സുഗതന്റെ കുടുംബത്തിന് എന്ത് തിരിച്ചു നല്‍കിയാണ് ഭരണകൂടവും രാഷ്ട്രീയക്കാരും പാപക്രിയ ചെയ്യുക.

പുനലൂര്‍: ഈ കുടുംബത്തോടും മരണപ്പെട്ട പ്രവാസിയോടും എന്ത് തിരിച്ചു നല്‍കിയാണ് ഭരണകൂടവും രാഷ്ട്രീയക്കാരും പാപക്രിയ ചെയ്യുക. വയല്‍ നികത്തി മണ്ണിട്ട സ്ഥലത്താണ് വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതെന്നു പറഞ്ഞു എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ കൊടിനാട്ടല്‍ സമരത്തെത്തുടര്‍ന്നാണ് ഇളമ്പലില്‍ സുഗതന്‍ ആത്മഹത്യ ചെയ്തത്. ആ കുടുംബത്തിനാണ് വര്‍ക്ക് ഷോപ് തുടങ്ങാന്‍ ഇപ്പോള്‍ പഞ്ചായത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നത്.ഈ ആവശ്യത്തിനു വേണ്ടി അദ്ദേഹം കയറി ഇറങ്ങാത്ത ഒഫീസുകളില്ല. കാലുപിടിച്ചു കേണപേക്ഷിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളില്ല. അവസാനം എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടപ്പോഴാണ് ഒരു മുഴം കയറില്‍ ആ മനുഷ്യന്‍ ജീവിതം അവസാനിപ്പിച്ചത്. എന്നാല്‍ ഇന്നാവട്ടെ അതേ സ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ് തുടങ്ങാന്‍ പഞ്ചായത്ത് രേഖാമൂലം അനുമതി നല്‍കി. ഉടന്‍തന്നെ ലൈസന്‍സ് കൈമാറുമെന്നാണ് വിവരം.
സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്തിനെ സമീപിച്ച സുഗതന്റെ കുടുംബത്തിന്റെ ആവശ്യം പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അനുകൂല തീരുമാനം സ്വീകരിക്കുകയുമായിരുന്നു.
രണ്ടാഴ്ച മുന്‍പാണ് സുഗതന്‍ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ചത്. എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടിനാട്ടിയതോടെ വര്‍ക്ക് ഷോപ്പിന്റെ നിര്‍മ്മാണം നിന്നതില്‍ മനംനൊന്താണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിരുന്നു.
നിയമം പാലിക്കേണ്ടവര്‍ പണത്തിനു പിന്നാലെ പാഞ്ഞ് പ്രയാസം സൃഷ്ടിക്കുമ്പോള്‍ നിരവധി സുഗതന്മാര്‍ സ്വപ്‌നങ്ങള്‍ക്ക് ചങ്ങലയിട്ട് ജീവിക്കുന്നുണ്ട്. ഉള്ള സമ്പാദ്യം സ്വരുക്കൂട്ടി ജന്മനാട്ടില്‍ ഒതുങ്ങി കൂടാനെത്തുന്ന പാവങ്ങളെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും ഇനിയെങ്കിലും ശവം തീനികളാവരുത്. ഒരുപാട് പ്രതീക്ഷയോടെ അറബ് നാട്ടിലെ ദുരിതത്തില്‍ നിന്നും രക്ഷപ്പെട്ടു വരുന്നവര്‍ക്ക് പട്ടു മെത്ത വിരിച്ചു കാത്തിരിക്കുന്നു എന്ന് പെരുമ്പറകൊട്ടുന്നവര്‍ പട്ടടയാണ് ഒരുക്കുന്നത്. സുഗതന്റെ അന്ത്യം വിരല്‍ ചൂണ്ടുന്നത് വ്യവസ്ഥിതിക്കു നേരെയാണ്. ചൂഷക കുപ്പായം തുന്നി കാത്തിരിക്കുന്ന ഉദ്യോഗസ്ഥ പ്രമാണിത്ത്വത്തിന്നെതിരേയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണ്ടായിസമാണ് സത്യത്തിത്തില്‍ പുനലൂരില്‍ നടന്നത്. അധികാരവും ആള്‍ബലവും കൊണ്ട് മണ്ണിട്ടു നികത്തി പാര്‍ട്ടി ഒഫീസും കൊട്ടാരവും റിസോട്ടും പണിതവര്‍ പത്തു സെന്റുകാരന്റെ നെഞ്ചത്ത് ചവിട്ടി സദാചാര പോലീസ് ചമയുന്നതാണ് ഇന്നത്തെ കേരളീയ ചിത്രം. സ്വന്തം നാട്ടില്‍ പണം മുടക്കാനെത്തുന്നവന്റെ സര്‍വ്വ നീക്കങ്ങളേയും മുടക്കുന്ന നിലപാടാണ് മാറേണ്ടത്. പ്രവാസിക്കു വേണ്ടി ഒരു വകുപ്പും മന്ത്രിയും ഉണ്ടായിട്ടാണ് ഇതൊക്കെ നടമാടുന്നത്. മനുഷ്യാവകാഷ കമ്മീഷനും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ഉണ്ടായിട്ടും ആരും പ്രതികരിച്ചിട്ടുപോലുമില്ല. ഇപ്പോള്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്.
0 Comments