ഹാരി രാജകുമാരനും ഹോളിവുഡ് നടി  മേഗന്‍ മാര്‍ക്കിളും തമ്മിലുളള വിവാഹം നടന്നു.

ലണ്ടന്‍: ചാള്‍സ് – ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ഹാരി രാജകുമാരനും ഹോളിവുഡ് നടി  മേഗന്‍ മാര്‍ക്കിളും തമ്മിലുളള വിവാഹം നടന്നു.  വിന്‍സര്‍ കൊട്ടാരത്തിലെ സെന്‍റ് ജോര്‍ജ് ചാപ്പലിലായിരുന്നു രാജകീയ മാംഗല്യം. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ചടങ്ങുകൾ. എലിസബത്ത് രാജ്ഞിയുൾപ്പടെ ക്ഷണിക്കപ്പെട്ട അറുനൂറോളം അതിഥികളെ സാക്ഷിയാക്കി ഇരുവരും വിവാഹമോതിരം കൈമാറി. രാജകീയമായ ചടങ്ങുകളാൽ സമ്പന്നമായിരുന്നു വിവാഹ ചടങ്ങുകൾ. ആർഭാടത്തിനൊപ്പം പാരമ്പര്യമായ ആഘോഷങ്ങളും സമ്മേളിച്ച വിവാഹമായിരുന്നു. രണ്ടാം കിരീടാവകാശിയായ സഹോദരൻ വില്യം രാജകുമാരന്‍റെ വിവാഹചടങ്ങുകൾ പോലെ തന്നെയായിരുന്നു ഹാരിയുടെയും വിവാഹം. ഹൃദയ ശസ്‌ത്രക്രിയയെ തുടർന്ന് മേഗന്‍റെ പിതാവ് തോമസ് മർക്കിൾ വിശ്രമത്തിലാണ്. അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിൽ ഹാരി രാജകുമാരന്‍റെ അച്ഛൻ ചാൾസ് രാജകുമാരനാണ് മേഗന്‍റെ കൈ പിടിച്ച് ചാപ്പലിലെ വിവാഹവേദിയിലെത്തിച്ചത്. ഹാരി കാമുകിയായ മേഗന്‍ മര്‍ക്കിളുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. 2016ലാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ വര്‍ഷം അവസാനം രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞിയും ഭർത്താവ് ഡ്യൂക്ക് ഒഫ് എഡിൻബറോയുമായ ഫിലിപ്പും സഹോദരൻ വില്യമും ഭാര്യ കേറ്റും അടക്കം കുടംബാംഗങ്ങളെല്ലാവരും ചടങ്ങിനെത്തിയിരുന്നു.  ഹോളിവുഡിലെ പ്രമുഖ താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാം ഭാര്യയും ഫാഷൻ ഡിസൈനറുമായ വിക്റ്റോറിയ ബെക്കാം, നടൻ ജോർജ് ക്ലൂണി, ഭാര്യ അമൽ ക്ലൂണി തുടങ്ങിയവരൊക്കെയും വിവാഹത്തിനെത്തിയിരുന്നു. വിവാഹശേഷം പൊതുജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ടു കൊട്ടാരമുറ്റത്തു കൂടി കുതിരപ്പുറത്തറിയുള്ള പരേഡ് നടന്നുകൊണ്ടിരിക്കുകയാണ്. ചുറ്റും ജനങ്ങൾ ആവേശത്തോടെ ഹാരിയെയും ഭാര്യയെയും കാണാൻ കാത്തുനിൽപ്പുണ്ടായിരുന്നു.എലിസബത്ത് രാജ്ഞിയുടെ മൂത്തമകൻ ചാൾസ് രാജകുമാരന്‍റെയും കാറപകടത്തിൽ മരിച്ച ഡയാന രാജകുമാരിയുടെയും ഇളയമകനാണ് ഹാരി രാജകുമാരൻ. ഹോളിവുഡിലെ ലൈറ്റിങ് ഡയറക്റ്ററായ തോമസ് മർക്കിളിന്‍റെയും സാമൂഹിക പ്രവർത്തക ഡോറിയ റാഗ്ലാന്‍റെയും മകളാണ് 36കാരിയായ മേഗൻ. ഹാരിയെക്കാൾ മൂന്നു വയസിന് മൂത്തതാണ് മേഗൻ.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar