന്ന മുന്നറിയിപ്പാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരുനാഗപ്പള്ളി ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ പ്രദേശവാസികല്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജ് യൂനിയന്റെ നേതൃത്വത്തില്‍ കോളജില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ആലപ്പാട് നടക്കുന്ന സമരം ഒരു നാടിന്റെ നിലനില്‍പ്പിനു വേണ്ടിയാണെന്നും പ്രളയ ദുരന്തത്തില്‍ കേരളത്തിനൊപ്പം നിന്ന മല്‍സ്യത്തൊഴിലാളികള്‍ പിറന്ന നാടിന്റെ നിലനില്പിന് വേണ്ടി സമരം ചെയ്യുമ്പോള്‍ അവരുടെ കൂടെ നില്‍ക്കേണ്ടതും ഒരു നാടിനെ ഖനനമെന്ന പേരില്‍ തുടച്ചുനീക്കുന്നതിനെതിരെ കേരളത്തിലെ യുവാക്കള്‍ ഒന്നടങ്കം മുന്നോട്ടുവരണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. മനുഷ്യച്ചങ്ങലയില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ അണിചേര്‍ന്നു. യുവാക്കളുടെ ഒരുമ കൊണ്ട് ഇത്തരമൊരു വിപത്തിനെ ചെറുത്തുതോല്‍്പിച്ച് ആലപ്പാടിന്റെ ഭീതിക്ക് പരിഹാരം കാണണമെന്ന് മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്ത കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കപ്പള്ളി അഭിപ്രായപ്പെട്ടു. ആലപ്പാടിനെ കേരളത്തിന്റെ മുറിപ്പാടായി മാറുവാന്‍ അനുവദിക്കയില്ലെന്നും അവരുടെ സമരത്തിനൊപ്പം തങ്ങള്‍ ഒപ്പമുണ്ടെന്നും കേരളത്തിലെ മുഴുവന്‍ കാംപസുകളുടെയും ശബ്ദം ആലപ്പാടിനൊപ്പം മുഴങ്ങി അധികാരികളുടെ കണ്ണു തുറപ്പിക്കണമെന്നും യൂനിയന്‍ ചെയര്‍മാന്‍ ഡിറ്റോ മാത്യു പറഞ്ഞു. ഐക്യദാര്‍ഢ്യം മാത്രമായി ഒതുങ്ങുന്നില്ല, സാമൂഹ്യ മാധ്യമങ്ങളിലൂടെ സമരത്തിന്റെ വിജയം വരെയും സേവ് ആലപ്പാടിനൊപ്പം പ്രവര്‍ത്തിക്കുമെന്നും ഡിറ്റോ അഭിപ്രായപ്പെട്ടു. ഷോണ്‍ സിബി , കിരണ്‍ എം ധരന്‍ നേതൃത്വം നല്‍കി
0 Comments