ആറു ജില്ലകളില്‍ കനത്ത നാശം വിതയ്ക്കുന്ന കൊടുങ്കാറ്റിനുസാധ്യത

ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ കേരളമടക്കം 10 സംസ്ഥാനങ്ങളില്‍കൂടി കൊടുങ്കാറ്റിന് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കേരളത്തില്‍ ആറു ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ രണ്ടുദിവസത്തേക്കാണ് ജാഗ്രതാനിര്‍ദേശം.

ആറു ജില്ലകളില്‍ കനത്ത നാശം വിതയ്ക്കുന്ന കൊടുങ്കാറ്റിനുസാധ്യതയുണ്ടെന്നു സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പുണ്ട്.

മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുത്. അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു തയാറായിരിക്കാന്‍ പൊലിസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസ്, ആരോഗ്യം, ഫിഷറീസ്, റവന്യൂ, വൈദ്യുതി വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്കു സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ അധികൃതരോടു നിര്‍ദേശിച്ചിട്ടുണ്ട്.

അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ഉപരിവായു ചക്രവാതച്ചുഴി കാരണമാണ് സംസ്ഥാനത്ത് കനത്തമഴയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ അറബിക്കടിലിനു മുകളില്‍ അഞ്ച് മുതല്‍ 12.5 ഡിഗ്രിവരെ മഴയ്ക്ക് കാരണമായ മേഘങ്ങള്‍ രൂപ്പപ്പെട്ടിട്ടുണ്ട്. കൂടാതെ മാലദ്വീപ്- ലക്ഷദ്വീപ് മേഖലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3.1 കി.മി ഉയരത്തില്‍ മറ്റൊരു ചക്രവാതചുഴിയും രൂപംകൊണ്ടു. ഇത് തെക്കുകിഴക്ക് അറബിക്കടലിലേക്ക് നീങ്ങിയതും മഴസാധ്യത വര്‍ധിപ്പിക്കുന്നു. തെക്കന്‍ കേരളത്തില്‍ 50 മുതല്‍ 90 മില്ലി മീറ്റര്‍ വരെ മഴലഭിക്കുമെന്നാണ് പ്രവചനം. അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ കാറ്റും ഇടിമിന്നലും മഴയ്‌ക്കൊപ്പമുണ്ടാകും.


 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar