ലോക കേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

പ്രവാസികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടുന്നതിന് ടോള്‍ ഫ്രീ നമ്പര്‍.

കോഴിക്കോട്: ലോക കേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ ഏതു വിധത്തില്‍ പ്രാവര്‍ത്തികമാക്കാനാവുമെന്ന് സെക്രട്ടേറിയറ്റിന് പരിശോധിക്കാനാവും. പ്രവാസികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടുന്നതിന് ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.നൈപുണ്യ വികസനത്തില്‍ കേരളത്തില്‍ നല്ല ഇടപെടല്‍ നടക്കുന്നുണ്ട്. കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്‍പ്പെടെ നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നത് ഇതിലൂടെ സാധ്യമാകും. പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തുന്നവരുടെ സംരക്ഷണം പൂര്‍ണരീതിയില്‍ നടപ്പാക്കാന്‍ ശ്രമം നടക്കുകയാണ്. വിദേശത്ത് യുവജനോത്‌സവങ്ങള്‍ സംഘടിപ്പിക്കുന്നത് പരിഗണിക്കാവുന്നതാണ്. കേരള വികസനത്തിനുതകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഇവ ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം. പ്രവാസികളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ എംബസികള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവും. മതനിരപേക്ഷതയും ജനാധിപത്യവുമാണ് നമ്മുടെ നാടിന്റെ പ്രത്യേകത. അത് പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ വിദേശങ്ങളില്‍ സംഘടിപ്പിക്കാനാവണം. വിവിധ രാജ്യങ്ങളില്‍ ലോകകേരള സഭയുടെ സന്ദേശം പകരുന്ന സമ്മേളനങ്ങള്‍ നടത്തുന്നത് ചര്‍ച്ച ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar