ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ ആരോഗ്യം, പുനരുപയോഗ ഊര്‍ജം എന്നീ മേഖലകളിലുള്‍പ്പെടെ മൂന്ന് കരാറുകളില്‍ ഒപ്പുവച്ചു.

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ ആരോഗ്യം, പുനരുപയോഗ ഊര്‍ജം എന്നീ മേഖലകളിലുള്‍പ്പെടെ മൂന്ന് കരാറുകളില്‍ ഒപ്പുവച്ചു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ദ്വിദിന സന്ദര്‍ശനത്തിനിടെ കഴിഞ്ഞ ദിവസം ഇവിടെ നടന്ന രണ്ടാമത് ഇന്ത്യ-ബഹ്‌റൈന്‍ ഹൈ ജോയിന്റ് കമ്മിഷന്‍ യോഗത്തില്‍ വെച്ച് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇരുവരും ധാരണാപത്രങ്ങളില്‍ ഒപ്പിട്ടത്.
നയതന്ത്ര പാസ്‌പോര്‍ട്ടും മറ്റ് സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട് ഉടമകളെയും വിസാനടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ളതാണ് മൂന്നാമത്തെ ധാരണാപത്രം.
ഇതോടൊപ്പം പരസ്പര താല്‍പര്യങ്ങളുള്ള മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച ചെയ്തു.
ബഹ്‌റൈന്‍ വിദേശ കാര്യമന്ത്രി ശൈഖ് ഖാലിദ് ബ്‌നു അഹ് മദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു ജോയിന്റ് കമ്മീഷന്‍ യോഗം നടന്നത്. നേരത്തെ 2015ല്‍ തന്റെ പ്രഥമ സന്ദര്‍ശനത്തിലും പ്രഥമ ജോയിന്റ് കമ്മീഷന്‍ യോഗത്തില്‍ സുഷമാ സ്വരാജ് പങ്കെടുത്തിരുന്നു. അടുത്ത ജോയിന്റ് കമ്മീഷന്‍ യോഗം ന്യൂഡല്‍ഹിയില്‍വച്ച് നടത്താനും തീരുമാനിച്ചു.
നേരത്തെ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സുഷമ സ്വരാജ് ഇരുരാജ്യങ്ങളും തമ്മിലെ ചരിത്രപരമായ ബന്ധം അനുസ്മരിച്ചു.
ബഹ്‌റൈന്‍ ഭരണകൂടം നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ സുഷമ സ്വരാജ് വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ ശക്തമായ സഹകരണത്തോടെ മുന്നേറേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
ബഹ്‌റൈന്റെ പുരോഗതിയിലും വികസനത്തിലും ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെ കൂടിക്കാഴ്ചയില്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ഇരുരാജ്യങ്ങളിലെയും നിക്ഷേപാന്തരീക്ഷം വളര്‍ത്താനും നിക്ഷേപാവസരങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യഥാസമയം അറിയിക്കാനും തമ്മില്‍ ധാരണയായി.
ഇതിനായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫീസ് മനാമയില്‍ ആരംഭിക്കും. കൂടാതെ വിദ്യാഭ്യാസം, പാര്‍പ്പിടം, ഊര്‍ജം, സൈബര്‍ മേഖല, ബഹിരാകാശം, പ്രതിരോധം, ടൂറിസം, വനിതാ ശാക്തീകരണം, യുവജന കായികം, തുടങ്ങി വിവിധ രംഗങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണം വളര്‍ത്തുന്നതിന്റെ സാധ്യതകളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഭീകരതയെയും ഭീകരവിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും പ്രധാന്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഭീകരതക്കെതിരേ യോജിച്ച് പോരാടാനും യോഗത്തില്‍ ധാരണയായതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
0 Comments