ജസ്‌ന മരിയ ജയിംസിന്‍റെ തിരോധാനത്തിന്‍റെ അന്വേഷണം ജസ്‌നയുടെ ആൺ സുഹൃത്തിലേക്ക് നീളുന്നു.

കോട്ടയം: റാന്നിയില്‍ നിന്നും കാണാതായ മുക്കൂട്ടുതറ സ്വദേശി ജസ്‌ന മരിയ ജയിംസിന്‍റെ തിരോധാനത്തിന്‍റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അന്വേഷണം ജസ്‌നയുടെ ആൺ സുഹൃത്തിലേക്ക് നീളുന്നു. ഒരു വർഷത്തിനിടെ ആയിരത്തിലേറെ തവണയാണ് ഈ സുഹൃത്ത് ജസ്‌നയെ വിളിച്ചത്. ജസ്‌നയെ കാണാതാകുന്നതിന് മുൻപ് അവസാനമായി സന്ദേശം അയച്ചത് ഇയാൾക്കായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പലയിടങ്ങളിലായി പോലീസ് സ്ഥാപിച്ച വിവര ശേഖരണ പെട്ടികളില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും ലഭിച്ച കത്തുകളില്‍ ഏഴെണ്ണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നും പത്തനംത്തിട്ട എസ് പി ടി.നാരായണൻ പറയുന്നു.
ഇതിനിടെ ജസ്‌നയുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസിന് രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടുണ്ടെന്നും ഒരു സാധ്യതയും തള്ളിക്കളയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്‍റെ പരിശോധന തുടരും. ജസ്‌നയുടെ ആൺ സുഹൃത്തിലേക്കാണിപ്പോൾ അന്വേഷണം നീളുന്നത്. ജസ്‌നയുടെ വീടിന് സമീപം തന്നെ താമസിക്കുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ സഹപാഠിയുമാണ്. ഈ സുഹൃത്തിനെ തിരോധാനത്തെക്കുറിച്ച് പലതും അറിയാമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും സഹപാഠികളുമാണ്. അയാം ഗോയിങ് ടു ഡൈ എന്ന ജസ്‌നയുടെ അവസാന സന്ദേശം അയച്ചിരിക്കുന്നത് ഈ ആൺസുഹൃത്തിനാണെന്നു കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ അന്വേഷണസംഘം നിരവധി തവണ ചോദ്യം ചെയ്‌തിട്ടും ഇയാൾ സഹകരിക്കുന്നില്ല. പെൺകുട്ടി എവിടെ പോയെന്ന് അറിയില്ലെന്ന ആവർത്തിച്ച മറുപടിയാണ് അയാൾ നൽകുന്നത്. ജസ്‌നയെ കാണാതായതിന്‍റെ പിറ്റേന്ന് ഇയാൾ പരുന്തുംപാറയിൽ പോയിരുന്നതായും പൊലീസ് സൂചന നൽകി. മുക്കൂട്ടുതറയിൽ നിന്ന് കുറച്ചു ദൂരം മാത്രമേയുള്ളൂ പരുന്തുംപാറയിലേക്ക്. സുഹൃത്തുമായി ഇതിനു മുൻപും ജസ്‌ന പരുന്തുംപാറയിൽ പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംശയങ്ങൾ ബലപ്പെടുന്നത്. ഈ സുഹൃത്തിനെ നുണപരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. എന്നാൽ യുവാവിന്‍റെ സമ്മതമില്ലാതെ നുണപരിശോധന നടത്താനാകില്ലെന്നതാണ് പൊലീസിനെ കുഴയ്‌ക്കുന്നത്. ജസ്‌നയുടെ സുഹൃത്ത് നുണപരിശോധനയ്ക്ക് വിസമ്മതം കാണിക്കുകയാണെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.
എല്ലാ സാധ്യതകളും പരിശോധിച്ചായിരിക്കും അന്വേഷണമെന്നു സംഘത്തലവനായ എസ്‌പി പറഞ്ഞു. ചെന്നൈ, ബെംഗളൂരു പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെ പരിശോധിക്കുന്നുണ്ട്. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നു.
അതേസമയം ജസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള ലോക്കൽ പൊലീസിന്‍റെ അന്വേഷണം തൃപ്‌തികരമല്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജസ്‌നയുടെ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
0 Comments