ഈ പരിഷ്‌കാരങ്ങളില്‍നിന്ന് തന്നെ തടയാന്‍ മരണത്തിന് മാത്രമേ കഴിയൂ:മുഹമ്മദ് ബിന്‍ സല്‍മാന്‍

ജിദ്ദ : മതനിയമങ്ങള്‍ കര്‍ശനമായി പിന്തുടര്‍ന്നു വന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റതോടെ ഇതിന് മാറ്റങ്ങള്‍ വന്നു തുടങ്ങി. സ്ത്രീകള്‍ക്കുള്ള സ്വാന്ത്ര്യമാണ് അതില്‍ പ്രധാനപ്പെട്ടത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനമാണ് അദ്ദേഹം ആദ്യം എടുത്തത്. ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍പ്പോയി മത്സരം കാണാനും. ഒടുവില്‍, പുരുഷ പിന്തുണയില്ലാതെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള സ്വാതന്ത്ര്യവും മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കി. കിരീടാവകാശിയായ ശേഷം ആദ്യമായി അമേരിക്കയിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ , സൗദിയില്‍ പുരുഷനും സ്ത്രീക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാത്ത കാലത്തിനായാണ് താന്‍ യത്നിക്കുന്നതെന്ന് വ്യക്തമാക്കി. അതിനുള്ള ശ്രമങ്ങള്‍ തുടരും. ഈ പരിഷ്‌കാരങ്ങളില്‍നിന്ന് തന്നെ തടയാന്‍ മരണത്തിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

1979 വരെ മറ്റു ഗള്‍ഫ് രാജ്യങ്ങളെപ്പോലെ സാധാരണ രാജ്യമായിരുന്നു സൗദിയും. സ്ത്രീകള്‍ വാഹനങ്ങളോടിക്കുകയും എല്ലാ മേഖലകളിലും ജോലി ചെയ്യുകയും ചെയ്തിരുന്നു. അവിടെ സിനിമാ തീയറ്ററുകളുണ്ടായിരുന്നു. എന്നാല്‍, 1979-ഓടെ എല്ലാം മാറി. ഈ മാറ്റം അംഗീകരിക്കാനാവില്ല. സൗദിയെ മറ്റു രാജ്യങ്ങളെപ്പോലെ സാധാരണനിലയിലേക്ക് കൊണ്ടിവരികയാണ് തന്റെ ലക്ഷ്യമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. അമേരിക്കന്‍ ചാനലിന് അനുവദിച്ച സൗദി കിരീടാവകാശിയുടെ അഭിമുഖത്തില്‍ അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി. ‘മനുഷ്യാവകാശം സൗദിക്ക് ഏറെ പ്രധാനമാണ്. എന്നാല്‍ സൗദിയിലെയും അമേരിക്കയിലെയും മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമാണ്. കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥകളിലേക്കു ഞങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.’ സ്വകാര്യ സ്വത്തുക്കളെക്കുറിച്ചു ചോദിച്ചപ്പള്‍ ‘ഞാന്‍ ഗാന്ധിയോ മണ്ടേലയോ അല്ല’ എന്ന് അദ്ദേഹം പ്രതികരിച്ചു. ‘ഞാന്‍ പണക്കാരനായാണു ജനിച്ചത്. പക്ഷേ, സമ്പത്തില്‍ 51 ശതമാനവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നു. സ്വകാര്യതകളെ അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ഇഷ്ടം’-കിരീടാവകാശി വിശദീകരിച്ചു.

ഇപ്പോഴത്തേത് യഥാര്‍ഥ സൗദി അറേബ്യയല്ലെന്നും എംബിഎസ് പറഞ്ഞു. നിങ്ങളുടെ കൈയിലുള്ള സ്മാര്‍ട്ട്ഫോണില്‍ ഗൂഗിളില്‍ പരതിയാല്‍ അറുപതുകളിലെയും എഴുപതുകളിലെയും സൗദി അറേബ്യയെ കാണാനാവും. 1979-നുശേഷമാണ് ഇത്രയും മൗലികവാദം സൗദിയെ പിടികൂടിയത്. താനുള്‍പ്പെടെയുള്ള തലമുറ അതിന്റെ ഇരകളാണെന്നും സിബിഎസ് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ കിരീടാവകാശി പറഞ്ഞു. സൗദി അറേബ്യയിലെ വനിതകള്‍ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും ശരീരം മുഴുവന്‍ മൂടുന്ന നീളന്‍ കുപ്പായമായ അബായ (പര്‍ദ) ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നും സല്‍മാന്‍ രാജകുമാരന്‍ വിശദീകരിക്കുന്നു. ‘മാന്യവും സഭ്യവുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ശരീഅത്ത് നിയമം അനുശാസിക്കുന്നത്. അത് അബായ ആകണമെന്ന് ഒരിടത്തും നിര്‍ദ്ദേശിക്കുന്നില്ല. മാന്യമായ വസ്ത്രം എതാണെങ്കിലും, അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കു നല്‍കുകയാണു വേണ്ടത്.’ അദ്ദേഹം വ്യക്തമാക്കി. പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്നും എല്ലാ രംഗങ്ങളിലും സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കിരീടാവകാശി പറഞ്ഞു.

മതമൗലികവാദികളായ നേതൃത്വമാണ് പുരുഷനെയും സ്ത്രീയെയും വേര്‍തിരിച്ച് കണ്ടിരുന്നതെന്ന് എംബിഎസ് പറയുന്നു. സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കാണുന്നതിലും ഒരുമിച്ച് ജോലി ചെയ്യുന്നതിലുമൊക്കെ വിലക്കിയത് അവരാണ്. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ പലതും പ്രവാചകന്റെ കാലത്തേതിന് വിരുദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മനുഷ്യന്മാരാണ്. പരസ്പരം ആര്‍ക്കും ഒരു വ്യത്യാസവുമില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മുഖാമുഖത്തില്‍ അഭിപ്രായപ്പെട്ടു. സൗദിയുടെ കിരീടാവകാശിയെന്ന നിലയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം വൈറ്റ്ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു. അന്ന് അദ്ദേഹം കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. നേരത്തെ, അദ്ദേഹം ഈജിപ്തിലും ബ്രിട്ടനിലും സന്ദര്‍ശനം നടത്തിയിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar