പ്രവാസത്തിലെ ആ മാന്ത്രിക കത്ത്

ഹരിഹരന്‍ പങ്ങാരപ്പിള്ളി. ഷാര്‍ജ :
പ്രവാസം തികച്ചും ആഗ്രഹിച്ചു വന്ന ഒന്നായിരുന്നില്ല മറിച്ചു യാദൃശ്ചികവും, നിലനില്‍പ്പിനായുള്ള ഒളിച്ചോട്ടവുമായിരുന്നു എനിക്ക്. പ്രധാന കാരണം ഒരു പതിനായിരം രൂപ പോലും നീക്കി വയ്ക്കാനില്ലാത്ത എനിക്ക് ,കച്ചവടം ചെയ്തു പരിചയമില്ലാത്തതിനാല്‍ വന്ന കാല്‍ കോടിയോളം ബാധ്യത സ്വയം ഏറ്റെടുക്കേണ്ടിവന്ന ദുരവസ്ഥയില്‍ സ്വീകരിക്കേണ്ടി വന്നതാണ് എന്റെ പ്രവാസം.
അങ്ങിനെ നാട്ടിലുണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ വിസിറ്റ് വിസ തരപ്പെടുത്താനും,മറ്റൊരു സുഹൃത്തിന്റെ അളിയന്‍ മുഖേന ജോലി ശരിയാക്കാനും അധികം സമയം വേണ്ടിവന്നില്ല.
മഹാമനസ്‌കതയുടെ ആഴം അളക്കാന്‍ കഴിയാത്തത്ര തരത്തിലുള്ള സഹായം നല്‍കി കൂട്ടുകാരന്റെ അളിയന്‍ അദ്ധേഹത്തിന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് കൊണ്ട് നല്ല സ്ഥാപനത്തില്‍ പ്രവാസത്തില്‍വന്നു കാലുകുത്തിയ അന്ന് തന്നെ ജോലിക്കു കേറാന്‍ സഹായിച്ചു.
പ്രവാസത്തില്‍ ആദ്യ കാല്‍വയ്പ്പായതിനാലുള്ള ഒത്തിരി പ്രശ്‌നങ്ങള്‍ക്കിടയില്‍ എന്റെ നാട്ടിലെ ബാധ്യത എന്നെ ആദ്യമാദ്യം വല്ലാതെ അലട്ടിയിരുന്നു.വീട്ടിലേക്കുള്ള വിളിപോലും പലപ്പോഴും മറന്നിരുന്നു . ജോലിയുടെ കാര്യങ്ങളിലും ശ്രദ്ധ കിട്ടുന്നില്ല. മനസ്സെവിടെയോ പതറുകയാണ് ,എന്തോ തേടുകയാണ്.പ്രവാസത്തിന്റെ വേദന അറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.
അങ്ങനെ പോകുന്ന എന്റെ ചിന്തകളെ ജോലിയില്‍ പിടിച്ചു
നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.സ്ഥാപനത്തില്‍ ഞാന്‍ പുതിയ ആളായതിനാലുള്ള ഒത്തിരി ബുദ്ധിമുട്ടുകള്‍ സഹപ്രവര്‍ത്തകരില്‍ നിന്നും,മറ്റു പലസാഹചര്യങ്ങളില്‍ നിന്നുമായി അനുഭവിച്ചുകൊണ്ടിരിന്നു.അങ്ങനെ മനസ്സ് മടുത്തു കൊണ്ടിരുന്നപ്പോഴും നാട്ടിലെ ബാധ്യതകള്‍ പലതും സ്വയം സഹിക്കാന്‍ പ്രാപ്തമാക്കുകയായിരുന്നു..
വിധിയെ സ്വയം പഴിചാരി ഒരുപ്രാവശ്യം എന്നെ സഹായിച്ച മനുഷ്യനോട് വിളിച്ചു കാര്യം പറഞ്ഞു,അപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുകയാണ്.ആദ്യം ഇങ്ങനെയുണ്ടാവും ക്ഷമയോടെ എല്ലാം പഠിക്കുക, പിന്നെ എല്ലാം നിന്റെ അടുത്തേക്ക് താനെ വരും.എന്തായാലും അങ്ങിനെ തന്നെ എല്ലാം ക്ഷമിച്ചും സഹിച്ചും ഒരവധിപോലും എടുക്കാതെ ജോലിയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
പലപ്പോഴും,ഞാന്‍ വിളിക്കാതെ ആകുമ്പോള്‍ നാട്ടില്‍ നിന്നും ഭാര്യ ഇങ്ങോട്ടു വിളിച്ചിട്ടുണ്ടാകുമായിരുന്നു.വിഷമങ്ങള്‍ പരസ്പരം പറഞ്ഞു പലപ്പോഴും വിങ്ങി കരയുമായിരുന്നു.ഒരു പ്രാവശ്യം സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അഭ്യര്‍ത്ഥന വന്നു,’എന്നെ കൂടി കൊണ്ട് പോണം. അത് കേട്ടതും എന്റെ സപ്തനാഡികളും തളര്‍ന്നു പോയി .കിട്ടുന്ന ശമ്പളത്തില്‍ ഒരു നൂറോ ,ഇരുന്നൂറോ എടുത്തു ബാക്കി മൊത്തം അയച്ചിട്ടും ഒന്നുമില്ലാത്ത ഞാന്‍ എങ്ങിനെ അവളെ കൊണ്ടുവരും . അത് പറഞ്ഞപ്പോള്‍ ‘അറബിയൊക്കെ ഞാന്‍ പഠിച്ചു എന്നെ കൊണ്ടുപോയാല്‍ ജോലികിട്ടും അപ്പൊ നിങ്ങള്ക്ക് കൂടുതല്‍ സഹായമാകും’ . തികച്ചും മാന്യമായ അവതരണം. സ്‌നേഹത്തോടെ പത്‌നിയുടെ കടപ്പാട് നിറഞ്ഞ പ്രതികരണം കണ്ണുകളെ ഈറനാക്കിയിരുന്നു . എന്തായാലും അവളെ കൊണ്ടുവരണം മനക്കോട്ട കെട്ടി തുടങ്ങിയിരുന്നു അപ്പോഴേക്കും . കാരണം എന്റെ ആ നിലയ്ക്കുള്ള ശമ്പളത്തില്‍ എന്റെ ബാധ്യത തീരാനും വീട്ടിലെ ചിലവും കഴിയാന്‍ വേണ്ടി മാത്രം 15 വര്ഷം ഞാന്‍ ജോലിചെയ്യണം .ആ ചിന്ത എന്നെ വല്ലാതെ പലതും കൂടുതല്‍ ചിന്തിപ്പിക്കാന്‍ ഇടയാക്കി . ഒരു ഉടായിപ്പോ,പറ്റിച്ചോ പണം ഉണ്ടാക്കാന്‍ ഞന്‍ ശ്രമിച്ചില്ല എന്ന് മാത്രമല്ല ഒരു തുറന്ന പുസ്തകമായ എനിക്ക് അതിനൊന്നും കഴിയി ല്ലായിരുന്നു.എന്തായാലും രക്ഷപ്പെടണം ആരെയും ബുദ്ധിമുട്ടിക്കാതെ അത്രേയുണ്ടായിരുന്നുള്ളു മനസ്സില്‍.
അങ്ങനെ ഭാര്യക്കും എനിക്കും ജോലികിട്ടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു .ഏകദേശം 1500 ഇടത്തേക്ക് മെയില്‍ അയച്ചിട്ടും ഒരനക്കവും കണ്ടില്ല . അടവുകള്‍ ഫലം കാണുന്നില്ല എന്ന് മനസ്സിലായ ഞാന്‍ ചിന്തകളെ വീണ്ടും പരിപോഷിപ്പിച്ചു .അങ്ങനെ ഉദിച്ച ഒരാശയം ഇവിടെ വാസ്ത ലഭിച്ചാല്‍ കേറിപ്പോകാം, കഴിവുകളെ കാണിക്കാന്‍ ഒരവസരം കിട്ടിയാല്‍ രക്ഷപെടും . തന്മൂലം എന്റെയും, ഭാര്യയുടെയും സി വി യും പിന്നെ സര്‍ട്ടിഫിക്കറ്റ് കോപ്പീസും, ഒരു മുഖക്കുറിയും വച്ച് യു എ യുടെ സാമ്പത്തിക വിഭാഗ തലവനായ ഷെയ്ഖിനു ജോലിക്കു റകംമെന്റിനു വേണ്ടി അദ്ധേഹത്തിന്റെ പോസ്റ്റ് ബോക്‌സിലേക്ക് അയച്ചിട്ട് കാത്തിരുന്നു.
ഒന്നും ആലോചിക്കാതെ ,ആലോചിച്ചാലും ഒരു എത്തും പിടിയും കിട്ടാത്ത ജോലി സാഹചര്യങ്ങള്‍ ,നാട്ടിലെ പ്രശ്‌നങ്ങള്‍ ഇതില്‍ നിന്നും ഒരു ആശ്വാസമായി തല്ക്കാലം ആ അന്തരീക്ഷത്തില്‍ നിന്നും മാറുക എന്നതായിരുന്നു ലക്ഷ്യം . ഏകദേശം ഒരു വര്‍ഷമായി രണ്ടു തമിഴ്‌നാട്ടുകാരായ സഹപ്രവര്‍ത്തകര്‍ നമ്മളോട് ഒരു തരത്തിലും അടുക്കുന്നുണ്ടായിരുന്നില്ല . ആരോടും പറഞ്ഞിട്ട് കാര്യവുമില്ല എന്ന തോന്നലും, കൂടാതെ പേടിച്ചു ഒരു ദിവസം താമസ സ്ഥലത്തു മുകളിലെ ബെഡില്‍ കിടക്കുമ്പോള്‍ രാത്രിയില്‍ കിടന്നു മൂത്രംവരെ ഒഴിച്ച് പോയതും എല്ലാം ആ കത്തെഴുതാന്‍ പ്രേരിപ്പിച്ചതില്‍ പിന്നിലുള്ള കാരണങ്ങളായിരുന്നു .എന്തായാലും ആ കത്ത് അയച്ചു ഒരാഴ്ച കഴിഞ്ഞില്ല രാത്രി 8 മണിക്ക് ഹെഡ് ഓഫീസില്‍ നിന്നും പിന്നെ ബോസ്സായ സഹപ്രവര്‍ത്തകന്റെയും വിളി വന്നു . ‘നാളെ ഹെഡ് ഓഫീസില്‍ പോണം എന്ന്’. എനിക്കൊന്നും മനസ്സിലായില്ല എന്തിനായിരിക്കും.ഒരു വര്‍ഷം ആവാറായല്ലോ., ഇക്രിമെന്റിനായിരിക്കും.
എന്തായാലും രാവിലെ ഓഫീസില്‍ വന്നു അവിടെ നിന്നും പറഞ്ഞ സമയത്തു തന്നെ ഹെഡ് ഓഫീസില്‍ എത്തി. എന്നെ ഇന്റര്‍വ്യൂ ചെയ്ത ആള് തന്നെ വന്നു അഭിസംബോധന ചെയ്തു കാത്തിരിക്കൂ എച് ആര്‍ ഡയറക്ടറെ കാണണം എന്ന് പറഞ്ഞു അദ്ധേഹത്തിന്റെ ക്യാബിന്റെ സൈഡില്‍ കൊണ്ടാക്കി.ഒരല്പം കഴിഞ്ഞപ്പോള്‍ എന്റെ പേരുവിളിച്ചു അകത്തേക്ക് കയറ്റി . എനിക്കൊന്നും മനസ്സിലായിട്ടില്ല ഇനി വല്ല തെറ്റും,പണിപോകുമോ..എന്തായാലും അദ്ദേഹം ചിരിച്ചു കൊണ്ടാണ് വരവേറ്റത്.പിന്നെ ജോലിയുടെ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഈ ഒരു വര്ഷം ഞാന്‍ ചെയ്യുന്നതെല്ലാം ഇമോഷണലായി പറഞ്ഞു.ഒരു നുണയും ഇല്ലാതെ എല്ലാം സത്യസന്ധമായി പറഞ്ഞു.അത് കഴിഞ്ഞു എന്നെ പറ്റി പഴ്‌സണലായി ചോദിച്ചു കഴിഞ്ഞു അദ്ദേഹം മേശ വലിപ്പീന്ന് കവര്‍ എടുത്തു മേശയില്‍ വച്ചിട്ട് എന്നോട് ചോദിച്ചു എന്താണിത്. അപ്പോഴാണ് ആ കവര്‍ നോക്കിയത് എന്റെ ഉള്ള ഊര്‍ജ്ജം മുഴുവന്‍ ചോര്‍ന്നു പോയിരുന്നു . ഷെയ്ഖിനു ഞാന്‍ അയച്ച കത്ത് എന്റെ കമ്പനിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.എന്തായാലും ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.ധൈര്യപൂര്‍വ്വം അത് എന്താണെന്നും അതയക്കാനുള്ള എന്റെ മാനസികാവസ്ഥയും ഒരു സുഹൃത്തിനോടെന്ന പോലെ അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു കഴിഞ്ഞതും, അദ്ദേഹം എനിക്ക് വാക്ക് തന്നു ,ഒരു മാറ്റം ഉറപ്പായും തന്നിരിക്കും കൂടാതെ അദ്ധേഹത്തിന്റെ പേര്‍സണല്‍ ഐഡിയും തന്നു എല്ലാ ആശംസകളും നേര്‍ന്നു സന്തോഷമാക്കി പറഞ്ഞു വിട്ടു.എന്തോ മനസ്സില്‍ ഒരു സമാധാനം പോലെ എനിക്ക് ജോലി വാങ്ങിച്ചു തന്ന അദ്ദേഹത്തെ വിളിച്ചു വിവരം പറഞ്ഞു.എന്താടാ ഇതൊക്കെ?, പോട്ടെ സാരല്യ.
എന്തായാലും എന്റെ വിശ്വാസം പിഴച്ചില്ല എന്റെ യാത്ര സത്യ വുമായിരുന്നു എന്നതിന് തെളിവായിരുന്നു ആ കത്ത്. കൃത്യം 10 ദിവസത്തിനുള്ളില്‍ എനിക്ക് ദുബായിലേക്ക് സ്ഥലം മാറ്റം കിട്ടുകയും അവിടെ ലൊക്കേഷണലില്‍ എല്ലാം എന്റെ നിരീക്ഷണത്തില്‍ സുഖമായിരുന്നു.വര്‍ഷത്തിലെ ബോണസും അനുവദിച്ചത് വാങ്ങിക്കുവാനും, ജോലി കഴിഞ്ഞുള്ള സമയത്തു ഭാര്യയെ മിനിസ്ട്രി പരീക്ഷ എഴുതിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും,ഒപ്പം അവളെ കൊണ്ടുവരാനുള്ള വലിയ അവസരം യാഥാര്‍ഥ്യമാവാനും, അതിലൂടെ അവള്‍ക്കു പ്രവാസത്തില്‍ ജോലി ലഭിക്കുവാനും, എന്റെ ബാദ്ധ്യതകള്‍ പാതി ഷെയര്‍ ചെയ്യുവാനും,ജീവിത സ്വപ്നങ്ങള്‍ക്ക് വീണ്ടും ഉണര്‍വ്വേകാനും തമാശയായി ചെയ്ത എന്റെ പ്രവാസത്തിലെ ആ മാന്ത്രിക കത്തിന് സാധിച്ചു എന്നതാണ് …..!

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar