സഊദിയില്‍ വിദേശികള്‍ക്ക് വന്‍ തൊഴില്‍ സാധ്യത

റിയാദ്: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടൈം മാഗസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സഊദിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വിദേശികള്‍ക്ക് വന്‍ തൊഴില്‍ സാധ്യതയാണ് നല്‍കുന്നതെന്നും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ശോഭന ഭാവിയാണ് ഉണ്ടാകുകയെന്നും സഊദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയത്. സഊദിയില്‍ ഒരു കോടിയിലധികം വിദേശികള്‍ ഒറ്റയ്ക്കും കുടുംബത്തോടൊപ്പവും താമസിച്ച് വരുന്നു. എന്നാല്‍, സാമ്പത്തിക പരിഷ്‌കാരത്തിനിടയിലും ഇവരുടെ എണ്ണം കുറയില്ലെന്നാണ് വിശ്വാസം. സാമ്പത്തിക പരിഷ്‌ക്കരണ രംഗത്ത് സഊദി ലക്ഷ്യമിടുന്ന വളര്‍ച്ച സാക്ഷാല്‍കരിച്ചാല്‍ ധാരാളം മാനവ വിഭവ ശേഷിയും തൊഴിലാളികളെയും വേണ്ടിവരും. അതോടെ നിലവിലെ എണ്ണത്തേക്കാള്‍ വിദേശികളുടെ എണ്ണം കൂടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
മതിയായ വിദ്യാഭ്യാസ യോഗ്യതയും കഴിവും ഉള്ള വിദേശികള്‍ക്ക് തൊഴില്‍ ലഭിക്കും. എന്നാല്‍, ഇതേ സ്ഥാനത്ത് സ്വദേശികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്കാണ് ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷത്തിനിടെ 30 വര്‍ഷത്തേക്കാളേറെയുള്ള മാറ്റമാണ് സഊദിയില്‍ ഉണ്ടായിരിക്കുന്നത്. വിവിധ മേഖലകളില്‍ മത്സരിക്കാന്‍ സഊദി ജനത തയ്യാറാണെന്ന് തെളിയിച്ചു. സഊദിയുടെ ശേഷിയുടെ പത്തു ശതമാനം പോലും ഉപയോഗപ്പെടുത്തിയിട്ടില്ല. 90 ശതമാനം ബാക്കി കിടക്കുകയാണ്. കൂടുതല്‍ ശക്തി നേടുന്നതിനായുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. വിഷന്‍ 2030 അടിസ്ഥാനം തന്നെ മൊത്തം ചിലവഴിക്കുന്നതിന്റെ പകുതിയും രാജ്യത്തിനുള്ളില്‍ തന്നെയായിരിക്കുകയെന്നാണ്. ഏതൊരു ലക്ഷ്യവും നേരിടുന്നതിനുള്ള ശക്തമായ ഒരു സൈന്യം സഊദിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഊദി ഫലസ്തീനൊപ്പം
ഫലസ്തീന്‍ വിഷയത്തില്‍ തങ്ങള്‍ ഫലസ്തീനൊപ്പമാണ്. സഊദിയുടെ പൂര്‍ണ്ണ പിന്തുണയും ഞങ്ങള്‍ ഫലസ്തീന് നല്‍കുന്നുണ്ട്. ജറൂസലം ആസ്ഥാനമാക്കി പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ള ഫലസ്തീനാണ് സഊദി ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യന്‍ പ്രശ്‌നം പരിഹരിക്കപ്പെടാതെ ഇസ്‌റാഈലുമായി യാതൊരു ബന്ധവും സാധ്യമല്ല.
ഇരു പക്ഷത്തിനും അവിടെ ജീവിക്കാനും സഹവര്‍ത്തിക്കാനും അവകാശമുണ്ട്. പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണ് സഊദി നോക്കുന്നത്. അങ്ങനെ ഒരു ദിവസം വന്നാല്‍ അപ്പോള്‍ ഞങ്ങള്‍ അത് പരിശോധിക്കും. മധ്യ പൗരസ്ത്യ ദേശത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം ഇറാന്‍ ആണെന്നും സഊദിക്ക് ഇവര്‍ ഏറ്റവും വലിയ വെല്ലുവിളിയല്ലെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ വെല്ലുവിളിയായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൈം മാഗസിന്റെ അടുത്തയാഴ്ച ഇറങ്ങാനിരിക്കുന്ന പതിപ്പിലെ കവര്‍ ചിത്രവും ലേഖനവും കിരീടാവകാശിയുടെ അഭിമുഖമാണ്.
0 Comments