ചലച്ചിത്ര മേളയില്‍ പ്രേക്ഷകരുടെ മനംനിറച്ച് ആദ്യ ദിനം.

തിരുവനന്തപുരം: കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷകരുടെ മനംനിറച്ച് ആദ്യ ദിനം. പ്രളയശേഷം ചെലവ് ചുരുക്കി സംഘടിപ്പിച്ച മേള സിനിമാ പ്രേമികള്‍ ഏറ്റെടുക്കുകയായിരുന്നു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി എകെ ബാലന്‍ അധ്യക്ഷത വഹിച്ചു. ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് മേയര് വികെ പ്രശാന്തിന് നല്‍കി പ്രകാശിപ്പിച്ചു. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്മാന്‍ കമല്‍ പങ്കെടുത്തു. ഉദ്ഘാടന ചിത്രമായി അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം ‘എവരിബഡി നോസ്’ പ്രദര്‍ശിപ്പിച്ചു.
മേളയില്‍ ടര്‍ക്കിഷ്- ബള്‍ഗേറിയന്‍ ചിത്രം ദ അനൗന്‍സ്‌മെന്റിന് വന്‍ തിരക്ക് അനുഭവപ്പെട്ടു. 1963ല്‍ സൈനിക അട്ടിമറിയുടെ വിജയം പ്രഖ്യാപിക്കാന്‍ അങ്കാറയിലെ റേഡിയോ സ്‌റ്റേഷനിലേക്ക് പുറപ്പെടുന്ന നാലു സൈനികരുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരുടെ കൈയടി നേടി. സൈനികരുടെ പദ്ധതികള്‍ പാതിവഴിയില്‍ പൊളിയുന്നതോടെ ചിത്രം യഥാര്‍ഥ വസ്തുതകള്‍ തുറന്നു കാട്ടി ട്രാജികോമഡിയായി പര്യവസാനിക്കുന്നു. സൈനിക ശക്തിയേക്കാള്‍ സാധാരണ ജനജീവിതത്തിന്റെ അദൃശശക്തിയാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത്. അങ്കാറയില്‍ നടക്കുന്ന സൈനിക അട്ടിമറിയുടെ ഭാഗമായി ഇസ്താന്‍ബുള്‍ വിഭാഗത്തെ നയിച്ചത് സൈന്യത്തില്‍ നിന്ന് വിരമിച്ച നാലു സൈനികരായിരുന്നു. അട്ടിമറിയുടെ യഥാര്‍ത്ഥ രേഖയുടെ ഒരു ഭാഗം റേഡിയോയിലൂടെ വായിക്കാന്‍ ഇവര്‍ മുതിരുന്നു. വിജയ പ്രഖ്യാപനം അട്ടിമറിയുടെ പ്രസക്തഭാഗമാണെന്ന് വിശ്വസിക്കുന്ന ഇവര്‍ നടത്തുന്ന വളരെ നീണ്ട ഒരു രാത്രികാല യാത്രയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. പക്ഷെ പല കാര്യങ്ങളും അതിന് വിലങ്ങുതടിയായി. തുടക്കത്തില്‍ പ്രേക്ഷകനില്‍ ഭീതിയുണര്‍ത്തുന്ന സൈനികരുടെ ക്രൂരതയും ഗൗരവവും പിന്നീട് കോമഡിയായി പരിണമിക്കുന്നു. പട്ടാളക്കാര്‍ സഞ്ചരിക്കുന്ന ടാക്‌സി ഡ്രൈവറെയും വൈകിയെത്തിയ നാസിഫിനെയും വെടിവച്ചു കൊല്ലുന്നു. ആശുപത്രിയില്‍ ചിട്ടവട്ടങ്ങള്‍ക്ക് മുമ്പില്‍ ഒന്നും ചെയ്യാനാവാതെ സൈനികര്‍ പകച്ചു നില്‍ക്കുന്നുണ്ട്. ചിത്രം തുടങ്ങുന്നത് തന്നെ ജര്‍മനിയിലെ ഒരു ആശുപത്രി മുറിയിലാണ്. ടര്‍കിഷ് പ്രവാസിയായ ഒരു ടാക്‌സി ഡ്രൈവറെ ഒരു ജര്‍മ്മന്‍ ഡോക്ടര്‍ പരിശോധിക്കുകയാണ്. വളരെ വൈഡ് ആംഗിളില്‍ ചിത്രീകരിച്ചിരിക്കുന്ന സീന്‍ വെള്ളയും കറുപ്പുമടങ്ങുന്ന ടൈല്‍സ് പതിപ്പിച്ചിരിക്കുന്ന മുറിയെ പ്രതീകാത്മകമായി ജര്‍മനിയിലെയും തുര്‍ക്കിയിലെയും പട്ടാള ഭരണ ചിട്ടകളെ വിമര്‍ശിക്കുന്നു. ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സംവിധായകന്‍ മഹ്്മൂദ് ഫാസിലിന്റെ ദ അനൗന്‍സ്‌മെന്റ് മേളയില്‍ ഒരുപടി മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പ്.
0 Comments