എന്‍.പി.ആറും എന്‍.ആര്‍.സിയും നടപ്പാക്കില്ല; സെന്‍സസുമായി സഹകരിക്കും- സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ റജിസ്റ്ററും (എന്‍.പി.ആര്‍) ദേശീയ പൗരത്വ റജിസ്റ്ററും (എന്‍.ആര്‍.സി) കേരളത്തില്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, സെന്‍സസുമായി സഹകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം സെന്‍സസ് ഡയറക്ടര്‍മാരെ അറിയിക്കും. അതേസമയം സെന്‍സസില്‍ ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിങ്ങനെ പുതിയതായി ഉള്‍പ്പെടുത്തിയ രണ്ടു ചോദ്യങ്ങള്‍ ഒഴിവാക്കും. നേരത്തേ പൗരത്വ ഭേദഗതി നിയമത്തനെതിരെ നിയമസഭ പ്രമേയം പാസാക്കുകയും പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിനു പിന്നാലെ ചില എന്‍.ഡി.എ ഇതര സംസ്ഥാനങ്ങളും സമാന ഭേദഗതി പാസാക്കിയിരുന്നു.
എന്‍.പി.ആറുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം നിലനിന്നിരുന്നു. ചില ഉത്തരവുകള്‍ വിവാദമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. നേരത്തേ ഇതു ഓര്‍ഡിന്‍സായി ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും ഒപ്പിടാതിരുന്നതോടെയാണ് ബില്ല് കൊണ്ടുവന്നത്. 30ന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യും.
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ചു മാസമെങ്കിലും വേണമെന്നാണു സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിഷന്റെ വിലയിരുത്തല്‍. 2011 സെന്‍സസിലെ ജനസംഖ്യക്ക് ആനുപാതികമായി വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള രൂപരേഖ തയാറാക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നതാണ് ആദ്യ നടപടി. അതിര്‍ത്തികള്‍ നിശ്ചയിച്ചു പുതിയ വാര്‍ഡുകളുടെ കരട് പിന്നീട് പ്രസിദ്ധപ്പെടുത്തണം. പിന്നീട് ആക്ഷേപങ്ങള്‍ ക്ഷണിക്കണം. 14 ജില്ലകളിലും കമ്മിഷന്‍ തെളിവെടുപ്പ് നടത്തേിയതിനു ശേഷമാണ് അന്തിമ വാര്‍ഡ് വിഭജന പട്ടിക പ്രസിദ്ധപ്പെടുത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍ വേണം വനിത, പട്ടികജാതി, പട്ടിക വര്‍ഗ സംവരണക്രമം നിശ്ചയിക്കാന്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar