സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു.


തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പനിയുള്ള ഗര്‍ഭിണികളില്‍ പരിശോധന നടത്തി സിക്ക വൈറസ് അല്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗര്‍ഭം ധരിക്കാന്‍ തയാറെടുക്കുന്നവര്‍ക്കും കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് ഉണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ യാത്ര ചരിത്രം അടക്കം കണ്ടെത്തും. സംസ്ഥാനത്ത് ലാബ് സൗകര്യം വര്‍ധിപ്പിക്കും.കൊതുകു നിവാരണമാണ് ഏറ്റവും പ്രധാനം. അതിനാല്‍ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്തുന്നതാണ്. 4 മാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ 5 മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം. സിക്ക വൈറസ് കണ്ടൈത്താനുള്ള ലാബ് സൗകര്യം വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. പരിശീലനവും ബോധവത്ക്കരണവും സംഘടിപ്പിക്കുന്നതാണ്. സ്വകാര്യ ആശുപത്രികളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍ എന്നിവ കണ്ടാല്‍ സിക്കയല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാനം നേരത്തെ മുതല്‍ ഡ്രൈ ഡേ ആചരിച്ചു വരുന്നു. ഈയൊരു സാഹചര്യത്തില്‍ ഡ്രൈ ഡേ ശക്തിപ്പെടുത്തുന്നതാണ്.അതേസമയം, തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നും നേരത്തെയയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് എന്‍.ഐ.വി. പൂനയില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് രോ?ഗം ബാധിച്ചവര്‍. ഇവര്‍ നഗരത്തിലുള്ള ആശുപത്രിക്ക് സമീപമായാണ് താമസിച്ചിരുന്നത്. അവര്‍ താമസിച്ച നഗരത്തിലെ വിവിധ പ്രദേശവും അവരുടെ യാത്രാ ചരിത്രവും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുന്നതാണ്. ഇതുകൂടാതെ കഴിഞ്ഞ ദിവസം ആശുപത്രി പരിശോധനയില്‍ 24 വയസുകാരിയില്‍ രോഗം കണ്ടെത്തിയിരുന്നു. ഇതോടെ 14 പേരിലാണ് രോഗം കണ്ടെത്തിയത്. യുവതി താമസിച്ച നന്ദന്‍കോട് പ്രദേശത്തും സ്വദേശമായ പാറശാലയിലും നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഈ പ്രദേശങ്ങളില്‍ നിന്നും 17 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.അനാവശ്യമായ ഭിതി വേണ്ട. അതീവ ജാഗ്രതയാണ് വേണ്ടത്. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ സാരമായി ബാധിക്കും. അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ലൈംഗിക ബന്ധത്തിലൂടേയും സിക്ക വൈറസ് പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണികളാകാന്‍ തയ്യാറെടുക്കുന്നവര്‍ കൊതുകു കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കുട്ടികളും പ്രായമായവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി യോ?ഗത്തില്‍ നിര്‍ദ്ദേശം നല്‍കി. .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar