ഡെയർ ഡെവിൾസിന് ഇന്ന് ഐപിഎൽ മത്സരം.

ന്യൂഡൽഹി: ക്രിസ് ഗെയ്ൽ ശക്തിസ്രോതസായി നിൽക്കുന്ന കിങ്സ് ഇലവൻ പഞ്ചാബിനെതിരേ ഡൽഹി ഡെയർ ഡെവിൾസിന് ഇന്ന് ഐപിഎൽ മത്സരം. തോൽവികളിൽ നിന്നു തിരിച്ചുവരണം ഡൽഹി ടീമിന്. അതിനു സ്വന്തം മണ്ണിലെ മത്സരം ഉപകരിക്കുമെന്ന പ്രതീക്ഷയാണവർക്ക്.
കഴിഞ്ഞ ചില സീസണുകളിൽ തീരെ ആകർഷകമായില്ല ഡെയർ ഡെവിൾസ് പ്രകടനങ്ങൾ. കഴിഞ്ഞ രണ്ടു സീസണിലും ആറാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. ഈ എഡിഷനിലും പതറിച്ച തന്നെ. അഞ്ചു മത്സരങ്ങളിൽ നാലു തിരിച്ചടികൾ. ശനിയാഴ്ച രാത്രി ഡിവില്ലിയേഴ്സിന്റെ പ്രഹരമേറ്റു തളർന്നു വീണ ഡൽഹി ടീമിന് ഫിറോസ് ഷാ കോട്ലയിൽ ഉണർന്നെഴുന്നേൽക്കണം. സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളുമായി നെഞ്ചുയർത്തി നിൽക്കുന്ന ക്രിസ് ഗെയ്ൽ ഡെയർ ഡെവിൾസിനെ ഭീഷണിപ്പെടുത്തുന്നു. ഗെയ്ലിന്റെ മികവിലാണ് പഞ്ചാബ് ടീം ഇപ്പോൾ പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്; നാലു വിജയവും ഒരു തോൽവിയുമായി.
ഇപ്പോഴത്തെ ഈ ഫോമിൽ വിജയം മാത്രമേ മോഹിക്കുന്നുള്ളൂ പഞ്ചാബ് ടീം. ഡൽഹിയുടെ മോശം അവസ്ഥ പരമാവധി മുതലെടുക്കാൻ അവർ ശ്രമിക്കും. ഡൽഹിയുടെ 175 റൺസ് വിജയലക്ഷ്യം കഴിഞ്ഞദിവസം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു രണ്ടോവർ ബാക്കിയിരിക്കെ മറികടന്നത് ഡെയർ ഡെവിൾസിന്റെ മോശം ടീം സെലക്ഷനെയാണു കാണിക്കുന്നത്. ഇത്തരം കോട്ടങ്ങൾ നികത്തേണ്ടിവരും ഇന്ന് സ്വന്തം ഗ്രൗണ്ടിൽ.
ഈ സീസണിലെ അവരുടെ മികച്ച ബാറ്റ്സ്മാൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തന്നെ. അഞ്ചു ഗെയിമിൽ നിന്ന് 223 റൺസ് നേടിയിട്ടുണ്ട് റിഷഭ്. നായകൻ ഗൗതം ഗംഭീർ ഫോമിലേക്കു തിരിച്ചെത്തേണ്ടിയിരിക്കുന്നു. ഗ്ലെൻ മാക്സ്വെൽ, ശ്രേയസ് അയ്യർ എന്നിവരുടെ ബാറ്റിങ്ങും പ്രധാനം. മുഹമ്മദ് ഷമി ഫോമിലല്ലാത്തും ഷബാസ് നദീം വേണ്ടപോലെ ലക്ഷ്യം കാണാത്തതും ഡൽഹിയുടെ ബൗളിങ്ങിനെ ബാധിക്കുന്നു. ട്രെന്റ് ബോൾട്ടിന് മാന്യമായ പ്രകടനം കാഴ്ചവയ്ക്കാനാവുന്നുണ്ട്.
0 Comments