ഇളംശരീരത്തെയും പിച്ചിച്ചീന്തുന്ന പ്രത്യയശാസ്ത്രം

കെ.എം അബ്ബാസ് .ദുബൈ;

നാട്ടിൽ നിന്ന് നല്ല വാർത്തകൾ അധികം കേൾക്കാനില്ല. മാത്രമല്ല, ചില വാർത്തകൾ നടുക്കമുളവാക്കുകയും വലിയ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നു.
ജമ്മുവിലെ കത്വയിൽ എട്ടു വയസ്സുകാരിയെ എട്ട് നരാധമന്മാർ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതു ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. ഗൾഫിലെ അടക്കം ലോക മാധ്യമങ്ങളിൽ ഭാരതത്തിന്റെ തല കുനിഞ്ഞു പോയത് ഏറെ വേദനയുളവാക്കുന്നു.
അധികാരത്തിനു വേണ്ടി അവിവേകികൾ രൂപം കൊടുത്ത വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രമാണ് ഇതിനെല്ലാം അടിസ്ഥാന കാരണമായി മിക്കവരും ചൂണ്ടിക്കാട്ടുന്നത്. ഏതാനും ദിവസം മുമ്പ് പശ്ചിമ ബംഗാളിൽ പള്ളി ഇമാമിന്റെ മകനെ അടിച്ചു കൊലപ്പെടുത്തിയതും ഉത്തർപ്രദേശിലെ ഉന്നാവോയിൽ ദളിത് യുവതിയെ എം എൽ എ മാനഭംഗത്തിന് ഇരയാക്കിയതും കത്വ നിഷഠൂരതയോട് ചേർത്തു വായിക്കുകയാണ്.
ഉന്നത ജാതിക്കാരല്ലാത്തവർ വെറുക്കപ്പെടേണ്ടവരും ഉൻമൂലനം ചെയ്യപ്പെടേണ്ടവരും ആണെന്ന ബോധവുമായി ലക്ഷക്കണക്കിനാളുകൾ ഇന്ത്യയിൽ ഉദയം ചെയ്തിരിക്കുന്നു. അവർക്ക് അധികാരബലമുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇന്ത്യക്കാർക്കിടയിൽ അനുയായികളുണ്ട്.
അവർക്കു പിന്തുണയുമായി സമൂഹമാധ്യമങ്ങളിൽ ധാരാളം പേർ രംഗത്ത് വരുന്നു. ഒരു പുരാണ പ്രത്യയശാസ്ത്രം അതിനു പ്രചോദനമാകുന്നു.
മനഃസാക്ഷി ഉള്ളവരെയെല്ലാം അഗാധ ദുഃഖത്തിലാഴ്ത്തിയ കൊലപാതകമാണ് കത്വയിൽ നടന്നതെങ്കിലും ആ കൊലപാതകത്തെ ന്യായീകരിക്കുന്ന കുറച്ചുപേരെങ്കിലും ആഗോള ഇന്ത്യക്കാരിൽ ഉണ്ടായി എന്നത് ലജ്ജിപ്പിക്കുന്നു. ജമ്മുവിൽ നിന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ ആട്ടിപ്പായിക്കണമെന്ന വികാരം ആളിപ്പടർത്തിയത് കേന്ദ്രം ഭരിക്കുന്ന കക്ഷിയാണ്. കശ്മീരിൽ ഉന്നത ജാതിക്കാരായ പണ്ഡിറ്റുകൾ പീഡിപ്പിക്കപ്പെടുന്നുവെന്നു നിരന്തരം പ്രചാരണം നടത്തുകയും ജമ്മുവിൽ പകരം ചോദിക്കണമെന്ന വികാരം പടർത്തുകയും ചെയ്തു തുടങ്ങിയിട്ട് കാലം ഏറെ ആയിട്ടില്ല. കശ്മീരിൽ ഉന്നത ജാതിക്കാർ മാത്രമല്ല, മുസ്‌ലിംകളും ഭീകരാക്രമണത്തിന് വിധേയമാകാറുണ്ടെന്നത് അവർ സൗകര്യപൂർവം മറന്നു. ഭീകരവാദത്തിന് മറുമരുന്ന് മറ്റൊരു ഭീകരവാദമല്ലെന്നും ചെവിക്കൊണ്ടില്ല. അതിന്റെ തുടർച്ചയാണ് ജമ്മുവിൽ എട്ടു വയസ്സുകാരിയെ പിച്ചിച്ചീന്തിയതിലൂടെ മറനീക്കി പുറത്തു വന്നത്. എട്ടു പേർ മാറി മാറി ആ ഇളം ശരീരത്തെ തകർത്തു. ആ കുഞ്ഞു, അവസാന ശ്വാസം വലിക്കുന്നതിനു മുമ്പ് ഒരിക്കൽ കൂടി ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞത്, ഒരു പോലീസ് ഓഫീസറാണ്.
പെൺകുട്ടി ഉൾപ്പെടുന്ന ബഖർവാൾ സമുദായക്കാരെ ഭയപ്പെടുത്തി ആ പ്രദേശത്തു നിന്ന് ഓടിക്കാൻ വേണ്ടിയാണ് എട്ടു പേർ ക്രൂരകൃത്യം ചെയ്തത്.
പതിവുപോലെ, പ്രതികളെ രക്ഷിക്കാൻ ബി ജെ പി മന്ത്രിമാർ രംഗത്തിറങ്ങി. അധികാര സ്ഥാനങ്ങളിൽ എത്താൻ വെമ്പൽ കൊള്ളുന്ന അഭിഭാഷകർ അടക്കം പലരും പ്രതികൾക്ക് വേണ്ടി അണിനിരന്നു. രമേഷ് കുമാർ ജല്ല എന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്റെയും ദീപിക സിംഗ് രജാവത് എന്ന അഭിഭാഷകയുടെയും രാജ്ദീപ് സർദേശായിയെപ്പോലുള്ള ധീരരായ മാധ്യമപ്രവർത്തകരുടെയും ഇടപെടലാണ് ആ കുഞ്ഞിന്റെ കുടുംബത്തിന് അൽപമെങ്കിലും നീതിയായത്.
എല്ലാ തരം വർഗീയതയെയും മനസ്സിൽ നിന്ന് ആട്ടിയോടിക്കാനുള്ള അവസരമായെങ്കിലും കത്വ സംഭവത്തെ കാണണം. മതവിശ്വാസവും വർഗീയതയും രണ്ടാണെന്ന് തിരിച്ചറിയണം. വ്യാജ പ്രചാരണങ്ങളെ കരുതി നിൽക്കണം. രാഷ്ട്രീയ ലാഭത്തിനു മതത്തെ ഉപയോഗിക്കരുത്.
വിദ്യാഭ്യാസം മാത്രം പോര, വിവേകശാലികളും മനുഷ്യത്വമുള്ളവരും ആകാൻ എന്നും പല കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ആർ സി സി യിൽ റാസൽഖൈമയിലെ പ്രശസ്ത ഡോക്ടർ മേരി റെജി മരിച്ചത് ഒരു പറ്റം ഡോക്ടർമാരുടെ കുറ്റകരമായ അനാസ്ഥ കൊണ്ടാണെന്ന വിവരം പുറത്തു വന്നിരിക്കുന്നു. ഒരു രോഗിയോട്,അതും ഒരു ഡോക്ടറോട് ഒരിക്കലും കാണിക്കാൻ പാടില്ലാത്ത അവഗണനയാണ് ആർ സി സിയിൽ കണ്ടത്.
ഡോക്ടർമാരുടെ വീഴ്ചകൾ തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നു ഡോ. മേരിയുടെ ഭർത്താവ് ഡോ റെജി ജേക്കബ് പറയുന്നു. അബോധാവസ്ഥയിലായ ഭാര്യയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ തന്നെ നിർദേശിച്ചിട്ടും തയാറായില്ലെന്നു ഡോ. റെജി ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ സംസ്ഥാന ഭരണകൂടം ഉന്നത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു ജീവന് അത് പകരമാകില്ല. വരാപ്പുഴയിൽ എസ് ആർ ശ്രീജിത് എന്ന ചെറുപ്പക്കാരൻ മരിച്ചത് പോലീസിന്റെ കാടത്ത സ്വഭാവം കൊണ്ടാണ്. ഇന്ത്യയിൽ മിക്കയിടത്തും പോലീസ് ഇത്തരത്തിലാണ് എന്ന് കൈകഴുകാൻ പാടില്ല. മാനവിക ബോധത്തിൽ ഏറെ മുന്നിലുള്ള സമൂഹമാണ് കേരളം. ദൈവത്തിന്റെ സ്വന്തം നാട്. അവിടെ ഉത്തരേന്ത്യയിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ പോലുള്ളത് സംഭവിക്കരുത്.
കത്വയിലെ കൊലപാതകത്തെ ന്യായീകരിക്കുന്നവർ കേരളത്തിലെ പോലീസിന്റെ നടപടിയെ അപലപിക്കാനും പാടില്ല. അതിനു അവർക്ക് അർഹതയില്ല.
ഐ എസ് ഭീകരവാദം ലോകത്തു വരുത്തിവെച്ച ദുരന്തം ചെറുതല്ല. അപരസംസ്‌കാരത്തെ കായികമായി ഇല്ലായ്മ ചെയ്യലാണ് അധികാരം പിടിച്ചെടുക്കാനുള്ള എളുപ്പവഴി എന്നതാണ് ഐ എസ് മാർഗം. അതിന്റെ മറ്റൊരു വശമാണ് ലോകത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ചിലർ ആസൂത്രണം ചെയ്തത്. അവർ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുകയാണ്.
അത് തിരിച്ചറിയാൻ വൈകിക്കൂടാ. ഗൾഫിൽ പരിമിത ജനാധിപത്യമാണെങ്കിൽ പോലും ഇത്തരത്തിൽ ക്രൂരതകൾ ഉണ്ടാകാറില്ല. കത്വ ഒരു ഗൾഫ് രാജ്യത്തു സംഭവിക്കുകയേയില്ല. ഏത് പാതിരാത്രിക്കും ഏത് പ്രായക്കാർക്കും നിർഭയം പുറത്തിറങ്ങാം. കുറ്റവാളികൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നതുകൊണ്ട് മാത്രമല്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം ഇല്ലാത്തതുകൊണ്ടുകൂടിയാണ്. കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തു കൊല്ലുന്നവരെ സംരക്ഷിക്കാൻ ലോകത്തു ഏതെങ്കിലും രാഷ്ട്രീയ കക്ഷി തയാറാകുമോ?

അത്താഴം ശിശുക്കളുടെ
മാംസമായി.
ദാഹം തീർക്കാൻ
മുതിർന്നവരുടെ രക്തവും.
അങ്ങിനെയാണ്
ഞങ്ങളുടെ നഗരങ്ങളെല്ലാം
കാടുകളായത്
ഗുഹകളിൽ ഇരുട്ടകറ്റാൻ
ഇപ്പോൾ ഞങ്ങൾ മനുഷ്യരെ കാത്തിരിക്കുന്നു
ഹാ! എന്തൊരു
കൊതിപ്പിക്കുന്ന സുഗന്ധം
(നരഭോജികൾ –
സച്ചിദാനന്ദൻ)

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar