കൊലപ്പെടുത്തുന്നതിനു മുൻപ് തന്നെ ആ എട്ടു വയസ്സുകാരിയുടെ ശരീരം നിശ്ചലമായിരുന്നു.

ജമ്മു/ന്യൂഡൽഹി : കൊലപ്പെടുത്തുന്നതിനു മുൻപ് തന്നെ ആ എട്ടു വയസ്സുകാരിയുടെ ശരീരം നിശ്ചലമായിരുന്നു. ഒന്നു ചുണ്ടനക്കാൻ പോലും സാധിക്കാത്തവണ്ണം ആ കുഞ്ഞിനെ നിശബ്ദയാക്കിയ കൊടുംക്രൂരതയുടെ തെളിവുകളാണ് പുറത്ത് വന്നത്. കഠുവ പീഡനക്കേസിൽ കൊല്ലപ്പെട്ട പെൺകുട്ടി ലഹരി വസ്തുക്കളും മരുന്നുകളും നൽകിയതിനെത്തുടർന്ന് കോമയിലായിരുന്നെന്നാണ് ഫൊറൻസിക് റിപ്പോർട്ട്.
കഞ്ചാവിനു പകരം പ്രാദേശികമായി ഉപയോഗിക്കുന്ന മന്നാർ എന്ന ലഹരിവസ്തുവും മാനസികരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എപിട്രിൽ 0.5 എം ജി എന്ന ടാബ്ലെറ്റുകളുമാണ് ബോധം കെടുത്താനായി നൽകിയത്. ക്രൈം ബ്രാഞ്ചിന് ലഭിച്ച മെഡിക്കൽ വിശദീകരണമനുസരിച്ച് എട്ടു വയസ്സുകാരിക്ക് നൽകിയ ഗുളികകളായിരിക്കാം കുഞ്ഞിനെ കോമയിലേക്ക് തള്ളി വിട്ടതെന്ന് പറയുന്നു. ഒഴിഞ്ഞ വയറുള്ള ഒരു എട്ടു വയസ്സുകാരിക്ക് ഇത്തരം വസ്തുക്കൾ നൽകിയാൽ അതിന്‍റെ ഫലം എന്തായിരിക്കുമെന്ന് ക്രൈം ബ്രാഞ്ച് മെഡിക്കൽ സംഘത്തിനോട് ആരാഞ്ഞു.
ഇതിനായി പെൺകുട്ടിയുടെ ആന്തരികാവയവം പരിശോധനയ്ക്ക് അയച്ചിരുന്നു. അതിനു ലഭിച്ച മറുപടിയിലാണു കോമയിലേക്കോ അല്ലെങ്കിൽ അനങ്ങാൻ പോലും സാധിക്കാത്ത വിധം മരവിച്ച (ഷോക്ക്) അവസ്ഥയിലേക്കോ തള്ളിവിടും വിധം സ്വാധീനമാണ് അത്തരം വസ്തുക്കൾ ഒരു കുട്ടിയുടെ ശരീരത്തിലുണ്ടാക്കുകയെന്ന മെഡിക്കൽ വിദഗ്ധരുടെ മറുപടി ലഭിച്ചത്. ക്രൂരമായ പീഡനത്തിനിരയായിട്ടും പെൺകുട്ടി കരഞ്ഞു ബഹളമുണ്ടാക്കിയില്ലെന്ന വാദം പ്രതികളും സമൂഹമാധ്യമങ്ങളിലൂടെ മറ്റ്ചിലരും ഉയർത്തിയിരുന്നു. ഈ ചോദ്യം കോടതിയിലും വരുമെന്നറിയാവുന്ന അന്വേഷണസംഘമാണ് പഴുതടച്ച മെഡിക്കൽ പരിശോധനയിലൂടെ ഉത്തരവുമായെത്തിയിരിക്കുന്നത്.
0 Comments