ചാരക്കേസ്: അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനെ കുടുക്കിയതാരെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് സിബിഐ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പിനാരായണന്‍ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഇക്കാര്യത്തില്‍ സിബിഐ നിലപാട് കോടതി ചോദിച്ചപ്പോഴാണ് നമ്പി നാരായണനെ കുടുക്കിയതാണെന്നും കസ്റ്റഡി മര്‍ദ്ദനം നടന്നിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കിയത്.കേസ് കെട്ടിച്ചമച്ചവരെ കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം ആവശ്യമുണ്ട്. അതിന് തയ്യാറാണെന്നും സിബിഐ വ്യക്തമാക്കി.
ഇതോടെ നമ്പി നാരായണനെ കുടുക്കിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരേ വീണ്ടും അന്വേഷണത്തിന് വഴിയൊരുങ്ങി.
നമ്പി നാരായണന് നഷ്ടപരിഹാരം ആര് നല്‍കുമെന്ന ചോദ്യവും കോടതിയില്‍ ഉയര്‍ന്നു. നമ്പി നാരായണനെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ തന്നെ നഷ്ടപരിഹാരം നല്‍കട്ടെയെന്ന് കോടതി തന്നെ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ വീട് വിറ്റിട്ടായാലും പണം കണ്ടെത്തട്ടെയെന്നാണ് കോടതി പരാമര്‍ശിച്ചത്.
0 Comments