വീണ്ടും അടുത്ത വർഷം കണ്ടുമുട്ടാം എന്ന നല്ല വാക്കോടെഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനു വിട.

അങ്ങിനെ ബഹളങ്ങൾ അവസാനിക്കുന്നു.. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനു കൊടിയിറങ്ങുമ്പോൾ പത്തു ദിവസത്തിന് അനുഭവത്തിളക്കം ഏറെ… ലോക ഭാഷകളിലെ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ ചൂരും ചൂടും അനുഭവിച്ചറിഞ്ഞ ദിന രാത്രങ്ങൾ. പരിചയപ്പെട്ടതും പരിചയം പുതുക്കിയതുമായ ചങ്ങാതികൾ ഒട്ടേറെ. പുസ്തക ലോകത്തെ കുതിപ്പും കിതപ്പും അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ. സാഹിത്യത്തിന്റെ സാഗരങ്ങളിലൂടെ കൊണ്ടുപോയ സംവാദ സദസ്സുകൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പുസ്തകങ്ങൾ മുഴുവനും ഇവിടെ വായനക്കാർക്കായി ഒരുക്കിയിരിക്കുന്നു. 37 മത് അന്താരാഷ്ട്ര പുസ്തകമേള അവസാനിക്കുമ്പോൾ മറ്റൊരു ചരിത്രം കൂടിയാണ് ചേർക്കപ്പെടുന്നത്. 2019 ഷാർജക്കു പുതിയൊരു തൂവൽ കൂടി സമ്മാനിക്കുന്നു. ലോക പുസ്തക തലസ്ഥാനം എന്ന പദവി കൈവരിക്കുകയാണ്. മൂന്നര പതിറ്റാണ്ടു കൊണ്ട് ഷാർജ എന്ന അറബ് ദേശം ലോകത്തിനു നൽകിയ വൈജ്ഞാനിക വിപ്ലവത്തിനുള്ള അംഗീകാരമാണ് ഈ പദവി. അക്ഷരങ്ങളെ നെഞ്ചോട്‌ ചേർത്ത് നിർത്തിയ ഷാർജ ഭരണാധികാരി ഹിസ് എക്‌സലൻസി ഡോക്ടർ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ്‌ ആൽ ഖാസ്മിയുടെ നേതൃത്വവും ധിഷണയുമാണ് ഈ അംഗീകാരത്തിന്റെ പിന്നിൽ. ലോക ജനതയെ അക്ഷര സ്നേഹത്തിലേക്ക് കൈപിടിച്ച് നടത്തിയ ഏക ഭരണാധികാരിയാണ് ഷാർജ സുൽത്താൻ.. നിരവധി ലോക പ്രസിദ്ധ പഠന ഗവേഷണ ചരിത്ര ഗ്രന്ഥങ്ങൾ എഴുതിയ വ്യക്തിത്വമാണ് സുൽത്താന്റേതു. ഷാർജയുടെ പുസ്തക ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുന്ന മലയാളത്തിന്റെ അഭിമാന പുത്രനാണ് മോഹൻ കുമാറിന്റേത്. രാ പകലില്ലാതെ മേളയുടെ ഓരോ ഇടങ്ങളിലും നാം അദ്ദേഹത്തെ കണ്ടുമുട്ടുന്നു. കുട്ടികളോടും മുതിർന്നവരോടും എഴുത്തുകാരോടും രാഷ്ട്രീയക്കാരോടും പ്രസാധകരോടും ഒരുപോലെ ചങ്ങാത്തം കൂടി ഇഴുകി ചേരുന്ന അപൂർവ വ്യക്തിത്വത്തിനുടമയാണ് മോഹൻജി. പുസ്തകമേളയുടെ ആൾ കൂട്ടത്തിൽ അലിഞ്ഞു ചേരുമ്പോഴും ഓരോ പുസ്തക പ്രകാശന വേദിയിലും ഓടിയെത്തി കുശലം പറഞ്ഞു പോയില്ലെങ്കിൽ ഈ കണ്ണൂർ സ്വദേശിക്കു ഇരുത്തം ഉറക്കില്ല.. ശീതീകരിച്ച മുറിയിൽ ചക്ര കസേരയിട്ട് ഇരുന്നാൽ മതിയെങ്കിലും ഇന്ന് വരെ അത്തരത്തിൽ ഒരു ഇരിപ്പിടത്തിൽ കണ്ടിട്ടില്ല. 37വർഷമായി അദ്ദേഹം ഈ ചുക്കാൻ പിടിക്കാൻ തുടങ്ങിയിട്ട്. ഇന്ന് അദ്ദേഹത്തിനൊപ്പം ഉള്ള ജീവനക്കാർ എല്ലാവരും ഷാർജ ബുക്ക്‌ ഫെയറിനേക്കാൾ പ്രായം കുറഞ്ഞവരാണ്. മോഹൻജിയുടെ ആഗ്രഹം അര നൂറ്റാണ്ടു തികയുന്നത് കാണുക എന്നതാണ്. ദൈവം അനുഗ്രഹിക്കട്ടെ. ലോക പുസ്തക തലസ്ഥാനമായി ഷാർജ ഉയരുമ്പോൾ അതിന്റെ തലപ്പത്തു ഒരു മലയാളി സാന്നിധ്യം ഉണ്ടാവുക എന്നതിൽ പരം സുകൃതം മലയാളത്തിനും മലയാളിക്കും മറ്റെന്താണുള്ളത്. ഇന്ന് ലോക പുസ്തക മേളയിൽ മൂന്നാം സ്ഥാനത്തുള്ള ഷാർജയെ ഒന്നാം സ്ഥാനത്തെത്തിക്കുക എന്നതാണ് മോഹൻജിയുടെ മറ്റൊരാഗ്രഹം.. സാമ്പത്തിക മാന്ദ്യത്തിന്റെ കരി നിഴലിലും പുസ്തക മേള വൻ വിജയവും വില്പന മുൻ വർഷത്തേക്കാൾ ഉയരുകയും ചെയ്യുമ്പോൾ ഒരു കാര്യം തീർച്ച. പുസ്തകത്തിന് മരണമില്ല… പല എഴുത്തുകാരുടെയും മനസ്സും പ്രതിഭയുമാണ് മരിച്ചു കൊണ്ടിരിക്കുന്നത്. നാം അറിയാത്ത പല ന്യൂ ജെൻ പരീക്ഷണവും ഇത്തവണ അറബ്, ഇംഗ്ലീഷ് പുസ്തക ശാലകളിൽ ദൃശ്യമായി.. മലയാളം ഇത്തവണയും പതിവ് സർക്കസ്സുമായിട്ടാണ് വന്നത്.അതുകൊണ്ട് തന്നെ പല ജോക്കർമാരുടെയും ഹാസ്യം കണ്ണീരിൽ ഒതുങ്ങി. പുതിയ ശ്രേദ്ധെയ ടൈറ്റിൽ കൊണ്ട് വരാനോ, വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനോ പലർക്കും കഴിഞ്ഞില്ല. ഔദ്യോഗികമായി 182 പുസ്തകമാണത്രെ മലയാളത്തിൽ പ്രകാശിതമായതു. സ്റ്റാളുകളിൽ പ്രകാശനം ചെയ്യപ്പെട്ടവ വേറെയും. എന്നാലവയിൽ വിരലിൽ എണ്ണാവുന്നവക്ക് പോലും ശ്രദ്ധ കവരാൻ കഴിഞ്ഞില്ല. അന്താരാഷ്ട്ര പുസ്തക മേളയിൽ വൻ മലയാളി സന്ദർശകർ വരുന്നുണ്ടെങ്കിലും പുസ്തക പ്രകാശന മാമാങ്കം എഴുത്തിനെയും വായനയേയും പിറകോട്ടു നടത്തിക്കാനാണ് സഹായിക്കുന്നത്. പുസ്തകം അന്താരാഷ്ട്ര വേദിയിൽ പ്രകാശിപ്പിക്കപ്പെടണമെങ്കിൽ ചില മാനദണ്ഡങ്ങൾ ഒക്കെ നടപ്പാക്കേണ്ടതുണ്ട്. സുഹൃത്തുക്കളിൽ നിന്ന് ലേഖനങ്ങൾ വാങ്ങി വായിച്ചുപോലും നോക്കാതെ എഡിറ്റർ കസേര വലിച്ചിട്ടു ഇരിക്കുന്നവരും.ഏഴു ദിവസം നടത്തിയ യാത്രയുടെ പിൻബലത്തിൽ ബൃഹത് യാത്ര വിവരണം എഴുതിയവരും പുസ്തകം പടച്ചിറക്കുകയാണിന്നു. ഇത്തരം കളികൾ വഴി എല്ലാവരും എഴുത്തുകാരും എഡിറ്റർമാരും ആവുകയാണ്. പുസ്തക പ്രകാശനത്തിന് വേദി അനുവദിക്കുമ്പോൾ ചില നിഷ്കർഷകൾ നിര്ബന്ധമാണ്. പരസ്പരം ചൊറിഞ്ഞു സുഖിപ്പിക്കാൻ ഉള്ള വേദിയായി ബുക്ക്‌ ഫെയറിനെ മാറ്റാതിരിക്കാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുക. അഞ്ചും ആറും പുസ്തകം പ്രകാശിപ്പിക്കപ്പെടുന്നു ചിലർ. അച്ചടിക്കാൻ കാശുള്ളവരെല്ലാം എഴുത്തുകാരനെന്ന വെളിച്ചപ്പാടായി മാറുന്നു മലയാളം സെക്ഷനിൽ..


അക്ഷരങ്ങളോടുള്ള സ്നേഹവും ബഹുമാനവും കാണണമെങ്കിൽ ഇതര രാജ്യങ്ങളുടെ പവലിയൻ കാണണം. അവിടെ എത്തുന്ന എഴുത്തുകാരെ അറിയണം…
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനു മാത്രമായി ഇത്തവണ നിരവധി പേർ വന്നു എന്നത് വലിയ ആവേശമാണ് പ്രധാനം ചെയ്യുന്നത്.പുസ്തകങ്ങളുടെ മാസ്മരിക ലോകം അനുഭവിച്ചറിയാനെത്തുന്നവർ അറിയാതെ സ്മരിച്ചുപോകും ഷാർജ സുൽത്താൻ ഡോക്ടർ ഖാസിമിയെ.ട്രോളിയിൽ പുസ്‌തകവുമായി നീങ്ങുന്ന അറബ് ജനങ്ങൾ. കോടികൾ ഗ്രാൻഡ് ലഭിച്ചതിലൂടെ സമ്പന്നമാവുന്ന ലൈബ്രറികൾ. എല്ലാം ഈ പുസ്തകോത്സവത്തിന്റെ അനുഗ്രഹമാണ്.
ഇന്ന് 37 മത് പുസ്തകോത്സവത്തിനു കൊടിയിറങ്ങുമ്പോൾ കഴിഞ്ഞ പത്തു ദിവസം നൽകിയ അനുഭവം ചെറുതല്ല. വീണ്ടും അടുത്ത വർഷം കണ്ടുമുട്ടാം എന്ന നല്ല വാക്കോടെ വിട.
അമ്മാർ കിഴുപറമ്പ്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar