ഗള്‍ഫ് സാമൂഹ്യ പ്രവര്‍ത്തനരംഗത്തും എട്ടുകാലി മമ്മൂഞ്ഞമാര്‍

: അമ്പിളി ദുബൈ :
ദുബയ്: പ്രവാസി സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക എന്നത്. അഷ്‌റഫ് താമരശ്ശേരി എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ പ്രധാനമന്ത്രി മുതല്‍ താഴെയുള്ള എല്ലാ ഉത്തരവാദിത്വപ്പെട്ടവരോടും ഇക്കാര്യം നിരന്തരം ആവശ്യപ്പെടാറുമുണ്ട്. ഈ അടുത്ത ദിവസം ഡല്‍ഹിയിലെത്തി വ്യോമയാന ,വിദേശ മന്ത്രിമാരെ സന്ദര്‍ശിച്ചും ഇക്കാര്യമാണ് സംസാരിച്ചത്. പ്രധാന മന്ത്രി ഇത്തവണ വന്നപ്പോഴും അഷ്‌റഫ് സംസാരിച്ചത് ഇതേക്കുറിച്ചാണ്. എന്നാല്‍, ഗള്‍ഫിലെ ചി ല കടലാസ് സംഘടനകള്‍ക്കും ഒറ്റയാള്‍ പ്രസ്ഥാനങ്ങള്‍ക്കും ആവശ്യം എല്ലാറ്റിന്റെയും ക്രഡിറ്റ് ലഭിക്കുക എന്നതാണ. മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കാര്‍ഗോ പ്രതിനിധി കരീമും, സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയും വിളിച്ച യോഗത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളുടെ കാരണവും ഇതുതന്നെയാണ്. യോഗത്തിലെത്തിയ ഓവര്‍സീസ് ബി.ജെ.പി പ്രതിനിധികള്‍ തമ്മിലാണ് ശണ്ഠ കൂടിയത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് ചെറിയ ഇളവ് പ്രഖ്യാപിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ബി.ജെ.പി പ്രതിനിധികളുടെ അവകാശത്തര്‍ക്കമാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. ദുബയിലുള്ള പ്രതിനിധി ക്രെഡിറ്റ് ഏറ്റെടുക്കാന്‍ തുടങ്ങിയത് ബി.ജെ.പി.യുടെ അബുദബി പ്രതിനിധിയെ ചൊടിപ്പിച്ചുവത്രെ. ബി.ജെ.പി.യുടെ യു.എ.ഇ.യിലെ ഔദ്യോഗിക പ്രതിനിധിയായി ഞാനുള്ളപ്പോള്‍ ദുബായിലെ പ്രതിനിധിയെ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ ആരാണ് അധികാരപ്പെടുത്തിയതെന്ന് ചോദിച്ചാണ് അബുദബിയില്‍ നിന്നെത്തിയ പ്രവാസി നേതാവ് യോഗം അലകോലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കയറ്റി അയക്കുമ്പോള്‍ തൂക്കം നോക്കാതെയായിരിക്കും നിരക്ക് നിശ്ചയിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ യു.എ.ഇ. ജി.എസ്.എ. ആയ അറേബ്യന്‍ ട്രാവല്‍സിന്റെ കാര്‍ഗോ വിഭാഗം മാനേജര്‍ കരീം പറഞ്ഞു. അതേ സമയം ഇക്കാര്യത്തെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ഇല്ല എന്ന് യു.എ.ഇ.യിലെ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വക്താക്കളും പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് മൃതദേഹം അടക്കമുള്ള എല്ലാ കാര്‍ഗോ വസ്തുക്കളും അന്തര്‍ദ്ദേശീയ വിമാന സുരക്ഷാ നിര്‍ദ്ദേശ പ്രകാരമാണ് തൂക്കം നോക്കുന്നത്. മൃതദേഹങ്ങളുടെ കാര്യത്തില്‍ മറ്റു വിമാനങ്ങളെ പോലെ തന്നെയാണ് എയര്‍ ഇന്ത്യയും ചെയ്യുന്നത്എന്നാണ് വിമാനക്കമ്പനികളുടെ ഔദ്യാഗിക അഭിപ്രായം.
മൃതദേഹ പരിചരണത്തിലും അവ സുരക്ഷിതമായും വേഗത്തിലും നാട്ടിലെത്തിക്കുന്നതിലും അഷ്‌റഫ് താമരശ്ശേരിയുടെ നിസ്വാര്‍ത്ഥ സേവനം എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ അശ്‌റഫിനു കൈവരുന്ന ജനസമ്മിതി മനസ്സിലാക്കിയ ചിലര്‍ ഈ രംഗത്ത് പ്രവേശിക്കുകയും ഗവണ്‍മെന്റ് സ്ഥാപനങ്ങളിലടക്കം കയറിച്ചെന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഒരു ചില്ലിക്കാശും വാങ്ങാതെ പൂര്‍ണ്ണമായും സൗജന്യമായി സേവനം നടത്തുന്ന അശ്‌റഫ് താമരശ്ശേരിക്കു പോലും പ്രയാസം സൃഷ്ടിക്കുന്ന തരത്തിലാണ് ഇത്തരക്കാര്‍ ഒഫീസുകള്‍ കയറി ഇറങ്ങി ചില മൃതദേഹങ്ങള്‍ക്കു വേണ്ടി രംഗത്തെത്തുന്നത്. എന്നാല്‍ പാവപ്പെട്ട സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടി ഇവരാരും രംഗത്തെത്തുന്നില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.
ദിവസവും നാലും അഞ്ചും മൃതദേഹങ്ങള്‍ ദുബായില്‍ നിന്നുമാത്രം ഇന്ത്യയിലേക്കു കയറ്റി അയക്കാന്‍ ഉണ്ടാവാറുണ്ട്. അന്യ സംസ്ഥാനത്തുള്ളവര്‍ക്ക് മൃതദേഹം ആശുപത്രിയില്‍ നിന്നും രേഖകള്‍ ശെരിയാക്കി നാട്ടിലെത്തിക്കുക എന്നത് വലിയ പ്രയാസം നിറഞ്ഞജോലിയാണ്. വലിയ സാമ്പത്തിക ബാധ്യത ഉള്ള പ്രവര്‍ത്തിയാണെന്നു തെറ്റിദ്ധാരണ വെച്ചു പുലര്‍ത്തുന്നവരും ഉണ്ട്. ഇവരെ കണ്ടെത്തി ചൂഷണം ചെയ്യുന്നവരും കൂട്ടത്തിലുണ്ട്. സാമൂഹ്യപ്രവര്‍ത്തകര്‍ എന്ന ലേബലില്‍ എത്തുന്ന ഇവര്‍ പണം ഈടാക്കുന്നതായും അറിയുന്നു. സാമൂഹ്യ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കാത്ത സംസ്ഥാനങ്ങളിലെ ആളുകളുടെ മൃതദേഹത്തോടാണ് ഈ ചൂഷണം നടക്കുന്നത്. അന്യ രാജ്യങ്ങളുടെ മൃതദേഹത്തിന്റെ രേഖകള്‍ ശെരിയാക്കാന്‍ വന്‍സംഖ്യ ഈടാക്കുന്ന സര്‍വ്വീസ് ഏജന്‍സികളും ലീഗല്‍ കണ്ടസെള്‍ട്ടന്‍സി സ്ഥാപനങ്ങളും ഉണ്ട്. എന്നാല്‍ ഇവയെല്ലാം യാതൊരു പണവും ഈടാക്കാതെ ചെയ്തുകൊടുക്കുന്ന അശ്‌റഫ് താമരശ്ശേരിക്കുപോലും പ്രയാസം സൃഷ്ടിച്ചുകൊണ്ടാണ് ചില അഭിനവ സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.
എംബാമിംഗ് സെന്ററിലെ ചില വിദേശ രാജ്യത്തൊഴിലാളികളെ പാട്ടിലാക്കി നടത്തുന്ന ഈ ഇടപെടല്‍ യഥാര്‍ത്ഥ സാമൂഹ്യപ്രവര്‍ത്തകരെപോലും തെറ്റിദ്ധരിപ്പിക്കാനും അവരുടെ നിസ്സ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെപ്പോലും തടസ്സപ്പെടുത്താനും കാരണമാക്കുമെന്നാണ് പ്രമുഖ സംഘടനാ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.ദുബൈ പോലീസിന്റെ അംഗീകൃത രേഖയോടെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന അശ്‌റഫ് താമരശ്ശേരിയുടെ ഈ രംഗത്തെ പ്രവര്‍ത്തനത്തെ മാനിച്ചാണ് രാജ്യം പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചത്. എന്നാല്‍ മറ്റു പരമോന്നത പുരസ്‌ക്കാരം ഉറ്റുനോക്കുന്ന ചില ഗള്‍ഫ് സാമൂഹ്യപ്രവര്‍ത്തകരും ഈ മേഖലയിലൂടെ ശ്രദ്ധിക്കപ്പെടാനും മീഡിയാ കവറേജ് സ്വന്തമാക്കാനും ഉള്ള തന്ത്രത്തിലാണ് ഈ രംഗത്തേക്ക് ശ്രദ്ധതിരിക്കുന്നത്. ഒന്നും രണ്ടും ആളുകള്‍ക്ക് ചെയ്തു തീര്‍ക്കാവുന്നതിലും എത്രയോ ഇരട്ടി ജോലിയാണ് ഈ രംഗത്ത് ദിവസവും ഉള്ളത്. ആ നിലക്ക് അശ്‌റഫിനെ സഹായിക്കാം എന്ന് ഉറപ്പിച്ചാ ആരും കടന്നു വരുന്നില്ല. എന്നാല്‍ ഓരോരുത്തരും സ്വന്തമായി കണ്ടെത്തിയ മൃതദേഹവുമായി രംഗപ്രവേശനം ചെയ്യുന്നതാണ് സംശയങ്ങള്‍ക്കിടവരുത്തുന്നത്. ഗള്‍ഫിലെ സാമൂഹ്യരംഗത്തും എട്ടുകാലി മമ്മൂഞ്ഞുമാര്‍ സജീവമായതോടെ ആത്മാര്‍ത്ഥതയോടെ രംഗത്തുള്ളവരുടെ നല്ല മനസ്സും മലിനമാവുകയാണ് ചെയ്യുന്നത്. രേഖകള്‍ ശെരിയാക്കി മൃതദേഹം നാട്ടിലെത്തിക്കുക എന്നത് തൊഴിലാക്കി സാമ്പത്തിക ചൂഷണം നടത്തുന്ന കള്ള നാണയങ്ങളും ഗള്‍ഫിലുണ്ടെന്നാണ് പ്രവാസലോകത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.
0 Comments