ശബരിമലയില്‍ കനത്ത സുരക്ഷ;

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാലുഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ആകെ 15,259 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. ഡിഐജി മുതല്‍ അഡീഷനല്‍ ഡിജിപി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്. നാല് ഘട്ടങ്ങളുളള ഈ സീസണില്‍ എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാചുമതലകള്‍ക്കായി ഉണ്ടാവും. ഡിവൈഎസ്പി തലത്തില്‍ 113 പേരും ഇന്‍സ്‌പെക്ടര്‍ തലത്തില്‍ 359 പേരും എസ്‌ഐ തലത്തില്‍ 1,450 പേരുമാണ് ഇക്കാലയളവില്‍ ഡ്യൂട്ടിയില്‍ ഉണ്ടാവുന്നത്. 12,562 സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍, സിവില്‍ പോലിസ് ഓഫിസര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സിഐ, എസ്‌ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍/സിവില്‍ പോലിസ് ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ഇന്നുമുതല്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ 3,450 പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതാ പോലിസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തില്‍ 349 പേരും സിഐ തലത്തില്‍ 82 പേരും ഡിവൈഎസ്പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാവും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പോലിസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ടാവും. ഇവരില്‍ 230 പേര്‍ വനിതാ പോലിസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തില്‍ 312 പേരും സിഐ തലത്തില്‍ 92 പേരും ഡിവൈഎസ്പി തലത്തില്‍ 26 പേരും ചുമതലകള്‍ നിര്‍വഹിക്കും. ഡിസംബര്‍ 14 മുതല്‍ 29 വരെയുളള മൂന്നാംഘട്ടത്തില്‍ 4,026 പോലിസ് ഉദ്യോഗസ്ഥരുണ്ടാവും. ഇവരില്‍ 230 പേര്‍ വനിതാ പോലിസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തില്‍ 389 പേരും സിഐ തലത്തില്‍ 90 പേരും ഡിവൈഎസ്പി തലത്തില്‍ 29 പേരും ഡ്യൂട്ടിയിലുണ്ടാവും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാംഘട്ടത്തില്‍ 4,383 പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതാ പോലിസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തില്‍ 400 പേരും സിഐ തലത്തില്‍ 95 പേരും ഡിവൈഎസ്പി തലത്തില്‍ 34 പേരും ഡ്യൂട്ടിയിലുണ്ടാവും.
ഒരു സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുള്ള കേരളാ പോലിസ് കമാന്‍ഡോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുള്ള മറ്റൊരു കമാന്‍ഡോ സംഘം പമ്പയിലുണ്ടാവും. കൂടാതെ ഏത് സാഹചര്യവും നേരിടാനായി തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലാറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പോലിസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.
റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ രണ്ട് കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാവും. ഒരു വനിതാ ഇന്‍സ്‌പെക്ടറും രണ്ട് വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരും 30 വനിതാ സിവില്‍ പോലിസ് ഓഫിസര്‍മാരും അടങ്ങുന്ന കര്‍ണാടക പോലിസിന്റെ ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar