ഡാൽമിയ ഗ്രൂപ്പ്, ചെങ്കോട്ടയുടെ അവകാശം സ്വന്തമാക്കി.

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യ പുലരിയിലേക്ക് ചുവടുവച്ചതടക്കം അനേകം ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ച, ഡൽഹിയിലെ ചെങ്കോട്ടയുടെ പരിപാലനം കോർപ്പറേറ്റ് കമ്പനിക്ക് കൈമാറി കേന്ദ്രസർക്കാർ. അടുത്ത അഞ്ചു വർഷത്തേക്ക് രാജ്യത്തെ പ്രമുഖ ചരിത്ര സ്മാരകങ്ങളിലൊന്നായ ചെങ്കോട്ടയുടെ പരിപാലനം കോർപ്പറേറ്റ് കമ്പനിയായ ഡാൽമിയയ്ക്കാണ് കൈമാറിയത്. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു ചരിത്ര സ്മാരകത്തിന്‍റെ സംരക്ഷണം സ്വകാര്യ കമ്പനിക്ക് നൽകുന്നത്.
ചരിത്ര സ്മാരകങ്ങളെ ഏറ്റെടുക്കുന്ന അഡോപ്റ്റ് എ ഹെറിറ്റേജ് സൈറ്റ് പദ്ധതി പ്രകാരമാണ് എട്ട് ദശാബ്ദത്തോളം വ്യവസായ പാരമ്പര്യമുള്ള ഡാൽമിയ ഗ്രൂപ്പ്, ചെങ്കോട്ടയുടെ അവകാശം സ്വന്തമാക്കിയത്. ഇൻഡിഗോ എയർലൈൻസ്, ജി.എം.ആർ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളെ പിൻതള്ളിയാണ് കരാർ നേടിയെടുത്തത്. 25 കോടി രൂപയ്ക്കാണ് ചെങ്കോട്ടയുടെ പരിപാലനം ഡാൽമിയ ഗ്രൂപ്പ് ഏറ്റെടുത്തത്. ഇതോടെ അടുത്ത അഞ്ചു വർഷത്തെ ചെങ്കോട്ടയുടെ വികസന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തവും ഡാൽമിയ ഗ്രൂപ്പിനു ആയിരിക്കും.
ചെങ്കോട്ടയിൽ കുടിവെള്ള കിയോസ്കുൾ, തടി ബെഞ്ചുകൾ എന്നിവ അടുത്ത ആറു മാസത്തിനകം സ്ഥാപിക്കും. തുടർന്നു ശൗചാലയങ്ങളുടെ വികസനം, വഴി വിളക്കുകൾ, നടപ്പാതകൾ, സൗന്ദര്യവത്കരണം, 3 ഡി തിയേറ്റർ, വാഹനങ്ങളുടെ പാർക്കിങ്, സന്ദർശകർക്കായി വിശ്രമ കേന്ദ്രം, കോഫി ഷോപ്പ് തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഡാൽമിയ ഗ്രൂപ്പ് പൂർത്തിയാക്കണം.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ടൂറിസം, സാംസ്കാരിക മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചാൽ ചെങ്കോട്ടയിലേക്കുള്ള സന്ദർശകരുടെ പ്രവേശനത്തിന് പണം ഈടാക്കാം. ഈ പണം ചെങ്കോട്ടയുടെ പുനർനിർമാണത്തിനും അറ്റകുറ്റപണികൾക്കും വേണ്ടി ഉപയോഗിക്കണം എന്നാണ് വ്യവസ്ഥ. അതേസമയം, കേന്ദ്രത്തിന്‍റെ ഈ തീരുമാനത്തിന് എതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. അടുത്തതായി കൈമാറുന്നത് പാർലമെന്‍റോ സുപ്രീംകോടതിയോ ആണോയെന്നും വേറെ ഏതൊക്കെ ചരിത്ര സ്മാരകമാണ് കേന്ദ്രസർക്കാർ സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതെന്ന് അറിയാൻ താത്പര്യമുണ്ടെന്നും കോൺഗ്രസ് ട്വിറ്ററിലൂടെ ചോദിച്ചു.
0 Comments