സാന്ത്വനമായി ഇ.ടി ആസിഫയുടെ വീട്ടില്‍: അമ്പതാം വിവാഹ വാര്‍ഷികം മാറ്റിവെച്ച് കുടുംബം
: അമ്മാര്‍ കിഴുപറമ്പ് :
കൊല്ലവര്‍ഷം ആയിരത്തിത്തൊള്ളായിരത്തി അറുപത്തി എട്ട് ഏപ്രില്‍ 17. അരനൂറ്റാണ്ടു മുമ്പ് ഈ ദിവസമാണ് കോഴിക്കോട് ജില്ലയിലെ ചെറുവാടിയില്‍ ഏറെ ആഘോഷത്തോടെ ആ വിവാഹം നടന്നത്. വരന്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന നേതാവായത് കൊണ്ടു തന്നെ വിവാഹ വാര്‍ഷികത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ കുടുംബത്തിലെല്ലാവരും ഒത്തുകൂടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന മക്കളും മരുമക്കളും ഭാര്യാ ബന്ധുക്കളുമെല്ലാം ഇന്നലെ ചെറുവാടിയിലെ കട്ടയാട്ടു തറവാട്ടില്‍ ഒരുമിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചുറച്ചു. പലരും എത്തുകയും ചെയ്തു. അരനൂറ്റാണ്ട് മുമ്പ് ആഘോഷത്തോടെ നടന്ന വിവാഹത്തിന്റെ പൊലിമകള്‍ ഓര്‍ത്തെടുത്താണ് ഭാര്യാ സഹോദരന്‍ കെ.പി.യു അലിയുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ അമ്പതാം വിവാഹ വാര്‍ഷിക ഒത്തുകൂടല്‍ ആലോചിച്ചത്. വിശ്രമമില്ലാത്ത നിരന്തര യാത്രകൊണ്ടുണ്ടായ ചില ശാരീരിക അസ്വസ്ഥകള്‍ കാരണം ഒരാഴ്ച്ചയോളമായി ഡല്‍ഹിയിലെ ആര്‍.എം ഹോസ്പിറ്റലിലായിരുന്നു വിവാഹ വാര്‍ഷികാഘോഷത്തിലെ നായകനായ ഇ.ടി. മുഹമ്മദ് ബഷീര്‍. ഇ.ടി തന്നെ വിളിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഝനറല്‍ കൗണ്‍സില് യോഗത്തേില്‍പോലും പങ്കെടുക്കാന്‍ കഴിയാതെ ചികിത്സയിലായിരുന്നു അദ്ദേഹം. എന്തായാലും ഡിസ്ചാര്‍ജ്ജ് വാങ്ങി നാട്ടിലെത്തുമെന്നും കുടുംബ സന്തോഷത്തില്‍ ആഘോഷങ്ങളില്ലെങ്കിലും പങ്കെടുക്കുമെന്നും ഇ.ടി. ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പക്ഷെ, രാജ്യം വേദനയോടെ പിഞ്ചു മകള്‍ ആസിഫയുടെ ധാരുണ മരണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ സന്തോഷത്തേക്കാള്‍ വലുതായിരുന്നു ആസിഫയുടെ കുടുംബം. ലോകം മുഴുവന്‍ ഇന്ത്യയിലെ കഠ്‌വ എന്ന കാശ്മീര്‍ ഗ്രാമത്തെക്കുറിച്ച് വേവാലാതിപ്പെടുമ്പോള്‍ ഇ.ടിയുടെ മനസ്സിലും ആ പ്രദേശം നോവായ് നിറഞ്ഞു. കപട മത ഭ്രാന്തന്മാര്‍ ആസിഫയുടെ മരണശേഷവും ആ കുടുംബത്തെ നിരന്തരം ഉപദ്രവിച്ചതിനാല്‍ അവര്‍ നാടുവിട്ട് വീണ്ടും പലായനം ചെയ്‌തെന്ന വാര്‍ത്ത കാട്ടു തീ പോലെയാണ് പടര്‍ന്നത്. പൊക്കിള്‍ക്കൊടി അലിഞ്ഞു ചേര്‍ മണ്ണില്‍ നിന്നും സ്വന്തം മകളുടെ ജീവന്‍ അപഹരിച്ചിട്ടും കലിയടങ്ങാതെ ഭ്രാന്തന്മാര്‍ ആ കുടുംബത്തെ ജീവിക്കാന്‍ അനുവദിക്കാതെ ആട്ടിയോടിക്കുന്ു എ വാര്‍ത്ത,തെറ്റാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഇ.ടി. ഡല്‍ഹിയിലെ മനുഷ്യാവകാശ പൊതുപ്രവര്‍ത്തകരായ സ്‌നേഹിതരേയും കൂട്ടി തീവണ്ടി കയറി.
മനസ്സും ശരീരവും മരവിച്ച ചില മനുഷ്യരുടെ ഉള്ളുരുക്കങ്ങള്‍ നേരിട്ടറിയുക. അവരനുഭവിക്കുന്ന ഒറ്റപ്പെടലില്‍ അവര്‍ക്ക് താങ്ങും തണലുമാവുക ഇതായിരുന്നു യാത്രാലക്ഷ്യം. കഠ്‌വ എന്ന പ്രകൃതി രമണീയമായ ഭൂപ്രദേശത്തിന്റെ മടിത്തട്ടിലിലാണ് മനുഷ്യത്വം മരവിച്ചുപോയ ചിലരുടെ ക്രൂരതയ്ക്ക് വിധേയായ പുല്‍ക്കൊടി ആസിഫ ബാനുജീവിച്ചിരുന്നത്. ആസിഫ ബാനുവിന്റെ ദാരുണമായ വിയോഗത്തോടെ ലോകമനസ്സാക്ഷിക്കുമുന്നില്‍ കരിഞ്ഞുണങ്ങിയിരിക്കുന്നു ആ ദേശമിന്ന്. മുഹമ്മദ് യൂസുഫെന്ന പിതാവും നസീമയെന്ന മാതാവും അനുഭവിച്ച മനോവിഷമങ്ങള്‍ ലോകത്ത് മറ്റാര്‍ക്കും വരരുതേ എന്ന് ലോകം മുഴുവന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കുമ്പള്‍, ആ മനുഷ്യരെ കാണുക. അവര്‍ക്ക് എക്യദാര്‍ഡ്യം പകരുക. ഇതായിരുന്നു ഏതൊരാഘോഷത്തേക്കാളും ഇ.ടിക്കു വലുത്. രോഗം നല്‍കിയ ക്ഷീണം പോലും മറന്ന് ഡല്‍ഹിയില്‍ നിന്നും എഴുനൂറോളം കിലോമീറ്റര്‍ സഞ്ചരിച്ച് ജമ്മു കശ്മീരിലെത്തിയത് കരഞ്ഞു കലങ്ങിയ ഹൃദയത്തോടെ അതിലേറെ ഒറ്റപ്പെട്ടുപോയ കുറെ ജീവിതങ്ങള്‍. കരയാന്‍ കണ്ണുനീര്‍ പോലും വറ്റിപ്പോയ ജീവിതങ്ങളുടെ ഉള്ളുരുക്കങ്ങളിലൂടെ സഞ്ചരിരിച്ചത് മൂന്ന് മണിക്കൂറിലധികം സമയമാണ്. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ യാത്രാസംഘം നിസ്സഹായരായപ്പോള്‍ ആസിഫക്ക് പകരമായി ആ കുടുംബത്തിനു എന്തു നല്‍കിയാണ് അവരെ സമാധാനിപ്പിക്കുക എതായിരുന്നു ഇ.ടി.യെ അസ്വസ്ഥമാക്കിയത്. ആ പൊന്നുമോളുടെ ഖബറിടം കാണണമെന്ന ആഗ്രഹം വലിയതായിരുന്നു. പക്ഷെ, വെള്ളാരങ്കല്ലുകള്‍ നിറഞ്ഞ ചെങ്കുത്തായ മലയിറങ്ങി കിലോമീറ്ററുകള്‍ നടക്കണമെന്നും അതൊരു വലിയ ദുര്‍ഘടം പിടിച്ച പാതയാണെന്നും കുടുംബക്കാര്‍ ഒന്നടങ്കം പറഞ്ഞപ്പോള്‍ മാത്രമാണ് ഇ.ടി പിന്തിരിഞ്ഞത്. ആസിഫയെക്കുറിച്ചുള്ള സകല വേദനയുടേയും മാതാവായി ആ വേദന ഇ.ടിയുടെ മനസ്സിനെ എക്കാലത്തും പിന്തുടരും. ആ കുടുംബവുമായി സഹവസിക്കാനും ഉച്ചഭക്ഷണം അവരോടപ്പം കഴിക്കാനും ആശ്വാസം പകരാനുമായി എന്നത് മനം നിറയുന്ന അനുഭവമാണെങ്കിലും ഒരു പിഞ്ചു കുഞ്ഞിനും ഈ വിധി ഉണ്ടാവരുതേ എന്നാണ് ഇ.ടിയുടെ മനസ്സിന്റെ തേട്ടം. ആസിഫാ ബാനുവിന്റെ മാതാപിതാക്കള്‍ ഓരോ ശ്വാസ നിശ്വാസത്തിലും സഹിക്കുന്ന വേദന ലോകത്ത് ഒരു കുടുംബത്തിനും ഉണ്ടാവാതിരിക്കണമെന്നാണ് ഇ.ടി.യുടെ പ്രാര്‍ത്ഥന. മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഓരോ വിഷയത്തിന്റെയും കൃത്യമായ വിവരങ്ങള്‍ ആരായുമ്പോള്‍, കേള്‍ക്കുന്നവര്‍ വിതുമ്പുമ്പോള്‍, ആശ്വാസ വചനങ്ങള്‍ കൊണ്ട് സമാധാനം നല്‍കി ഇ.ടി എന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതിനിധി. ഇന്ത്യന്‍ ജനതയുടെ പ്രതിനിധിയായി ഒരാളെങ്കിലും ആ കുടുംബത്തിന്റെ കാല്‍ച്ചുവട്ടില്‍ എത്തുക അവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുക എന്നതാണ് വലിയ ഐക്യപ്പെടല്‍. അതൊരു പ്രതിഷേധവും സമാനതകളില്ലാത്ത സമരവുമാണ്. ഇന്ത്യയില്‍ നിന്നും ആ ദൗത്യം ഏറ്റെടുത്തത് മലയാളിയുടെ അഭിമാനമായ ഒരു നേതാവാണെന്നതില്‍ കേരളത്തിന് ലോകത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി ശിരസ്സുയര്‍ത്താം.
ചുറ്റിലുമുള്ള മനുഷ്യര്‍ ശത്രക്കളും പിശാചുക്കളുമായി മാറിയ ഒരിടത്ത് സ്‌നേഹവും സഹനവുമായി ഒരു കൂട്ടം മനുഷ്യര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മതേതര ഇന്ത്യ വീണ്ടും പുനര്‍ജനിക്കുകയായിരുന്നു ആസിഫയുടെ കുടുംബത്തിനു മുന്നില്‍. അവരുടെ ആശ്വാസ വാക്കുകളില്‍ പ്രതീക്ഷയോടെ ഒരു അത്താണിയെ ലഭിച്ച ആശ്വാസം നിഴലിച്ചിരുന്നു. ആ വയോധികരുടെ ചുക്കിച്ചുളിഞ്ഞ,കരഞ്ഞു കലങ്ങിയ മുഖങ്ങളില്‍ സാന്ത്വനത്തിന്റെ പ്രത്യാഷയുടെ പെരുമഴ തീര്‍ക്കാനായി എന്നത് വലിയ ദൗത്യമായിരുന്നു. ഇ ടി യുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് സംഘം അവിടെ എത്തിയത് തന്നെ കേട്ടു കേളവികളുടെ നിചസ്ഥിതി അറിയുക എന്നതിനായിരുന്നു. സാമ്പത്തിക സഹായത്തിനപ്പുറം അവരിന്നനുഭവിക്കുന്ന നിലനില്‍പ്പടക്കമുള്ള പ്രശ്‌നങ്ങളില്‍ ഭരണകൂട പിന്തുണ നേടിക്കൊടുക്കുക എന്നതായിരുന്നു പ്രധാനം. ലത്തീഫ് രാമനാട്ടുകര,മുഹമ്മദ് കോയ തിരുനാവായ,റഷീദ് മൂര്‍ക്കനാട്,അഷ്‌റഫ് ഹുദവി,അഷ്‌റഫ് അറപ്പുഴ,കെ.പി റസാഖ് ജാതിയേരി,സൈനുദ്ധീന്‍ ചിത്താരി,തുടങ്ങിയവരും ഉണ്ടായിരുന്നു. നിയമ സഹായമടക്കമുള്ള സഹായങ്ങള്‍ക്ക് ഒരു വിളിപ്പാടകലെ ഞങ്ങള്‍ ഉണ്ടെന്ന ആത്മവിശ്വാസം പകരാന്‍ ഈ യാത്ര സഹായകമായി എന്ന ചാരിതാര്‍ത്ഥ്യത്തിലാണ് യാത്രാ സംഘത്തിലുണ്ടായിരുന്നവരെല്ലാം.
അരനൂറ്റാണ്ടിന്റെ മംഗല്ല്യ ഓര്‍മ്മകള്‍………………………………………………………………………………….
വിവാഹ ക്ഷണക്കത്ത്……………………………
ചെറുവാടി. അരനൂറ്റാണ്ട് മുമ്പ് നടന്ന ഇ.ടിയുടെ വിവാഹത്തെ ഒര്‍മ്മയിലേക്ക് കൂട്ടിക്കൊണ്ടു വന്നത് ചെറുവാടി മില്ലത്ത് മഹലിലെ അബ്ദു ചെറുവാടി ഹെറിറ്റേജ് ഗാലറിയില്‍ സൂക്ഷിച്ച ഈ കല്ല്യാണ കത്താണ്. പ്രശസ്ത എഴുത്തുകാരനും ഗ്രന്ഥരചയിതാവുമായ അബ്ദു ചെറുവാടിയാണ് സുലൈഖ എന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ സഹോദരിയെ വിവാഹം ചെയ്തത് . അദ്ദേഹം ഒരു നിധി പോലെ സൂക്ഷിച്ച വിവാഹ ക്ഷണക്കത്ത് അദ്ദേഹത്തിന്റെ മരണ ശേഷം മറ്റു ചരിത്ര രേഖകള്‍ക്കൊപ്പം മില്ലത്ത് മഹല്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ സൂക്ഷിക്കുകയായിരുന്നു. ഈ വിവാഹ ക്ഷണകത്താണ് ഇ.ടി മുഹമ്മദ് ബഷിര്‍ എന്ന രാഷ്ട്രീയ നേതാവിന്റെ കുടുംബ ജീവിത ചരിത്രത്തിലേക്ക് വെളിച്ചം വീശിയത്.
ആറിലും ഏഴിലും പഠിക്കുമ്പോള്‍ തന്നെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വേദികളില്‍ ഇ.ടിയുടെ പ്രസംഗം പ്രകമ്പനം സൃഷ്ടിച്ചിരുന്നു. ഇബ്രാഹി സുലൈമാന്‍ സേട്ടു അടക്കമുള്ള ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നതും ഇ.ടി ആയിരുന്നു. 1965 ല്‍ ചങ്ങനാശേരിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പ്രസംഗത്തില്‍ ഒന്നാം സ്ഥാനം ഇ.ടിക്കായിരുന്നു. സുകുമാര്‍ അഴീക്കോടില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. ബാലജനസഖ്യം ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവര്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ തുടര്‍ച്ചയായ നിരവധി വര്‍ഷങ്ങളില്‍ ഇ.ടിയായിരുന്നു ജേതാവ് എന്നറിയുമ്പോഴാണ് ആ പ്രതിഭയുടെ ആഴംനമുക്ക് കൂടുതല്‍ ബോധ്യപ്പെടുക. എസ് എസ് എല്‍ സി പാസ്സാകുമ്പോള്‍ ഇംഗ്ലീഷിനു തൊണ്ണൂറ്റി ആറ് ശതമാനം മാര്‍ക്കു വാങ്ങിയിരുന്നു എന്നത് പഠനരംഗത്തും മികവു പുലര്‍ത്തി എന്നതിന്റെ തെളിവാണ്. വാഴക്കാട്,കിഴുപറമ്പ്, കൊടിയത്തൂര്‍,ചേന്ദമംഗല്ലൂര്‍ എന്നീ പ്രദേശങ്ങളിലെ ഏതൊരു യുവാവിന്റെയും അക്കാലത്തെ വലിയ സ്വപ്‌നം മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ ഒരു ജീവനക്കാരനാവുക എന്നതായിരുന്നു.1965 ല്‍ മുസ്ലിം ലീഗിന്റെ തൊഴിലാളി പ്രസ്ഥാനമായ എസ്.ടി യുവില്‍ അംഗമായി 1966 ല്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ ജീവനക്കാരനുമായി.തൊഴിലാളി പ്രസ്ഥാനത്തിന്റെ നൂതന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ അറിയപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകനും തൊഴിലാളി നേതാവുമായി മാറിയ ഇ.ടിയെ അതിരറ്റ വാത്സല്ല്യത്തോടെ കൈപിടിച്ചുയര്‍ത്തിയത് സി.എച്ചായിരുന്നു.ഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ ഇരുപത്തി അഞ്ചു പ്രമുഖ തൊഴിലാളി നേതാക്കള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ ബാംഗ്ലൂരില്‍ നടത്തിയ ശില്‍പ്പശാലയില്‍ പങ്കെടുത്ത രണ്ടുപേരില്‍ ഒന്ന് ഇ.ടിയും മറ്റൊന്ന് ഐ.സി.എസ് മേനോനുമായിരുന്നു.ഒരാഴ്ച്ചത്തെ ശില്‍പ്പ ശാലയില്‍ സംബന്ധിച്ച ഇന്ത്യന്‍ തൊഴിലാളി സംഘടനാ നേതാക്കളുമായി സ്ഥാപിച്ച സൗഹൃദം ഇ.ടിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. പിന്നീട് കൊല്‍ക്കത്തയിലും ഡല്‍ഹിയിലും നടന്ന ശില്‍പ്പശാലയിലും ഇ.ടി തന്നെ കേരളത്തെ പ്രതിനിധീകരിച്ചു.ഇന്ത്യന്‍ മുസ്ലിം ലീഗിന്റെ അക്കാലത്തെ പ്രധാന കെട്ടിടം സംസ്ഥാന കമ്മിറ്റിയുടെ കോഴിക്കോട്ടെ ഓഫീസായിരുന്നു. രണ്ടാമത്തെ പ്രധാന കെട്ടിടം എസ്.ടി.യുവിന്റെ മാവൂരിലെ ഓഫീസ് ആയിരുന്നു. ഇതാവട്ടെ ഇ.ടിയുടെ ശ്രമഫലമായി രൂപം കൊണ്ടതും.മുസ്ലിം ലീഗിന്റെ അറിയപ്പെടുന്ന പ്രാസംഗികനും തൊഴിലാളി നേതാവുമായ ഇ.ടി ജീവിത സഖിയെ കണ്ടെത്തുന്നത് കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്തുള്ള കൊടിയത്തൂര്‍ പഞ്ചായത്തില്‍പ്പെട്ട ചെറുവാടിയില്‍ നിന്നാണ്. ഇവിടുത്തെ നാട്ടുകാരണവരും അറിയപ്പടുന്ന പൗരപ്രധാനിയുമായിരുന്നു കട്ടയാട്ട് അബ്ദുഹാജി. ഹാജിയുടെ മകള്‍ റുഖിയയെ ജീവിത സഖിയാക്കി കൂട്ടുമ്പോള്‍ ഇ.ടിക്കു പ്രയം ഇരുപത്തി രണ്ട്.
രാത്രിയിലാണ് കല്ല്യാണം നടന്നത്. മാവൂരിന്റെ തൊട്ടടുത്ത പ്രദേശമാണ് വാഴക്കാട് പഞ്ചായത്തിലെ മപ്രം. ചാലിയാര്‍ പകുത്തു മാറ്റിയ ഈ പ്രദേശത്തിലേക്ക് എളുപ്പത്തില്‍ എത്താവുന്ന ഏകമാര്‍ഗ്ഗം തോണിയാണ്.രണ്ടു വലിയ തോണി (വെപ്പു തോണി എന്നാണ് നാട്ടിന്‍പുറത്തുകാര്‍ ഇതിനെ വിളിക്കുക.നാലും അഞ്ചും ലോഡ് സാധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന അത്ര വലുത്.)അതിലാണ് വരനും സംഘവും വന്നത്. പെട്രാള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ തോണിയിറങ്ങി വരനും പാര്‍ട്ടിയും കാല്‍നടയായി വന്നതിന്റെ ഓര്‍മ്മകള്‍ നാട്ടിലെ മുതിര്‍ന്നവര്‍ ഇന്നലെ നടന്നതുപോലെ ഓര്‍ത്തെടുത്തു.
തലവണ്ണ്മമ്മദ് മുസ്ല്യാര്‍ ആയിരുന്നു വിവാഹത്തിനു കാര്‍മ്മികത്വം വഹിച്ചത്. എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന അഡ്വക്കറ്റ് അബ്ദുല്‍ അസീസ് നഹ, മാപ്പിള നാട് പത്രാധിപര്‍ പി.പി.കമ്മു,പി.കെ മുഹമ്മദ് എന്ന മാനു,പി.ടി മൊയ്തീന്‍കുട്ടി, മജീദ് തളങ്കര,ഖാദര്‍ തെരുവത്ത്,പി.ടി.മമ്മു ,് അമീര്‍ കെ.സി.അബൂബക്കര്‍ മൗലവി, പി.പി. അബ്ദുള്‍ ഗഫൂര്‍ മൗലവി,യു.എ.ബീരാന്‍ സാഹിബ്,ആലിഖ് വാഴക്കാട്,നീലാമ്പ്ര മരക്കാര്‍ ഹാജി,എന്നിവരടക്കമുള്ള ഒട്ടേറെപ്പേര്‍ വരനെ ആശംസിക്കാന്‍ എത്തിയിരുന്നു. നിക്കാഹ് കഴിഞ്ഞ ഉടനെ വധുവിന്റെ വീട്ടുമുറ്റത്ത് രൂപപ്പെട്ട അനുമോദന സദസ്സില്‍ പ്രമുഖരെല്ലാം സരസമായ വാക്കുകളില്‍ യുവ നേതാവിന് ജീവിത നന്മകള്‍ നേര്‍ന്നു. ഇ.ടി കേരളത്തിലെ മന്ത്രിയാവുമെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സജീവ നേതാവാകുമെന്നും അസീസ് നഹ ആശംസാ പ്രസംഗത്തില്‍ പറഞ്ഞത് അക്കാലത്ത് അതിശയോക്തി നിറഞ്ഞതായിരുന്നെങ്കിലും കാലം അതെല്ലാം ഇ.ടിക്കു പില്‍ക്കാലത്തു നല്‍കി. ലീഗ് നേതാവും പഴയകാലത്ത കോഴിക്കോടിന്റെ ഡപ്പ്യൂട്ടിമേയറുമായിരുന്ന പി.ടി.മൊയ്തീന്‍കോയയും കോണ്‍ഗ്രസ് നേതാവ് ടി.പി. അബ്ദുല്‍ അസീസുമാണ് ഒപ്പനക്ക് നേതൃത്വം നല്‍കിയത്.
സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഇ.ടിക്കു പിറകില്‍ സ്‌നേഹത്തിന്റെ തണലും കരുത്തുമായി നിന്ന റുഖിയ എന്ന നാട്ടിന്‍പുറത്തുകാരി കഴിഞ്ഞ അരനൂറ്റാണ്ടായി ഒരു നിഴലായ് ഒപ്പമുണ്ട്. ഇന്നലെ മക്കളെല്ലാം ഒത്തുകൂടി വിവാഹ വാര്‍ഷികത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കണമെന്ന് പറഞ്ഞപ്പോഴും സ്വതസിദ്ധമായ ചിരിയിലൊതുക്കി റുഖിയ ആ സന്തോഷം. ബഷീര്‍ എന്ന ഭര്‍ത്താവിന്റെ തിരക്കുകളും ഉത്തരവാദിത്വവും നന്നായറിയുന്നത് കൊണ്ടു തന്നെ ഒരിക്കലും തന്റെ ആവശ്യങ്ങളും ആവലാതികളും പെരുപ്പിച്ചു പറയാറില്ല. ഇന്നലെ തന്നെ കുടുംബകാര്യത്തേക്കാള്‍ ഇ.ടിയെന്ന നേതാവിന്റെ മുന്നിലുള്ള വലിയ പ്രശ്‌നം ആസിഫ എന്ന കുഞ്ഞും അവളുടെ നിസ്സഹായരായ കുടുംബവുമാണെന്നു അവര്‍ തിരിച്ചറിഞ്ഞിരുന്നു. രണ്ടു തവണ വാഴക്കാട് പഞ്ചായത്ത് മെംബറായ റുഖിയ അഞ്ചു വര്‍ഷം പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു.ലളിത ജീവിതം നയിക്കുന്ന റുഖിയയുടെ വലിയ സംമ്പാദ്യം എന്നത് നാട്ടിന്‍പുറത്തുകാരികളായ നിരവധി കൂട്ടുകാരികളാണ്. പഞ്ചായത്ത് രാഷ്ട്രീയ ജീവിതം അവര്‍ക്കു നല്‍കിയ സംമ്പാദ്യം എന്തെന്നു ചോദിച്ചാല്‍ റുഖിയ പറയും ഞമ്മളെ ചെങ്ങായിച്ചികളെന്നു. ഭൂമിയില്‍ വേദനിക്കുന്നവരുടെയും,നിസ്സഹായരായവരുടെയും ഒപ്പം സാന്ത്വനത്തിന്റെ കൈത്താങ്ങായി പ്രിയതമന്‍ ഉണ്ടാവുക എന്നത് ദൈവം ഞങ്ങളുടെ കുടുംബത്തിനു തന്ന വലിയ അനുഗ്രഹമാണെന്നാണ് റുഖിയയുടെ പക്ഷം. ഭര്‍ത്താവിന്റെ ഏറ്റവും വലിയ റോള്‍മോഡലും സ്‌നേഹ സാമീപ്യവുമായിരുന്നു അവരുടെ ഉമ്മ. തന്റെ സകല നേട്ടങ്ങള്‍ക്ക് പിന്നിലും ഉമ്മയുടെ താങ്ങും തണലും കരുത്തും പ്രചോദനവും പ്രാര്‍ത്ഥനയുമായിരുന്നു എന്നാണ് ഇ.ടി പറയാറ്. രാഷ്ട്രീയ ജീവിതത്തില്‍ നേരും നെറിയുമുള്ള നേതാക്കന്മാര്‍ നഷ്ടമാകുന്ന കാലത്ത് ഗ്രാമീണ ജീവിതത്തിന്റെ വിശുദ്ധിയോടെ ഒരാള്‍ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ഇടം പിടിക്കുമ്പോള്‍ മലയാളത്തിനും മുസ്ലിം ലോകത്തിനും ലഭിച്ച പുണ്യമെന്നാല്ലാതെ എന്താണ് പറയുക. ഇ.ടി എന്ന രണ്ടക്ഷരം തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ മുസ്ലിം ലീഗിന്റെയും കെ.എംസിസിയുടേയും നന്മ നിറഞ്ഞ മനുഷ്യരുടേയും സ്‌നേഹത്തോടെ പടുത്തുയര്‍ത്തിയ സി എച്ച് സെന്റര്‍ എന്ന ഒരൊറ്റ സ്ഥാപനം മാത്രം മതി ഒരു രാഷ്ടീയ നേതാവിന്റെ ജീവിതം അടയാളപ്പെടുത്താന്‍. കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്തുള്ള ചൂലൂരിലും (എം വി ആര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനടുത്തും) സി എച്ച് സെന്റര്‍ സ്ഥാപിക്കുന്നത് ഇ.ടിയുടെ നേതൃത്വത്തിലാണ്. അശരണരും പീഡിതരുമായ ജനതയുടെ പ്രാര്‍ത്ഥന ഇ.ടി എന്ന നന്മമരത്തിന്റെ എല്ലാ ഉയര്‍ച്ചക്കുമുള്ള കരുത്താവട്ടെ…….
വിവാഹ സമയത്തെ ഇ.ടിയുടെ ചിത്രം …….ഇപ്പോഴത്തേതും………………………………………
0 Comments