ബ്രെക്സിറ്റ് കരാർ രണ്ടാം തവണയും ബ്രിട്ടീഷ് പാർലമെന്‍റിൽ പരാജയപ്പെട്ടു

ലണ്ടൻ: തെരേസ മേ സർക്കാർ തയാറാക്കിയ ബ്രെക്സിറ്റ് കരാർ രണ്ടാം തവണയും ബ്രിട്ടീഷ് പാർലമെന്‍റിൽ പരാജയപ്പെട്ടു. 391 പാർലമെന്‍റ് അംഗങ്ങൾ കരാറിനെ എതിർത്ത് വോട്ട് ചെയ്തതോടെയാണ് കരാർ തള്ളിപ്പോയത്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്‍റെ പിൻമാറ്റവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നീക്കങ്ങൾക്കാണ് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുന്നത്.
ഈ വർഷം ആദ്യം അവതരിപ്പിച്ച കരാർ പാർലമെന്‍റ് തള്ളിയതിനെത്തുടർന്നാണ് മാറ്റങ്ങൾ വരുത്തിയ കരാർ വീണ്ടും അവതരിപ്പിച്ചത്. എന്നാൽ 242 അംഗങ്ങൾ മാത്രമാണ് കരാറിന് പിന്തുണ നൽകിയത്. ഇതിനെ 392 പേർ എതിർത്തു.
ഇതോടെ ഉടമ്പടികളില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറുകയോ പിന്മാറ്റത്തിനുള്ള തീയതി നീട്ടിവയ്ക്കുകയോ ചെയ്യേണ്ട സാഹചര്യത്തിലാണ് ബ്രിട്ടൻ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും നാളെയുമായി പാർലമെന്‍റിൽ നടക്കും. നിലവിൽ ഈ മാസം 29നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടത്.
0 Comments