ഉന്തരേന്ത്യൻ മുസ്‌ലിം നവോത്ഥാനത്തിന് ഫലപ്രദം കേരള മോഡൽ: സി.കെ സുബൈർ

റിയാദ്: ഉത്തരേന്ത്യൻ മുസ്ലിം നവോത്ഥാനത്തിന് കേരളമോഡലാണ് ഫലപ്രദമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ അഭിപ്രായപ്പെട്ടു. മത ഭൗതിക വിദ്യാഭ്യാസത്തെ സംയോജിപ്പിച്ച നവോത്ഥാന ശ്രമങ്ങളാണ് കേരളത്തിൽ നടപ്പിലാക്കിയത്. അതോടൊപ്പം പാരസ്‌പര്യത്തിലൂന്നിയ രാഷ്ട്രീയ മുന്നേറ്റവും കേരളത്തിലെ മുസ്ലിം സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ സാധിച്ചു. മത-രാഷ്ട്രീയ രംഗങ്ങളിലെ പുരോഗതിക്ക് ഇസ്ലാഹീ പ്രസ്ഥാനവും മുസ്ലിം ലീഗും നൽകിയ സംഭാവനകൾ ദേശീയ രംഗത്തും മാതൃകയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദ് ക്രിയേറ്റീവ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ ബത്ഹ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാമൂഹ്യ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ മുസ്ലിംകളുടെ നാനാതുറകളിലുമുള്ള വികാസവും പുരോഗതിയും സാധ്യമാവണമെങ്കിൽ കേരള മാതൃകയിലുള്ള വിദ്യാഭ്യാസ സംരംഭങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യവസ്ഥാപിതമായി നടപ്പിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ മതേതര അടിത്തറ തകർക്കാൻ ഫാസിസ്റ്റുകൾക്ക് എളുപ്പത്തിൽ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ദേശീയ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ വിവിധ ഇടപെടലുകളും തന്റെ അനുഭവങ്ങളും സദസ്യരുമായി പങ്കുവെക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഒരു ഇന്ത്യൻ മുസ്ലിമിന്റെ സമകാലിക ചിന്തകൾ’ എന്ന ശീർഷകത്തിൽ നടന്ന സെമിനാർ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു.ആർ.ഐ.സി.സി കൺവീനർ എഞ്ചി.ഉമർ ശരീഫ് ആമുഖ പ്രഭാഷണം നടത്തി. റിയാദ് ക്രിയേറ്റീവ് ഫോറം ചെയർമാൻ അഡ്വ.പി.കെ.ഹബീബ് റഹ്മാൻ മോഡറേറ്ററായിരുന്നു.ആർ.ഐ.സി.സി സോഷ്യൽ സർവീസ് കൺവീനർ ശബീബ് കരുവള്ളി, ബത്ഹ ഇസ്ലാഹീ സെന്റർ പ്രസിഡണ്ട് ബഷീർ കുപ്പോടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. RlCC മീഡിയാ വിംഗ് ചെയർമാൻ നബീൽ പയ്യോളി, ഉബൈദ് തച്ചമ്പാറ, അശ്റഫ് രാമനാട്ടുകര എന്നിവർ ചർച്ചകൾക്ക് നേതൃത്യം നൽകി..!
ഫോട്ടോ : ‘ഒരു ഇന്ത്യൻ മുസ്ലിമിന്റെ സമകാലിക ചിന്തകൾ’ എന്ന ശീർഷകത്തിൽ റിയാദ് ക്രിയേറ്റീവ് ഫോറം ബത്ഹയിൽ സംഘടിപ്പിച്ച സെമിനാറിൽ മുസ്ലീം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ മുഖ്യപ്രഭാഷണം നിർവ്വഹിക്കുന്നു.
0 Comments