ലോകത്തിന്റെ വേദനക്കൊപ്പം മെസ്സി. ഒരു തീരുമാനം ആയിരംബോംബിനേക്കാള്‍ ശക്തം

 

ലയണല്‍ മെസിയെ പോലെ ലോകം അറിയപ്പെടുന്ന ഒരു താരം ഈസ്രാഈലിനെ പോലെ നരനായാട്ട് നടത്തുന്ന രാജ്യത്തിനൊപ്പം കളിക്കുക എന്നത് ഫലസ്തീനികള്‍ക്ക് മാത്രമായിരുന്നില്ല വേദന-ലോകം ഒന്നടങ്കം അതിനെ എതിര്‍ത്തിരുന്നു. ഇപ്പോഴിതാ ലോകത്തിന്റെ പ്രതിഷേധം മനസ്സിലാക്കി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കളിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയിരിക്കുന്നു. അത്തരത്തിലൊരു തീരുമാനത്തിലേക്ക് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അധികാരികളെ നിര്‍ബന്ധിച്ചതാവട്ടെ ടീമിലെ പ്രമുഖനായ ലയണല്‍ മെസിയും. മല്‍സരം ഉപേക്ഷിച്ചതിന് പിറകെ ഉയരുന്നത് ആശ്വാസ നിശ്വാസങ്ങളാണ്.

ഫുട്‌ബോള്‍ ലോകം ഫലസ്തീനൊപ്പമാണ് എന്നുളള വ്യക്തമായ സൂചനയാണ് മെസിയുടെ തീരുമാനത്തിലുടെ വന്നിരിക്കുന്നത്. ഫലസ്തീനികള്‍ക്കും പശ്ചിമേഷ്യക്കാര്‍ക്കുമെല്ലാം പ്രിയപ്പെട്ട ഫുട്‌ബോളറാണ് മെസി. അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ രാമല്ലയിലും വെസ്റ്റ് ബാങ്കിലുമെല്ലാം സുലഭമാണ്. മെസിയുടെ പത്താം നമ്പര്‍ ജഴ്‌സിയിട്ട് എത്രയോ ഫലസ്തീനി ബാല്യങ്ങളെ തെരുവോരങ്ങളില്‍ കാണാം. അത്രമാത്രം ഇഷ്ടപ്പെടുന്ന ഒരു താരം ഇസ്രാഈലുമായി കളിക്കാന്‍ വരുന്നു എന്ന വാര്‍ത്ത തുടക്കത്തില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഔദ്യോഗികമായി മല്‍സരം സ്ഥീരീകരിക്കപ്പെട്ടു. ജൂണ്‍ ഒമ്പതിന് മല്‍സരം നടക്കുമെന്ന് ഇസ്രാഈല്‍ ഭരണകൂടം തന്നെ വ്യക്തമാക്കി. ഇസ്രാഈലിന്റെ പുതിയ ആസ്ഥാനമായി ജറുസലേം പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഘോഷമെന്ന നിലയിലും ജൂതന്മാര്‍ മല്‍സരത്തെ വാഴ്ത്തി. ലോകകപ്പിന് റഷ്യയിലെത്തുന്നതിന് മുമ്പ് മെസിയും സംഘവും ജറുസലേമിലെത്തുമെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതിനെതിരെ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിസേഷന്‍ ശക്തമായ ഇടപെടല്‍ നടത്തി. യുനിസെഫിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മെസി എങ്ങനെ ഇങ്ങനെ ഒരു മല്‍സരത്തില്‍ കളിക്കുമെന്ന ചോദ്യവും ഉയര്‍ന്നു. മെസിയുടെ ജഴ്‌സി കത്തിക്കുമെന്ന ഭീഷണി വന്നു.

നിരപരാധികളായ ഫലസ്തീന്‍ കുട്ടികളെ കൊല്ലുന്നവര്‍ക്കൊപ്പം എനിക്ക് കളിക്കാനാവില്ല എന്നാണ് മെസി ഇതുമായി ബന്ധപ്പെട്ട് സ്വന്തം അധികാരികളോട് പറഞ്ഞത്. പലപ്പോഴും ഫലസ്തീനികള്‍ക്കൊപ്പം നിന്ന് ഐക്യദാര്‍ഢ്യം അറിയിച്ച താരമാണ് അദ്ദേഹം. യുനിസെഫ് ഉള്‍പ്പെടെയുളളവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്ന താരം. അദ്ദേഹത്തിന്റെ ശക്തമായ മുന്നറിയിപ്പില്‍ നിന്നും മല്‍സരം പിന്‍വലിക്കപ്പെട്ടതോടെ ആ താരത്തിന്റെ ജനസമ്മതിയും വര്‍ധിച്ചിരിക്കുന്നു.

ഫുട്‌ബോള്‍ എന്നത് കേവല വിനോദം മാത്രമല്ല-അത് ആഗോളീയമായി ജനതകളെ ഒന്നിപ്പിക്കുന്ന വലിയ വികാരം കൂടിയാണ്. എല്ലാവരും കാല്‍പ്പന്തിനെ ഇഷ്ടപ്പെടുന്നവരാണ്. പെലെയും മറഡോണയും സിദാനും മെസിയും കൃസ്റ്റിയാനോയും നെയ്മറും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരായി മാറുന്നത് അവരെല്ലാം ഫുട്‌ബോളര്‍മാരായത് കൊണ്ടാണ്. ഇപ്പോള്‍ ലോകകപ്പ് ആരവത്തില്‍ നാടും നഗരവും അമരുന്നതിന്റെ കാരണവും ഫുട്‌ബോളിന്റെ വിശ്വ മാനവീകതയാണ്. അവിടെയാണ് മെസിയുടെ തീരുമാനം പ്രാധാന്യമര്‍ഹിക്കുന്നത്.

ഇസ്രാഈല്‍ നടത്തുന്ന നരനായാട്ട്് വിശുദ്ധ മാസമായ റമസാനിലും തുടരുകയാണ്. ലോകം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വെടി നിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. എത്രയോ പിഞ്ചുകുഞ്ഞുങ്ങളും വയോധികരും തോക്കിനിരകളായി. ഇന്നലെയുമുണ്ടായി മൂന്ന് മരണം, ഇത്തരത്തില്‍ ലോകത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തില്‍ പെരുമാറുന്ന രാജ്യത്തിനെതിരെ ലോകം ഒന്നിക്കുന്നതിന്റെ വലിയ സൂചനയാണ് അര്‍ജന്റീനയുടെ തീരുമാനം. തീരുമാനത്തില്‍ നിന്നും അവരെ പിന്മാറ്റാന്‍ ശക്തമായ ഇടപെടല്‍ പോലുമുണ്ടായി. അപ്പോഴും മെസിയുടെ തീരുമാനമായിരുന്നു മുഖ്യം. താന്‍ കളിക്കാനുണ്ടാവില്ല എന്ന വ്യക്തമായ മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്. ടീമിലെ മറ്റൊരു സീനിയര്‍ താരമായ ഗോണ്‍സാലോ ഹിഗ്വിനും അധികാരികള്‍ക്കെതിരായാണ് സംസാരിച്ചത്. ഇത്തരത്തില്‍ അവിടെ കളിച്ചത് കൊണ്ട് അവര്‍ക്കെന്ത് കാര്യം എന്നായിരുന്നു ടീം കളിക്കില്ല എന്ന കാര്യം ഔദ്യോഗികമായി അറിയിച്ച ഹിഗ്വിന്‍ പറഞ്ഞത്.

ഇസ്രാഈലിനെ ലോകം ഒറ്റപ്പെടുത്തണം. രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഒരു ജനതയെ ഉന്മുലനം ചെയ്യാനുള്ള ജൂത ഭരണക്കൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരെ ലോക മന: സാക്ഷി ശക്തമായി ഉണരേണ്ടിയിരിക്കുന്നു. അതിന്റെ വലിയ തുടക്കമാവണം ഈ നീക്കം. മെസിയും അര്‍ജന്റീനയും കാല്‍പ്പന്തിലൂടെയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലുളള ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങള്‍ എത്രയോ മുമ്പ് തന്നെ ഇസ്രഈലിനെതിരായ സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കളിക്കിടെ തനിക്ക് ലഭിച്ച പല സുവര്‍ണ സമ്മാനങ്ങളും ഫലസ്തീനി കുട്ടികള്‍ക്ക് നല്‍കിയ താരമാണ് പോര്‍ച്ചുഗലുകാരനായ കൃസ്റ്റിയാനോ. നെയ്മര്‍ ഉള്‍പ്പെടെയുള്ള ഫുട്‌ബോളര്‍മാര്‍ ഫലസ്തീനിലേക്കുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. ഈ സ്‌നേഹവും കരുതലുമാണ് ഫലസ്തീനികള്‍ക്ക് ആവശ്യം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar