മതേതര നേതാക്കളുടെ വാക്കുകള്‍ തമസ്‌കരിക്കപ്പെടുന്നു;ബിജെപി തിരുത്തല്‍ നടത്തണം: കേന്ദ്രമന്ത്രി

പട്‌ന: ബിജെപിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. ബിജെപിയിലെ മതേതര നേതാക്കളുടെ വാക്കുകള്‍ തമസ്‌കരിക്കപ്പെടുകയും മറ്റ് ചിലരുടെ വാക്കുകള്‍ക്ക് പ്രാധാന്യം കിട്ടുകയും ചെയ്യുന്നതായി രാംവിലാസ് പാസ്വാന്‍ കുറ്റപ്പെടുത്തി. യുപി ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ഒരു മുന്നറിയിപ്പാണ്. എന്‍ഡിഎ നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും ബി.ജെ.പി തിരുത്തല്‍ നടത്തേണ്ടതുണ്ടെന്നും ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ പാസ്വാന്‍ ആവശ്യപ്പെട്ടു.ബിഹാറിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ അത്ഭുതമൊന്നുമില്ല. സിറ്റിങ് സീറ്റുകള്‍ അതാത് പാര്‍ട്ടികള്‍ തന്നെ നിലനിര്‍ത്തി. എന്നാല്‍ അയല്‍സംസ്ഥാനമായ യു.പിയിലെ ഫലം ഞെട്ടിച്ചു. ജനപ്രിയ സര്‍ക്കാര്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിച്ചിട്ടും അവിടെ രണ്ട് ലോക്‌സഭാ സീറ്റുകളും നഷ്ടപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളോടും ദലിതരോടുമുള്ള ബിജെപിയുടെ സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് പാസ്വാന്‍ പറഞ്ഞു. ദലിതരുടെയും ബ്രാഹ്മണരുടെയും മുസ്‌ലിങ്ങളുടെയും പിന്തുണയോടെ കോണ്‍ഗ്രസ് ദീര്‍ഘകാലം അധികാരത്തില്‍ തുടര്‍ന്നത് എങ്ങനെയാണെന്ന് ബിജെപി മനസ്സിലാക്കണമെന്ന് പാസ്വാന്‍ ആവശ്യപ്പെട്ടു.
തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിടുകയും കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപിക്കെിരെ വിമര്‍ശനവുമായി പാസ്വാന്‍ രംഗത്തെത്തിയിരിക്കുന്നത്.
0 Comments