തിയറ്ററില്‍ ഞാനും അനുഭവിച്ചിട്ടുണ്ട് ആക്രമണം. ശാരദക്കുട്ടി

തിയറ്റര്‍ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖരും പ്രതികരിച്ചു തുടങ്ങി.തിയറ്ററില്‍ ഇരുന്നു സിനിമകാണുമ്പോള്‍ പുരുഷന്മാരുടെ അക്രമങ്ങള്‍ക്കു വിധേയമായിട്ടുണ്ടെന്ന തുറന്നു പറച്ചിലുമായി രംഗത്തെത്തിയത് എഴുത്തുകാരി ശാരദക്കുട്ടിയാണ്. കാറ്റത്തെകിളിക്കൂട് എന്ന സിനിമ കാണുമ്പോള്‍ കൂട്ടുകാരികള്‍ ഒരുമിച്ചുണ്ടായിട്ടും നുള്ളും പിച്ചും നേരിടേണ്ടി വന്നെന്നാണ് ശാരദക്കുട്ടി തുറന്നു പറഞ്ഞത്.
ഫെയ്‌സ് ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ്ണരൂപം………………………………………..

തീയേറ്ററുകളിൽ സി സി ടി വി ഇല്ലാത്ത കാലം. കോളേജിൽ നിന്ന് ഞങ്ങൾ 5 പെൺകുട്ടികൾ കാറ്റത്തെ കിളിക്കൂട് എന്ന ചലച്ചിത്രം കാണുവാൻ കോട്ടയത്തെ ആനന്ദ് തീയേറ്ററിൽ മാറ്റിനിക്കു കയറി. സിനിമക്കു നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ചെറിയ തോണ്ടലുകൾ കുത്തലുകൾ ഒക്കെ പിന്നിൽ നിന്ന് കിട്ടാൻ തുടങ്ങി. അന്നൊക്കെ സിനിമക്കു പോകുമ്പോൾ തത്കാലാശ്വാസത്തിനായി സേഫ്റ്റി പിൻ, ബ്ലേഡ് ഇതൊക്കെ മിക്കപെൺകുട്ടികളും കയ്യിൽ കരുതും. തിരിച്ച് ചെറിയ തോതിലുള്ള പ്രതിരോധ ശ്രമങ്ങൾ നടത്തിയെങ്കിലും ഒറ്റ ടീമായി വന്നിരിക്കുന്ന അവന്മാർക്ക് യാതൊരു അടക്കവുമില്ല.

സിനിമയിൽ രേവതി മോഹൻലാലിനോടും ശ്രീവിദ്യയോടുമുള്ള വാശി തീർക്കാൻ ഗോപിയെ പ്രലോഭിപ്പിക്കുന്ന രംഗമായി. ഞങ്ങൾക്ക് സിനിമ ശ്രദ്ധിക്കാനേ കഴിയുന്നില്ല. പിന്നിലൂടെ, വശങ്ങളിലൂടെ കൈകൾ നീണ്ടു നീണ്ട് വരുന്നു. ദേഹത്താകെ പരതുന്നു.. മാനേജറുടെ ഓഫീസിൽ ചെന്ന് പ്രശ്നം അവതരിപ്പിച്ചു. അവർ ഉടനെ വന്ന് ശല്യകാരികളെ താക്കീതു ചെയ്തു. ഇറക്കി വിട്ടൊന്നുമില്ല. ഞങ്ങൾ സിനിമ കാണാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. ഒരു മനസ്സമാധാനവുമില്ല. തീയേറ്റർ വിട്ട് ഇറങ്ങിപ്പോയതുമില്ല. എന്താന്നു ചോദിച്ചാൽ അറിയില്ല. അന്നത്തെ കാലത്ത് ചില ഭയങ്ങൾ അങ്ങനെയാണ് പ്രവർത്തിച്ചത് എന്നേ ഉത്തരമുള്ളു. ആൾക്കൂട്ടത്തിന്റെ കൂടെ പുറത്തിറങ്ങിയാൽ മതിയെന്ന് തമ്മിൽത്തമ്മിൽ വിറയ്ക്കുന്ന കൈകൾ കൂട്ടിപ്പിടിച്ചു ഞങ്ങൾ തീരുമാനിച്ചു.

ഞങ്ങളാണ് തെറ്റുകാരികളെന്ന് സ്വയം കുറ്റപ്പെടുത്തി. എങ്ങനെയോ രണ്ടര മണിക്കൂർ തള്ളി നീക്കി. സിനിമ തീർന്നപ്പോഴും ഭയം കുറ്റവാളികൾക്കല്ല, ഞങ്ങൾക്കാണ്, അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല,അവന്മാർ ഞങ്ങളെ തിരിച്ചറിയുമോ എന്നാണ് വേവലാതി. വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേർത്തു പിടിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ ഇടവഴിയിൽ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളിൽ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയിൽ മുറുക്കിത്തുപ്പിയിരിക്കുന്നു.ഇന്നും കാറ്റത്തെ കിളിക്കൂട് ടി വി യിൽ കാണുമ്പോൾ ഞങ്ങൾ പരസ്പരം ഫോണിൽ ബന്ധപ്പെടും.ബലവാന്മാരെ ഭയന്ന് നിശ്ശബ്ദരായിപ്പോയ പെൺകുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മയാണ് ഇന്നും ആ ചിത്രം .

എടപ്പാളിലെ തീയേറ്ററുടമയോട് ബഹുമാനം തോന്നുന്നു. ഇരുട്ടിൽ ആരുമറിയാതെ എത്രയോ തീയേറ്ററുകളിൽ സംഭവിക്കുന്ന ക്രൂരതകളിൽ ഒന്നു മാത്രമാകാം ഇത്. ആ തീയേറ്ററുടമ കാണിച്ച സാമൂഹിക നീതിബോധം പോലും കാണിക്കാതിരുന്ന പോലീസിനോട് പുച്ഛമാണ് തോന്നുന്നത്. അവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകണം. നിവൃത്തിയില്ലാത്ത ഘട്ടത്തിൽ വിഷയം മാത്റുഭൂമി ചാനൽ പുറത്തു കൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ മാന്യൻ മൊയ്തീൻ കുട്ടി നാളെയും നിർവൃതിക്കായി മറ്റേതെങ്കിലും തീയേറ്ററിലേക്ക് ബെൻസിൽ വന്നിറങ്ങുമായിരുന്നു.മാധ്യമ ധർമ്മം ശരിയായി നിർവ്വഹിച്ച മാതൃഭൂമിയും പൊതു ധർമ്മം നിർവ്വഹിച്ച എടപ്പാളിലെ തീയേറ്റർ ഉടമയും അഭിനന്ദനമർഹിക്കുന്നു. അന്തസ്സായി ആർത്തിയും പരവേശവുമില്ലാതെ വാർത്ത റിപ്പോർട്ടു ചെയ്ത ശ്രീജ, ജയപ്രകാശ് ഇവരും അഭിനന്ദനത്തിനർഹരാണ്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar