നിപാ വൈറസ് : റംസാന്‍ ഫ്രൂട്‌സ് വിപണിയെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തളര്‍ത്തി.

- ഫ്രൂട്‌സും ജ്യൂസും ജനം ഉപേക്ഷിച്ചു. മാംസ വിപണിയിലും മാന്ദ്യം. നിപാ വൈറസ് പടര്‍ന്നു പിടിച്ചതോടെയാണ് ജനങ്ങള്‍ ഭക്ഷണകാര്യത്തില്‍ അതീവ ശ്രദ്ധ കാണിച്ചു തുടങ്ങിയത്. കാരക്കയും പഴവും നാട്ടിന്‍പുറങ്ങളില്‍പോലും വിറ്റുപോവുന്നില്ല.
………………….അമ്പിളി.…………………………………….
കോഴിക്കോട്. നിരവധിപേരുടെ മരണത്തിന്നിടയാക്കിയ നിപാ വൈറസ് പനി റംസാന്‍ ഫ്രൂട്‌സ് വിപണിയെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തളര്‍ത്തി. വവ്വ്വാലുകളാണ് രോഗവാഹികള്‍ എന്ന മുന്നറിയിപ്പാണ് പഴങ്ങള്‍ ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവയാണ് പഴ വര്‍ഗ്ഗങ്ങള്‍ എങ്കിലും ജനം അവയെല്ലാം വേണ്ടെന്നു വെച്ചതാണ് വിപണിയെ ബാധിച്ചത്. കോടികള്‍ മുടക്കി കേരളത്തിലെ റംസാന്‍ വിപണി മുന്നില്‍ കണ്ട് ഫ്രൂട്‌സ് ഇറക്കുമതി ചെയ്ത കൊച്ചിയിലേയും കോഴിക്കോട്ടെയും മൊത്തവ്യാപാരികളാണ് കനത്ത നഷ്ടം മുന്നില്‍ കണ്ട് ഇതര സംസ്ഥാനങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റി അയക്കാന്‍ ശ്രമിക്കുന്നത്.
റംസാന്‍ വിപണിയിലെ പ്രധാന ഉത്പന്നമാണ് കാരക്ക. എന്നാല്‍ കാരക്ക എത്തുന്ന രാജ്യങ്ങളില്‍ നിപാ വൈറസ് സാന്നിദ്ധ്യം ഉണ്ടായിരുന്നെന്ന വാട്‌സ് ആപ് പ്രചാരണമാണ് കാരക്ക വിപണിയെ പ്രതികൂലമായി ബാധിച്ചത്.പലരും റംസാന്‍ തുടങ്ങുനന്തിനു മുമ്പ് വാങ്ങിയതല്ലാതെ രണ്ടാമത് വാങ്ങാന്‍ എത്തുന്നില്ല എന്നാണ് ചില വ്യാപാരികള്‍ സൂചിപ്പിച്ചത്.മലേഷ്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ധാരാളമായി ഈത്തപ്പഴം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടത്രെ. ഈ രണ്ട് രാജ്യങ്ങളിലും നിപാ വൈറസ് സാന്നിദ്ധ്യമുണ്ടായിരുന്നു എന്നാണ് കാരണമായി പ്രചരിക്കുന്നത്. പ്രതിരോധ മരുന്ന് കണ്ടുപിടിച്ചില്ല എന്നതിനാല്‍ മുന്‍കരുതലാണ് പ്രധാനം എന്ന നിലക്കാണ് ജനം ഭക്ഷണം സൂക്ഷിച്ച് ഉപയോഗിക്കാന്‍ തീരുമാനിച്ചത്.റംസാന്‍ വിപണിയില്‍ മത്സ്യത്തേക്കാള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മാംസാഹാരമാണ്. നിപാ വൈറസ് ബാധ പുറത്തു വന്നതോടെ ഇറച്ചിക്കടകളില്‍ വ്യാപാരത്തില്‍ വലിയ ഇടിവു സംഭവിച്ചിട്ടുണ്ട്. വവ്വാല്‍ കഴിച്ച ഫലങ്ങളുടെ അവശിഷ്ടം ധാരാളമായി കഴിക്കുന്നത് നാട്ടിന്‍പുറത്തെ കന്നുകാലികള്‍ ആണെന്നതിനാല്‍ അവക്കും രോഗം പടരാനുള്ള സാധ്യത ഉണ്ടെന്നതിനാലാണ് പലരും മാംസാഹാരത്തോട് ഗുഡ് ബൈ പറഞ്ഞത്. പൊതുവെ പച്ചക്കറി വിപണി റംസാനില്‍ ശുഷ്‌ക്കമാണ്. പയറാണ് പ്രധാനമായും വിറ്റുപോകുന്നത്. നാട്ടിന്‍പുറങ്ങളില്‍ നിന്നും കര്‍ഷകര്‍ നേരിട്ടു നല്‍കുകയാണ് പയര്‍. എന്നാല്‍ അവയും ജനം ഉപയോഗം കുറച്ചതോടെ കിലോവിന് നൂറ് രൂപയോളം എത്തിയ പയറിന് ഇരുപത്തഞ്ചും മുപ്പതുമാണ് വില.
വവ്വാലുകള്‍ ഏറ്റവും കൂടുതല്‍ വസിക്കുന്നത് വാഴത്തോട്ടങ്ങളിലാണ്. വാവയുടെ കുലയില്‍ തേന്‍കുടിക്കാനും പഴുത്ത പഴങ്ങള്‍ ഭക്ഷിക്കാനുമാണ് അവ എത്തുന്നത്. ഇതിനാല്‍ തന്നെ വാഴപ്പഴം നാട്ടിന്‍പ്പുറങ്ങളില്‍പോലും ഉപയോഗം കുറവാണ്. റംസാനില്‍ മൈസൂര്‍പ്പഴത്തിന് വലിയ ഡിമാന്റാണ്. കിട്ടാനുണ്ടാവില്ല എന്നുമാത്രമല്ല വിലയും കൂടാറാണ് പതിവ്. എന്നാല്‍ ചെറുപഴ വിപണിയില്‍ ആവശ്യക്കാര്‍ തീരെ ഇല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.മാത്രമല്ല,ഗള്‍ഫ് രാജ്യങ്ങളിലേക്ക് വലിയ തോതില്‍ നേന്ത്രപ്പഴം മലബാറില്‍ നിന്നും കയറ്റി അയച്ചിരുന്നു. അവ ഏത് നിമിഷവും നില്‍ക്കുമെന്നതിനാല്‍ വ്യാപാരികള്‍ നേന്ത്രപ്പഴവും ചെറു പഴവും എടുക്കാന്‍ മുന്നോട്ടു വരുന്നില്ല.ആഭ്യന്തര വിപണിയിലും ആവശ്യക്കാര്‍ കുറഞ്ഞതോടെ വിളവെടുക്കാനായ കര്‍ഷകര്‍ വലിയ വേവലാതിയിലാണ്.നാട്ടിന്‍ പുറങ്ങളിലേയും നഗരങ്ങളിലേയും ഹോട്ടലുകളില്‍ ഉച്ചഭക്ഷണം വിളമ്പിയിരുന്നത് വാഴയിലയിലായിരുന്നു. നിപാ വൈറസ് വാര്‍ത്ത വന്നതോടെ ഹോട്ടലുകളില്‍ നിന്ന് വാഴയിലയും അപ്രത്യക്ഷമായതാണ് മറ്റൊരു വാര്‍ത്ത. വവ്വാലുകളുടെ കാഷ്ട്ടവും മൂത്രവും വാഴയിലയില്‍ ഉണ്ടാവുമെന് ഭീതിയാണ് ഇതിന്നു കാരണം. വാഴയില തമിഴ് നാട്ടില്‍ നിന്നാണ് വന്നതെങ്കിലും നാട്ടിന്‍പുറങ്ങളില്‍ പ്രാദേശികമായി കണ്ടെത്തുന്നവയാണ് ഉപയോഗിക്കാറ്. പല ഹോട്ടലുകളും പ്ലൈറ്റുകളിലേക്ക് മാറിയിട്ടുണ്ട്.
ജനം അതീവ ശ്രദ്ധയോടെയാണ് ഭക്ഷ്യ വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതും ഉപയോഗിക്കുന്നതും. കുപ്പി വെള്ളപിപണിയില്‍ പോലും നിപ്പാ വൈറസ് ഭീതി നിലനില്‍ക്കുന്നതായാണ് അറിയുന്നത്. ജ്യുസ് വിപണി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജ്യൂസ് ഒന്നും തന്നെ ജനം കഴിക്കുന്നില്ല എന്നാണ് കടക്കാര്‍ പറയുന്നത്. കടുത്ത ചൂടായിട്ടുപോലും ജ്യൂസ് കടകളില്‍ വ്യാപാരം മോശമാകാനുള്ള കാരണം പനി ഭീതിയാണെന്നാണ് അറിയുന്നത്. മരണം ദിനേന വര്‍ദ്ധിക്കുകയും പ്രതിരോധ നടപടികള്‍ വേണ്ട വിധം നടപ്പാക്കാന്‍ കഴിയാതെ പോവുകയും ചെയ്യുമ്പോള്‍ ജനം വലിയ ഭീതിയിലാണ് കഴിയുന്നത്. മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്കകളും ആഭ്യൂഹങ്ങളും വലിയ തോതിലാണ് പ്രചരിക്കുന്നത്. സര്‍ക്കാര്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനങ്ങളില്‍ ആദി വര്‍ദ്ധിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മറ്റ് രോഗത്തിനു ചികിത്സയിലുള്ള പല രോഗികളും ഡിസ്ചാര്‍ജ്ജ് ആവശ്യപ്പെടുന്നെന്ന വാര്‍ത്ത ആശുപത്രി വൃത്തങ്ങള്‍ നിഷേധിച്ചെങ്കിലും രോഗം പടരുമെന്ന പേടിയിലാണ് ഇതര വാര്‍ഡുകളിലുള്ള രോഗികളും കൂട്ടിരിപ്പിന് വന്നവരും. കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത,മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍ രാജേന്ദ്രന്‍,അപ്പോളോ ആസ്പത്രി ഇന്‍ഫെക്ടഡ് ഡിസീസസ് വിഭാഗത്തിലെ ഡോ.അബ്ദുല്‍ഗഫൂര്‍,സൂപ്രണ്ട് ഡോ.കെ.സി സജിത്ത് എന്നിവര്‍ രോഗകാരണങ്ങളും രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും നടപടികള്‍ കൈകൊണ്ടെങ്കിലും പുതിയ രോഗികള്‍ ഇന്നും അഡ്മിഷനെത്തിയതായാണ് അറിയുന്നത്. ഇതിനാല്‍ തന്നെ ജനങ്ങള്‍ വലിയ ശ്രദ്ധ ഈ വിഷയത്തില്‍ കൈകൊള്ളണമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. കോഴിക്കോട് കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 2376063
0 Comments